കൊറോണക്കാലത്ത് കല്യാണം കഴിക്ക് , അനിയന്റെ രസകരമായ ഉപദേശത്തെ കുറിച്ച് സുബി സുരേഷ്
മിമിക്രിയിലൂടെ മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാർ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു. കൃഷി, യൂട്യൂബ് ചാനൽ,ഷോകളുമായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിത വിവാഹജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് സുബി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനിയൻ എബി നൽകിയ രസകരമായ ഉപദേശത്തെ കുറിച്ച് നടി പറഞ്ഞത്.

അനിയന്‍ എബിയുടെ വിവാഹം അടുത്തിടെയായിരുന്നു. ഇപ്പോള്‍ അവന്‍ തമാശയ്ക്ക് പറയാറുണ്ട്, എടീ എന്റെ കല്യാണം നടന്നപ്പോള്‍ ഭയങ്കര ചെലവായിരുന്നു. നീ ഈ കൊറോണക്കാലത്ത് കല്യാണം കഴിക്ക്. വളരെ ലാഭമാണ്. അധികം ആഘോഷവും വേണ്ട, തിരക്കും കാണില്ല എന്ന്. എന്തായാലും ഞാന്‍ തല്‍ക്കാലം വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വരട്ടെ, നോക്കാം എന്നാണ് സുബി പറയുന്നത്.
കൊവിഡ് കാലത്തായിരുന്നു സുബി പുതിയ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. മികച്ച പ്രതികരണമാണ് യൂട്യൂബിന് ലഭിക്കുന്നത്. അമ്മയും സുഹൃത്തും നൽകിയ ധൈര്യത്തിലാണ് യൂട്യൂബ് ആരംഭിച്ചതെന്നും സുബി പറയുന്നു. ചാനല്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ ഫോക്കസ് ചെയ്യണ്ട എന്നാണ് തീരുമാനം. ട്രാവല്‍, ഫൂഡ്, ഫാഷന്‍, ഡയറ്റ്, ചാറ്റ്, ലൈഫ് എക്‌സ്പീരിയന്‍സ് തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ എന്റെ രീതിയില്‍ അവതരിപ്പിക്കാനാണ് പ്ലാന്‍- താരം പറയുന്നു. യൂട്യൂബ് ചാനൽ തുടങ്ങാൻ ഇടയായ സാഹചര്യത്തെ കുറിച്ചും സുബി വെളിപ്പെടുത്തിയിട്ടുണ്ട്.
Recommended Video
ലോക്ക് ഡൗണ്‍ കാലം വരെ എപ്പോഴും ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. പെട്ടെന്ന് അതില്‍ നിന്നൊക്കെ ഒരു നീണ്ട ഇടവേളയിലേക്കു പോയപ്പോള്‍ ആദ്യമൊക്കെ നല്ല രസമായിരുന്നു. മാനസികമായി ഒരു വെക്കേഷന്‍ മൂഡിലായിരുന്നു. പ്രത്യേകിച്ചും എനിക്ക് വീട്ടില്‍ ഇരിക്കാന്‍ വലിയ ഇഷ്ടമാണ്. പക്ഷേ, കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും ബോറടിക്കാന്‍ തുടങ്ങി. ഒപ്പം ആശങ്കകളും തോന്നിത്തുടങ്ങി. ഇനി എല്ലാം പഴയതു പോലെയാകുമോ എന്നൊക്കെ ചിന്തിച്ചിരിക്കുന്ന സമയത്താണ് എന്റെ ബന്ധുവായ പ്രശാന്ത് പരവൂരും എന്റെ അമ്മയും തമ്മില്‍ സംസാരിക്കുന്നതിനിടെ യൂട്യൂബ് ചാനല്‍ എന്ന ആശയം സജീവമായത്. പല പ്രശസ്തരുടെയും ചാനലുകള്‍ പ്രശാന്താണ് മാനേജ് ചെയ്യുന്നത്. അങ്ങനെ അവനും അമ്മയും തന്ന ധൈര്യത്തിലാണ് സുബി സുരേഷ് ഓഫീഷ്യല്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഒരു ദിവസം അവന്‍ ക്യാമറയും കൊണ്ട് വന്ന് എന്റെ ഒരു ഇന്റര്‍വ്യൂ പോലെ ആദ്യത്തെ ഭാഗം ചിത്രീകരിച്ചതോടെ സംഗതി ഉഷാര്‍. ഇപ്പോള്‍ ഒരു മാസത്തിനിടെ ഇതുപതോളം വിഡിയോസ് ഇട്ടു. നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വീട്ടുകാരും പ്രശാന്തും കട്ടയ്ക്ക് കൂടെ നില്‍ക്കുകയാണ്. നടി പറയുന്നു.


Click it and Unblock the Notifications