നമ്മള്‍ കാലം തെറ്റി സിനിമയില്‍ വന്നവരാണെന്ന് അദ്ദേഹം പറയും, ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ കുറിച്ച് സുബലക്ഷ്മി
മലയാള സിനിമയ്ക്ക് നീണ്ടുമൊരു വിയോഗം സംഭവിച്ചതിന്റെ വേദനയിലാണ്. നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. കൊവിഡ് ബാധിച്ച് ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഒടുവില്‍ ജനുവരി 20 ന് വൈകുന്നേരം ആറു മണിയോടെയാണ് താരം അന്തരിച്ചത്. 97 വയസായിരുന്നു.
മലയാള സിനിമയുടെ മുത്തശ്ഛനായി അറിയപ്പെടുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 76-ാം വയസിലാണ് വെള്ളിത്തിരയിലെത്തുന്നത്. 1996ല്‍ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്. കല്യാണ രാമനിലെ മുത്തച്ഛന്‍ കഥാപാത്രമാണ് ഏറെയും ജനപ്രീതി നേടി കൊടുത്തത്. കല്യാണരാമനിലെ മുത്തശ്ശിയായ സുബലക്ഷ്മിയ്‌ക്കൊപ്പം നിരവധി വേഷം ചെയ്തു. ഇപ്പോഴിതാ സഹതാരത്തെ കുറിച്ച് മനസ് തുറക്കുകയാണ് സുബലക്ഷ്മി.

'എന്താണ് പറയേണ്ടതെന്ന് അറിയില്ല. വളരെ ദുഖകരമായ ഒരു വാര്‍ത്തയാണിത്. വളരെ നല്ലൊരു മനുഷ്യനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. എല്ലാവരോടും വളരെ നന്നായി പെരുമാറും. കല്യാണരാമനിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത് അദ്ദേഹത്തോടൊപ്പം. നമ്മള്‍ കാലം തെറ്റി സിനിമയില്‍ വന്നവരാണെന്നും കുറച്ച് നേരത്തേ വരണമായിരുന്നു എന്നും അദ്ദേഹം തമാശയായി പറയുമായിരുന്നു. വളരെ ചിട്ടയായ ജീവിതം നയിക്കുന്ന ഒരാളാണ്. സിനിമയ്ക്ക് പുറമേ സംഗീതത്തിലും കഥകളിയിലുമെല്ലാം അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നു.
Recommended Video
നല്ല പാണ്ഡിത്യമുള്ള വ്യക്തി കൂടിയായിരുന്നു. സിനിമയില്‍ അല്ലാതെ പരസ്യ ചിത്രങ്ങളിലും ഞങ്ങള്‍ ഒരുമിച്ചിട്ടുണ്ട്. മരണം ഒഴിവാക്കാനാവാത്തത് ആണല്ലോ. ജീവിച്ചിരിക്കുന്നേടത്തോളം കാലം അദ്ദേഹം സന്തോഷവാനായിരുന്നു. ആരോഗ്യവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ആദരാഞ്ജലികള്‍ നേര്‍ന്ന് പ്രാര്‍ഥിക്കുന്നു എന്നും സുബലക്ഷ്മി പറയുന്നു.


Click it and Unblock the Notifications