ആരെങ്കിലും വരുമ്പോൾ ഞാൻ ഓടി ഒളിക്കും... പേടിയാണ്, പ്രതീക്ഷകൾ അസ്തമിച്ചു, ഒരുപാട് പേർക്ക് പണം കൊടുക്കാനുണ്ട്!
ഒരു സർക്കാർ ഉത്പന്നം എന്ന സിനിമ പരാജയപ്പെട്ടതോടെ കടക്കെണിയിലായ നടൻ സുബീഷ് സുധി തന്റെ നിസ്സാഹായ അവസ്ഥ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ കുറിപ്പിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ തന്റെ നിലവില സാഹചര്യം വെളിപ്പെടുത്തുകയാണ് സുബീഷ്. പ്രതീക്ഷകൾ അസ്തമിച്ചുവെന്നും ഒരുപാട് പേർക്ക് പണം കൊടുക്കാനുണ്ടെന്നും സുബീഷ് നിറകണ്ണുകളോടെ പറയുന്നു.
പലതവണ ജീവനൊടുക്കാൻ ശ്രമം നടത്തിയതായും നടൻ വെളിപ്പെടുത്തിയിരുന്നു. സുബീഷിന്റെ വാക്കുകൾ ഇങ്ങനെയാണ്... 2024 മാർച്ച് എട്ടിനാണ് ഒരു സർക്കാർ ഉത്പന്നം സിനിമ റിലീസ് ചെയ്തത്. അതിനുശേഷം സിനിമയുടെ പേരിലെ ഭാരതം സെൻസർ ബോർഡ് കട്ട് ചെയ്തു. നല്ല റിവ്യു കിട്ടിയ സിനിമയായിരുന്നു. പിന്നെ എന്നെപ്പോലൊരു സാധാരണ മനുഷ്യൻ നായകനായതുകൊണ്ട് ആ സിനിമ കച്ചവടമായില്ല.

അതുപോലെ ആ സിനിമയുടെ കച്ചവടം നടക്കരുത‍് ഒടിടിയിൽ റിലീസ് ചെയ്യപ്പെടരുതെന്ന വാശി ചിലർക്ക് ഉണ്ടായിരുന്നു. ആ സിനിമ കച്ചവടമാക്കുന്നതിന് ബോംബെയിൽ പോയി ഞാൻ ആറേഴ് മാസം ചിലവഴിച്ചു. കുറേ ഏജന്റുമാർക്ക് പണം കൊടുത്തു. പക്ഷെ ഒന്നും നടന്നില്ല. പിന്നീട് ചെന്നൈയിൽ പോയി. അങ്ങനെ കുറേനാൾ ഞാൻ ഓട്ടത്തിലായിരുന്നു.
കടം തീർക്കാൻ വേണ്ടിയും പല പരിപാടികൾ ചെയ്തു. പക്ഷെ അതും നടന്നില്ല. അങ്ങനെ ഞാൻ കത്ത് എഴുതിവെച്ച് ആത്മഹത്യ ചെയ്യാമെന്ന് തീരുമാനിച്ചു. അതിനായി സുഹൃത്തിന് കത്ത് വരെ എഴുതി വെച്ചിരുന്നു. പക്ഷെ പോലീസ് എന്നെ പിടിച്ചു. തിരുവനന്തപുരത്ത് വെച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതിനുശേഷം പിന്നെ ഞാൻ വീണ്ടും എറണാകുളത്ത് വന്നു. എപ്പോഴും കടക്കാരുടെ വിളികളാണ്.
സിനിമയിൽ അഭിനയിക്കാനും ഒരു ശ്രമം നടത്തി. പക്ഷെ ആരും കോളെടുക്കാതെയായി. പലതും ചെയ്യാൻ നോക്കിയെങ്കിലും ഒന്നും വിജയം കണ്ടില്ല. അതോടെ എന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ഒരുപാട് പേർക്ക് പണം കൊടുക്കാനുണ്ട്. എന്നെ കാത്ത് എന്റെ മരുമോൻ എംബിഎ ചെയ്യാൻ വേണ്ടി പുറത്ത് പോകാനുള്ള ശ്രമത്തിലാണ്. ഞാനാണ് അവന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്.
എനിക്ക് കടം കയറിയതോടെ അവന്റെ പഠനം മുടങ്ങി. അതിനിടയിൽ ഒരു കേസ് വന്നു. അത് വാറണ്ടായി. എപ്പോൾ വേണമെങ്കിലും അറസ്റ്റുണ്ടാകും. എന്റെ സിനിമയ്ക്ക് ഫണ്ട് ചെയ്തവരും പ്രശ്നത്തിലാണ്. റീ റിലീസ് സിനിമയ്ക്ക് ഉണ്ടായാൽ അവസ്ഥ കുറച്ച മെച്ചപ്പെട്ടേക്കും. നല്ല സിനിമ എടുത്ത് വീണുപോയി കഴിഞ്ഞാൽ എന്നെ പോലെയുള്ളവർക്കൊപ്പം മലയാളികൾ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്.

പ്ലാനറ്റ് പിക്ചേഴ്സാണ് ഞങ്ങളുടെ സിനിമയുടെ ഡിസ്ട്രിബ്യൂഷൻ ചെയ്തത്. ആ സിനിമ കണ്ടാൽ ആരും മോശം പറയില്ല. അതുകൊണ്ടാണ് അവർ കടം മേടിച്ച് ഡിസ്ട്രിബ്യൂഷൻ നടത്തിയത്. പക്ഷെ റിലീസിന്റെ സമയത്ത് മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു തുടങ്ങിയവയും തിയേറ്ററുകളിൽ എത്തിയിരുന്നു. പോരാത്തതിന് എക്സാമും നോമ്പും.
ഇതെല്ലാം കൂടി വന്നതോടെ ഞങ്ങളുടെ സിനിമ ഒതുങ്ങിപ്പോയി. ഞങ്ങളുടെ ജീവിതം നശിച്ച് നാരായണകല്ലെടുക്കുന്ന അവസ്ഥയിലേക്ക് എത്തി. രണ്ട് വർഷമായുള്ള ഓട്ടമാണ്. ഭക്ഷണം പോലും ഞാൻ ഇപ്പോൾ കഴിക്കാറില്ല. എല്ലാവരും നിർബന്ധിക്കുമ്പോൾ എന്തെങ്കിലും കഴിക്കുമെന്ന് മാത്രം. അത്രയേറെ മോശം അവസ്ഥയിലാണ് ഞാൻ. ആരെങ്കിലും വരുമ്പോൾ ഞാൻ ഓടി ഒളിക്കും. പേടിയാണ്. എന്റെ അവസ്ഥ വാർത്തയായപ്പോൾ ഒരുപാട് പേർ വിളിച്ചു.
ലിജോ ചേട്ടൻ, മഞ്ജു പത്രോസ്, കുറേ അസിസ്റ്റന്റ് ഡയറക്ടേഴ്സ് തുടങ്ങി കുറേപ്പേർ വിളിച്ചു. വലിയ ആൾക്കാരൊന്നും വിളിച്ചില്ല. സംവിധായകൻ മുസ്തഫ വിളിച്ചു. ഈ സിനിമ റീ റിലീസ് ചെയ്യാൻ എല്ലാവരും എന്റെ കൂടെ നിൽക്കണം എന്നാണ് എനിക്ക് പറയാനുള്ളതെന്നും സുബീഷ് പറഞ്ഞു.


Click it and Unblock the Notifications


