അമ്മ എവിടെ നിന്ന് ഈ പൈസയുണ്ടാക്കും? ഞാനും കിടന്ന് പോയില്ലേ? അവൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ കഴിഞ്ഞില്ല!
തനതായ ഹാസ്യശൈലി കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവളായിരുന്നു സുബി സുരേഷ്. അതുകൊണ്ട് തന്നെ പ്രിയ താരത്തിന്റെ അകാലത്തിലുള്ള വേർപാട് മലയാളി പ്രേക്ഷകർക്ക് ഇന്നും നീറുന്ന ഓർമയാണ്. സുബിയുടെ വേർപാട് സംഭവിച്ച് മൂന്ന് വർഷം പൂർത്തിയാകാൻ പോകുമ്പോൾ മകളുടെ അവസാന നിമിഷങ്ങളെ കുറിച്ച് അമ്മ അംബിക പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.
സമ്പാദ്യമെല്ലാം ചിലവഴിച്ച് സുബിയെ ചികിത്സിക്കാൻ ഒരുങ്ങുകയായിരുന്നു താനെന്നും പക്ഷെ എത്ര പരിശ്രമിച്ചിട്ടും മകളുടെ ജീവൻ തിരിച്ച് പിടിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും അമ്മ ഇടറുന്ന വാക്കുകളോടെ പറയുന്നു. കലാകാരിയാവണമെന്ന ഒരു താൽപര്യവും അവൾക്കുണ്ടായിരുന്നില്ല. ആർമി ഓഫീസറെ പോലെ എന്തെങ്കിലും ജോബായിരുന്നു അവൾക്ക് താൽപര്യം. സിനിമാലയിലേക്ക് ടിനി വിളിച്ചപ്പോൾ എന്റെ നിർബന്ധത്തിനാണ് അവൾ പോയത്.

അഭിനയിക്കാനുള്ള കഴിവ് അവൾക്കുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ഏത് രാജ്യത്ത് പോയാലും ഏത് ഡ്രസ് ഇടണമെന്ന് അവൾ എന്നോടാണ് ചോദിക്കുന്നത്. അങ്ങനൊരു മകൾ എനിക്ക് മാത്രമെയുണ്ടാവൂ എന്നാണ് ഞാൻ കരുതുന്നത് സുബിയുടെ അമ്മ പറഞ്ഞ് തുടങ്ങി. ഞാൻ ആശുപത്രിയിലുണ്ടായിരുന്നു. പക്ഷെ അവൾ മരിച്ചുവെന്ന് ആരും എന്നോട് പറഞ്ഞിരുന്നില്ല.
എന്നാൽ ഞങ്ങളുടെ ബന്ധുക്കൾ ഓരോരുത്തരായി വരുന്നുണ്ട്. എന്താ വന്നതെന്ന് ചോദിച്ചപ്പോൾ ഒരിടത്ത് പോകാൻ ഇറങ്ങിയപ്പോൾ അവളെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് അറിഞ്ഞതുകൊണ്ട് ഒന്ന് കണ്ടിട്ട് പോകാൻ വന്നതാണ് എന്നാണ് പറഞ്ഞത്. അവൾക്ക് ഭക്ഷണം കഴിക്കാൻ മടിയാണെന്നത് സത്യമാണ്. ഞാൻ കുറച്ച് ദിവസം ആശുപത്രിയിലായിരുന്നു. അതിനിടയിൽ അവൾ ജാർഖണ്ഡിൽ ഒരു പ്രോഗ്രാമിന് പോയി.
ആ യാത്ര അവൾ പോയില്ലായിരുന്നുവെങ്കിൽ എന്റെ മോൾ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ യാത്ര പോകും മുമ്പ് എന്നെ കാണാൻ അവൾ ആശുപത്രിയിൽ വന്നിരുന്നു. കണ്ണിന് മഞ്ഞ നിറം കണ്ടതുകൊണ്ട് ടെസ്റ്റ് ചെയ്യാനും ആ റിസൽട്ട് എനിക്ക് അയക്കാനും ഞാൻ അവളോട് പറഞ്ഞു. 4.8 ആയിരുന്നു ബിലുറൂബിൻ. 1.2 ഒക്കെയെ ഒരു മനുഷ്യ ശരീരത്തിൽ പാടുള്ളു. നമുക്ക് ആ ബോധമുണ്ട്. അവൾക്ക് അതില്ല.
ശേഷം അവൾ അടുത്തൊരു ആശുപത്രിയിൽ പോയി കാണിച്ചു. അവർ ഗ്ലൂക്കോസ് കയറ്റുകയും ഇഞ്ചക്ഷൻ നൽകുകയും കുറച്ച് മരുന്ന് നൽകുകയും എല്ലാം ചെയ്തു. നിനക്ക് ഒരു കുഴപ്പവുമില്ല... നീ ജാർഖണ്ഡ് പൊയ്ക്കോളൂവെന്ന് ഡോക്ടറും സുബിയോട് പറഞ്ഞു. ഫ്ലൈറ്റ് യാത്രയ്ക്കിടയിൽ എല്ലാം സുബി ക്ഷീണം കൊണ്ട് ഉറക്കം തന്നെയായിരുന്നുവത്രെ.

ഒപ്പം ഉണ്ടായിരുന്നവർ എന്നെ വിളിച്ച് പറഞ്ഞു. അവൾ തിരിച്ച് വന്നാൽ ഉടൻ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ഹോസ്പിറ്റൽ ഭാഗം അടക്കം തയ്യാറാക്കി ഞാൻ. അഡ്മിറ്റാക്കേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു. അവൾ വന്നയുടൻ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ എത്തിയയുടൻ അവൾക്ക് ശ്വാസം മുട്ടുണ്ടായി. ഉടനെ ഐസിയുവിൽ കയറ്റി. തുടർന്നുള്ള 25 ദിവസവും ഐസിയുവിൽ ആയിരുന്നു. കുറച്ച് അധികം പൈസ ചിലവായി. അത് അവൾ മനസിലാക്കി എന്നോട് ചോദിച്ചു... അമ്മ എവിടെ നിന്ന് ഈ പൈസയുണ്ടാക്കും? ഞാനും കിടന്ന് പോയില്ലേ? എന്നാണ് ചോദിച്ചത്.
എനിക്ക് പൈസയല്ല വലുത്... ഒരു വീട് നമുക്കുണ്ട്. അത് വിറ്റിട്ടാണെങ്കിലും ഞാൻ നിന്നെ ചികിത്സിക്കും. എനിക്ക് നിന്നെ തിരിച്ച് കിട്ടിയാൽ മതി വേറൊന്നും വേണ്ട. നീ ധൈര്യമായി ഇരിക്ക്. നിന്നെ ഞാൻ ഇവിടെ നിന്ന് കൊണ്ടുപോയിരിക്കും. പക്ഷെ അവളെ അവിടെ നിന്ന് രക്ഷിച്ച് കൊണ്ടുപോകാൻ എനിക്ക് പറ്റിയില്ല അംബിക പറഞ്ഞ് അവസാനിപ്പിച്ചു.
സുബിയെപ്പോലെ തന്നെ ഒരു കുഞ്ഞ് സുബി എന്റെ വീട്ടിലുണ്ട്. അവളുടെ അനിയന്റെ മകളാണ്. സുബി എവിടെയെന്ന് ചോദിച്ചാൽ സുബി ഉറങ്ങുകയാണ് ഉണർത്തരുതെന്ന് കുഞ്ഞ് പറയും അമ്മ അംബിക പറഞ്ഞു. അമ്മയായിരുന്നു സുബിയുടെ ലോകം. അമ്മ ചെയ്യാൻ പറഞ്ഞാൽ ഞാൻ ചെയ്യും. അമ്മ കുഴിയിൽ ചാടാൻ പറഞ്ഞാൽ ഞാൻ കുഴിയിൽ ചാടും. അമ്മ പറഞ്ഞാൽ ഞാൻ എല്ലാം കേൾക്കും. അമ്മയോട് ചോദിച്ചിട്ടേ എല്ലാം ചെയ്യാറുള്ളു.
ഏത് രാജ്യത്ത് ചെന്ന് ഇറങ്ങിയാലും സംഘാടകരോട് ഞാൻ പറയും അഡ്വാൻസ് തരുന്നതിന് മുമ്പ് എനിക്ക് ഒരു സിം തന്നേക്കണമെന്ന്. അമ്മയോട് എല്ലാ കാര്യങ്ങളും പറഞ്ഞ് അഭിപ്രായം ചോദിക്കണം. അതിനാണ് ഞാൻ സിം ചോദിക്കുന്നത് എന്നാണ് ഒരിക്കൽ അമ്മയെ കുറിച്ച് സംസാരിക്കവെ സുബി പറഞ്ഞത്.


Click it and Unblock the Notifications











