'ആ കുടുംബവുമായി കണക്ഷൻ ഇല്ലാതിരിക്കുകയാണ് നല്ലതെന്ന് തോന്നുന്നു, അതിനുശേഷം കുറേനാൾ ഞാൻ ഡിപ്രസ്ഡായിരുന്നു'
സംഗീത പ്രേമികൾക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ സാധിക്കാത്തൊരു മരണമാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റേത്. വയലിൻ എന്നാൽ മലയാളികൾക്ക് ബാലഭാസ്കർ എന്നൊരു നിർവചനം കൂടിയുണ്ട്. കാരണം വയലിനൊപ്പമില്ലാതെ ബാലഭാസ്കറിനെ സംഗീതപ്രേമികൾ എവിടെയും കണ്ടിട്ടുണ്ടാവില്ല. അവസാനയാത്രയിലും അതേ വയലിൻ നെഞ്ചോട് അടക്കിപിടിച്ചിരുന്നു. ആറ് വർഷമാകുന്നു ബാലഭാസ്കർ ഓർമ്മയായിട്ട്. ഇപ്പോഴും ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകൾ മാറിയിട്ടില്ല.
മകളുടെ പേരിലുള്ള വഴിപാടുകൾക്കായി തൃശൂർക്കുപോയ കുടുംബം ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ബാലഭാസ്കറും മകളും മുൻസീറ്റിലായിരുന്നു. മകൾ അപകടസ്ഥലത്ത് തന്നെ മരിച്ചു. ബാലഭാസ്കറിനെ ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഫലമുണ്ടായില്ല.

പ്രാർത്ഥനകൾ വിഫലമാക്കി ബാലഭാസ്കറും മകളുടെ അടുത്തേക്ക് പോയി. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്കും ഗുരുതര പരിക്കുകളുണ്ടായിരുന്നു. ഭർത്താവിന്റെയും മകളുടെയും മരണശേഷം ലക്ഷ്മി ഇന്നേവരെ പുറംലോകത്തേക്ക് വന്നിട്ടില്ല. ബാലഭാസ്കറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസ്സിയാണ് ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് താരപത്നി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയങ്ങളിൽ വിവരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നത്.
ഇപ്പോഴിതാ ബാലഭാസ്കറിനെയും ലക്ഷ്മിയേയും കുറിച്ച് ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സ്റ്റീഫൻ ദേവസ്സി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ബാലഭാസ്കറിന്റെ കുടുംബവുമായി കണക്ഷൻ ഇല്ലെന്നാണ് സ്റ്റീഫൻ പറഞ്ഞത്.
ബാലഭാസ്കാർ പോയതിന്റെ വിഷമം എനിക്ക് മാറിയിട്ടില്ല. ഇപ്പോഴും വിഷമമുണ്ട്. അപകടവും മരണവും നടന്നശേഷം ഞാൻ ഡിപ്രസ്ഡായിരുന്നു കുറേനാൾ. എന്നും അവനെ പറ്റി ഞാൻ ആലോചിക്കും. മുറിച്ച് കളയാൻ പറ്റാത്തൊരു ബന്ധമാണത്. ഞങ്ങൾ തമ്മിൽ അപാരമായ അടുപ്പമൊന്നുമില്ല. മ്യൂസിക്കാണ് അടുപ്പിച്ചത്. കലാകാരന്മാർക്ക് അങ്ങനൊരു കുഴപ്പമുണ്ട്.
അദ്ദേഹത്തിന്റെ കുടുംബവുമായി കണക്ഷൻ ഇല്ലാതിരിക്കുകയാണ് നല്ലതെന്ന് തോന്നുന്നു. അവർ തിരികെ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങളെയൊക്കെ കാണുമ്പോൾ വിഷമം വന്നാലോയെന്ന് കരുതി മനപൂർവം ഞങ്ങൾ ആരും കോൺടാക്റ്റ് ചെയ്യാറില്ല. അവർക്കും താൽപര്യമില്ലെന്ന് തോന്നുന്നു എന്നാണ് സ്റ്റീഫൻ ദേവസ്സി പറഞ്ഞത്.
ബാലഭാസ്കറിന്റെ അടുത്ത ചങ്ങാതിയായിരുന്നു സ്റ്റീഫൻ ദേവസ്സി. സ്റ്റീഫൻ കീബോർഡിലും ബാലു വയലിനിലും ഒരുമിച്ചപ്പോഴൊക്കെ അത് ആസ്വാദകർക്ക് ഹൃദ്യാനുഭവമായിരുന്നു നൽകിയിരുന്നത്.

ഇരുവരും നിരവധി വേദികളിൽ ഒരുമിച്ച് സംഗീത വിസ്മയം തീർത്തിട്ടുണ്ട്. ബാലഭാസ്കറിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോഴും സ്റ്റീഫൻ സംഗീതാർച്ചന നടത്തിയിരുന്നു. ബാലഭാസ്‌കർ വെന്റിലേറ്ററില്‍ അതീവഗുരുതരാവസ്ഥയില്‍ കിടക്കുന്ന സമയത്തും സ്റ്റീഫൻ കയറി കണ്ട് സംസാരിച്ചിരുന്നു.
അതേ കുറിച്ച് മുമ്പൊരിക്കൽ സ്റ്റീഫൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. മനസിലായോ എന്ന ചോദ്യത്തോടെയാണ് ഞാന്‍ ബാലുവിനടുത്തേക്ക് ചെന്നത്. ഇത്തരമൊരു അവസ്ഥയിലും അവനെന്നെ തിരിച്ചറിഞ്ഞുവെന്ന സന്തോഷം മനസിന് ആശ്വാസം നല്‍കി.
കണ്ടുപോരാനുള്ള അനുവാദം മാത്രമാണ് ഡോക്ടര്‍മാര്‍ നല്‍കിയതെങ്കിലും സംസാരം ബാലുവില്‍ പുരോഗതി ഉണ്ടാക്കുന്നുവെന്ന വിശ്വാസത്തില്‍ 45 മിനിറ്റോളം സംസാരം തുടരാന്‍ അവര്‍ അനുവദിച്ചു. ഒന്നിച്ചവതരിപ്പിക്കേണ്ട സ്റ്റേജ് പരിപാടികളെക്കുറിച്ച് ബാലുവുമായി ഒരുപാട് സംസാരിച്ചു. അതുവരെ നിറഞ്ഞുനിന്ന എന്റെ സങ്കടങ്ങളെ മുഴുവന്‍ തുടച്ചുനീക്കാനുള്ള ശക്തി അവന്റെ ആ പ്രതികരണത്തിനുണ്ടായിരുന്നു എന്നാണ് സ്റ്റീഫൻ പറഞ്ഞത്.
മരിക്കുമ്പോൾ നാൽപ്പത്തിയൊന്ന് വയസ് മാത്രമായിരുന്നു ബാലഭാസ്കറിന്റെ പ്രായം. ബാലഭാസ്കറിന്റേയും ലക്ഷ്മിയുടേയും പ്രണയ വിവാഹമായിരുന്നു. ഇരുപത്തിരണ്ടാം വയസിൽ വീട്ടുകാരുടെ എതിർപ്പുകളുടെ അവഗണിച്ചാണ് ലക്ഷ്മിയെ ബാലഭാസ്കർ വിവാഹം ചെയ്തത്. കോളജ് കാലത്താണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും.
പതിനേഴാം വയസില്‍ തന്നെ സിനിമ ബാലഭാസ്‍കറിലേക്ക് എത്തിയിരുന്നു. പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് മംഗല്യപ്പല്ലക്ക് എന്ന സിനിമയ്‌ക്കായി ബാലഭാസ്‍കർ സംഗീതം ഒരുക്കിയത്.


Click it and Unblock the Notifications











