അന്ന് അവൻ കൊച്ചുകുട്ടിയല്ലേ; പൃഥിരാജിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സുബ്ബലക്ഷ്മി
മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ആയി മാറിയിരിക്കുകയാണ് നടൻ പൃഥിരാജ്. 40 കാരനായ നടൻ ഇതിനകം കരിയറിൽ നേടിയെടുത്ത ഖ്യാതികൾ നിരവധിയാണ്. ചെറിയ പ്രായത്തിലേ നായകനായി അഭിനയിച്ച പൃഥി ഇപ്പോഴും മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നായക നടനാണ്. റിയലിസ്റ്റിക് സിനിമകളുടെ വിളനിലമായി മാറിയ മലയാളത്തിൽ ഇന്ന് യുവനിരയിലെ ഏക സൂപ്പർ സ്റ്റാർ പൃഥിയാണെന്ന് ആരാധകർ പറയുന്നു.

ഒരു കാലത്ത് നിരന്തരം പരീക്ഷണ ചിത്രങ്ങളുടെ ഭാഗമായിരുന്നു പൃഥിരാജ്. രണം, 9, തുടങ്ങിയ ഇത്തരം സിനിമകളെല്ലാം പക്ഷെ ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. ഇപ്പോൾ കൂടുതലായും മാസ് മസാല സിനിമകൾക്കാണ് പൃഥിരാജ് കൈ കൊടുക്കുന്നത്. ഡ്രെെവിംഗ് ലൈസൻസ്, കടുവ, ജനഗണമന, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. ഇപ്പോഴിതാ പൃഥിരാജിനെപറ്റി സംസാരിച്ചിരിക്കുകയാണ് നടി സുബ്ബലക്ഷ്മി.

പൃഥിയുടെ ആദ്യ സിനിമ നന്ദനത്തിൽ നടയും ഒരു വേഷം ചെയ്തിരുന്നു. 'ക്ലാസ്മേറ്റിലുൾപ്പെടെ ഒന്ന് രണ്ട് സിനിമകളിൽ കൂടി ഞാനുണ്ടായിരുന്നു. പൃഥിരാജ് അന്ന് കൊച്ചു കുട്ടിയല്ലേ. സുബ്ബു അമ്മു എന്ന് വിളിക്കും. പെട്ടെന്ന് എനിക്കും ഒരുപാട് സിനിമകൾ കിട്ടി, അവനും ഒരുപാട് സിനിമകൾ കിട്ടി. പിന്നെ നമ്മൾ തമ്മിൽ നോക്കാറില്ല,' സുബ്ബലക്ഷ്മി പറഞ്ഞു.
ബോളിവുഡിൽ രൺബീർ കപൂറിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും സുബ്ബലക്ഷ്മി സംസാരിച്ചു. രൺബീർ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇത്രയും വലിയ ആക്ടർ ആണെന്ന് പിന്നെയാണ് അറിഞ്ഞത്.

'ഫ്ലെെറ്റിൽ കയറുമ്പോഴാണ് പറഞ്ഞത് ഇന്ന ആളാണെന്ന്. ഒന്നും അറിയാതെ ആണല്ലോ പോവുന്നതെന്ന് തോന്നി. പക്ഷെ അവിടെ പോയപ്പോൾ അങ്ങനെ ഒന്നുമില്ല. അയാൾ വളരെ നല്ല രീതിയിൽ എന്നോട് പെരുമാറി. വന്നപ്പോഴേ എന്റെ കാല് തൊട്ട് തൊഴുതു. സിനിമയിൽ എന്റെ വീട്ടിലെ കാറ് ചീത്തയായപ്പോൾ നന്നാക്കാൻ വന്ന മെക്കാനിക്ക് ആണ്'
'സിനിമ കഴിഞ്ഞ് ഞങ്ങൾ തിരിച്ചു വന്നു. എന്റെ 80ാം പിറന്നാളിന് ഞാനൊരു മെസേജ് അയച്ചിരുന്നു. അന്ന് രൺബീറും ഞാനും ഇരിക്കുന്ന ഒരു ഫോട്ടോ ലാമിനേറ്റ് ചെയ്ത് ഇവിടെ കാെടുത്തയച്ചു. അത് ഭയങ്കര സന്തോഷം ആയി'

'ശ്രീദേവിയുടെ കൂടെ പരസ്യവും ചെയ്തിട്ടുണ്ട്. അവരും ഇതേപോലെ തന്നെ എന്നോട് വലിയ കാര്യം ആയിരുന്നു. ഞാനാണെങ്കിൽ പേടിച്ചു. അമ്മ നീങ്ക റാെമ്പ പെരിയവങ്ക എന്ന് ശ്രീദേവി പറഞ്ഞു. എന്ത് വിധത്തിൽ എന്ന് ഞാൻ ചോദിച്ചു'
'നിങ്ങൾ ഒരു വലിയ കലാകാരി ആണെന്ന് പറഞ്ഞ് കാല് തൊട്ട് തൊഴുതിട്ട് പോയി. ഞാൻ ചോദിച്ചു ഒരു ഫോട്ടോ എടുക്കാൻ പറ്റുമോയെന്ന്. തീർച്ചയായും എന്ന് പറഞ്ഞു. രാത്രി 11 മണിവരെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞ് പാക്ക് അപ്പ് ആയി'

പോയി എന്ന് കരുതിയപ്പോൾ അവർ ഒരു ഫോട്ടോഗ്രാഫറെയും വിളിച്ച് വരുന്നു. നിങ്ങൾ ഫോട്ടോ വേണമെന്ന് പറഞ്ഞത് മറന്നു എന്ന് ശ്രീദേവി പറഞ്ഞെന്നും സുബ്ബലക്ഷ്മി ഓർത്തു. കല്യാണ രാമൻ എന്ന സിനിമയിലൂടെ ആണ് സുബ്ബലക്ഷ്മി കൂടുതൽ പ്രശസ്ത ആവുന്നത്. സിനിമയിലെ കോമഡി രംഗങ്ങൾ വലിയ ഹിറ്റ് ആയിരുന്നു.


Click it and Unblock the Notifications











