ഏറ്റവും കംഫർട്ടിബിളായ ആൺസുഹൃത്ത് ആ നടനായിരുന്നു; പറയാതെ മനസിലാക്കും; സുബി പറഞ്ഞത്
വിനോദ മേഖലയിൽ വലിയ ഞെട്ടലാണ് സുബു സുരേഷിന്റെ അപ്രതീക്ഷിത മരണമുണ്ടാക്കിയിരിക്കുന്നത്. കരൾ രോഗത്തിന്റെ ചികിത്സയിലിരിക്കെയാണ് നടിയുടെ മരണം. അവയവ മാറ്റ ശാസ്ത്രക്രിയ നടത്താനിരിക്കെയാണ് സുബിയുടെ വിയോഗം. അസുഖത്തെക്കുറിച്ച് ആരോടും സുബി അധികം സംസാരിച്ചിരുന്നില്ല.
അതിനാൽ സിനിമാ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർക്ക് സുബിയുടെ വിയോഗം ഞെട്ടലുണ്ടാക്കി. സിനിമാ ലോകത്ത് നിരവധി പേർ സുബിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. കോമഡി രംഗത്ത് ആദ്യ കാലത്ത് തിളങ്ങിയ അപൂർവം നടിമാരിലൊരാളാണ് സുബി സുരേഷ്.

കോമഡി രംഗത്തേക്ക് സ്ത്രീകൾ വരാൻ മടിച്ചിരുന്ന കാലത്ത് സ്റ്റേജ് ഷോകളിൽ സുബി ശ്രദ്ധ നേടി. സിനിമകളിൽ വലിയ അവസരങ്ങൾ സുബിക്ക് ലഭിച്ചിട്ടില്ല. സുബിയുടെ മരണ ശേഷം നിരവധി പേർ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്ത് കൊണ്ടാണ് അർഹമായ അംഗീകാരം സുബിക്ക് ലഭിക്കാഞ്ഞതെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായി.

അതേസമയം സിനിമകൾ ലഭിച്ചില്ലെന്നോർത്ത് സുബി ഒരിക്കലും ദുഃഖിച്ചിരുന്നിട്ടില്ല. മരണം വരെയും സുബിക്ക് പ്രിയം കോമഡി വേദികളോടായിരുന്നു. മുമ്പൊരിക്കൽ ഓപ്പറേഷന് ദിവസങ്ങൾക്ക് ശേഷം പോലും ഡോക്ടറുടെ നിർദ്ദേശം മറികടന്ന് ഷോയ്ക്കെത്തിയ കാര്യം സുബി തന്നെ സംസാരിച്ചിരുന്നു.
സിനിമകളുടെ പേരിൽ ഒരിക്കലും സ്റ്റേജ് ഷോകൾ വേണ്ടെന്ന് വെച്ചിട്ടില്ല. ഞാൻ ചത്തില്ലെങ്കിൽ പ്രോഗ്രാമിനെത്തിയിരിക്കുമെന്നാണ് മുമ്പൊരിക്കൽ സുബി വ്യക്തമാക്കിയത്.

കോമഡി രംഗത്ത് സ്ത്രീകൾ കുറവായതിനാൽ തന്നെ നടിക്ക് മിമിക്രി കലാരംഗത്ത് നിന്നും നിരവധി പുരുഷ സുഹൃത്തുക്കളുണ്ട്. മുമ്പൊരിക്കൽ തനിക്ക് ഏറ്റവും കംഫർട്ടബിളായ സഹപ്രവർത്തകനെക്കുറിച്ച് സുബി സംസാരിച്ചിരുന്നു, കൈരളി ടിവിയിൽ റിമി ടോമിക്കൊപ്പമുള്ള അഭിമുഖ പരിപാടിയിൽ വെച്ചായിരുന്നു ഇത്.
'സിനിമാലയിൽ എല്ലാവരും എനിക്ക് വളരെ കംഫർട്ടബിൾ ആണ്. എടുത്ത് പറയുകയാണെങ്കിൽ പിഷാരടി. നമ്മളൊരു കാര്യം പറയേണ്ട കാര്യമില്ല,' സുബി പറഞ്ഞതിങ്ങനെ. വാക്ക് തർക്കത്തിൽ നമുക്ക് ജയിക്കാൻ പറ്റാത്ത രണ്ട് പേരാണ് രമേഷ് പിഷാരടിയും ജയസൂര്യയുമെന്ന് അന്ന് റിമി ടോമി കൂട്ടിച്ചേർത്തു.

മരണ ശേഷം കുടുംബത്തിന് ലഭിക്കുന്ന ഇൻഷുറൻസ് തുകയെ പറ്റിയും റിമി ടോമി ഷോയിൽ സംസാരിച്ചു. മരണ ശേഷം പണം കുടുംബത്തിന് ലഭിക്കുന്നതിൽ തനിക്കൊരു താൽപര്യവുമില്ലെന്ന് റിമി അന്ന് തമാശയോടെ ഷോയിൽ പറഞ്ഞു.
എന്നാൽ തനിക്ക് ഇൻഷുറൻസുണ്ടെന്നും മരിച്ചാൽ വീട്ടുകാർക്ക് ഇച്ചിരിയൊരു പ്രയോജനം കിട്ടിക്കോട്ടെയെന്ന അഭിപ്രായക്കാരിയാണ് താനെന്ന് സുബി പറഞ്ഞു. മരിച്ചാൽ നമ്മളിതൊന്നും അറിയില്ലല്ലോ എന്ന് റിമി പറഞ്ഞപ്പോൾ മുകളിലിരുന്ന് എല്ലാം കാണാൻ പറ്റുമെന്ന് സുബി ചിരിച്ച് കൊണ്ട് പറഞ്ഞു.

താനൊരു ആർമി ഓഫീസറാവാനാണ് ആഗ്രഹിച്ചിരുന്നതെന്ന് നടി അന്ന് വ്യക്തമാക്കി. അഭിനയം സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. ആർമി ഓഫീസറാവാൻ വേണ്ടിയുള്ള അടുക്കും ചിട്ടയോടമുള്ള ജീവിതമായിരുന്നു.
അത് നടക്കാഞ്ഞതിൽ പത്ത് ശതമാനം വിഷമമുമുണ്ടെന്നും സുബി അന്ന് തുറന്ന് പറഞ്ഞു. ആ ജോലിയായിരുന്നെങ്കിൽ ഒരു അടിത്തറയിട്ട പോലെയാണ്. നാളത്തേക്ക് ചിന്തിക്കേണ്ട. നമ്മൾ തട്ടിപ്പോയാൽ പോലും വീട്ടുകാർക്ക് ഗുണമാണ്, സുബി പറഞ്ഞതിങ്ങനെ. സുബിയുടെ മരണത്തിൽ നിരവധി പേർ ഇതിനോടകം അനുശോചനമറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications