'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
അടുത്തിടെയായി തൊടുന്ന സിനിമകളെല്ലാം വിജയമാക്കുന്ന നടനാണ് മമ്മൂട്ടി. എന്നാൽ മോഹൻലാലിന് ഏറെ നാളുകൾക്കുശേഷം വിജയം കിട്ടിയത് നേരിലൂടെയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയായിരുന്നുവെങ്കിലും വേണ്ടത്ര വിജയം സിനിമ നേടിയില്ല. സിനിമകൾ പരാജയപ്പെടുമ്പോൾ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് മോഹൻലാലിന് നേരെയുണ്ടാകാറ്.
പക്ഷെ അതൊന്നും അദ്ദേഹത്തെ തളർത്താറില്ലെന്ന് മാത്രമല്ല എല്ലാ വിമർശനങ്ങളും പരിഹാസവും പ്രതികരിക്കുക പോലും ചെയ്യാതെ സ്വീകരിക്കും. മോഹൻലാൽ എപ്പോഴും അങ്ങനെയാണെന്നും ഒന്നിനെ കുറിച്ചും ആലോചിച്ച് സങ്കടപ്പെടാറില്ലെന്നും പറയുകയാണ് ഇപ്പോൾ താരപത്നി സുചിത്ര മോഹൻലാൽ. അതേ സ്വഭാവം പ്രണവിനുമുണ്ടെന്നും സുചിത്ര പറയുന്നു.

മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുചിത്ര. ഭൂമികുലുങ്ങിയാലും മോഹൻലാൽ കുലുങ്ങില്ലെന്ന് പ്രിയദർശൻ പറയുന്നത് ശരിയാണെന്നും സുചിത്ര പറയുന്നു. 'സോഷ്യൽമീഡിയ കമന്റുകൾ കാണാറുണ്ട്. എനിക്ക് ഇഷ്ടമാകുന്ന ഒരു കാര്യം മറ്റൊരാൾക്ക് ഇഷ്ടമായി കൊള്ളണമെന്നില്ലല്ലോ അത്രയേയുള്ളു. അവർ അവരുടെ അഭിപ്രായം പറയുന്നുവെന്ന് കരുതിയാൽ മതി. അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.'
'ആളുകൾ ട്രോൾ ചെയ്യും. അത് നമ്മൾ എങ്ങനെ എടുക്കുന്നുവെന്ന് അനുസരിച്ചാണ് മറ്റുള്ള കാര്യങ്ങൾ ഇരിക്കുന്നത്. ചിലപ്പോൾ നമുക്ക് ഹേർട്ടാകും. ചിലപ്പോൾ നമ്മൾ അത് ചിരിച്ച് തള്ളും അത്രയേയുള്ളു. അവർക്ക് തോന്നുന്നതാണ് അവർ പറയുന്നത്. പിവിആർ ഇഷ്യുവൊക്കെ വന്നപ്പോൾ അപ്പു ഇതൊന്നും അറിയുന്നുപോലുമില്ല.'
'വിശാഖൊക്കെ ഇവിടെ ടെൻഷൻ അടിച്ച് ഇരിക്കുവാണ്. അപ്പു പക്ഷെ അതൊന്നും അറിയുന്നില്ല. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഒരാളെങ്കിലും മനസമാധാനത്തോടെ നടക്കട്ടെ. ചേട്ടനും അപ്പുവിനെ പോലെയാണ്. ഒരു സിനിമ മോശമായാൽ അതേ കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ട് നടക്കാറില്ല. ഭൂമികുലുങ്ങിയാലും മോഹൻലാൽ കുലുങ്ങില്ലെന്നത് ശരിയാണ്.'
'അന്ന് മരക്കാറിന്റെ ലൊക്കേഷനിൽ ഷൂട്ടിങ് സമയത്ത് അവരെല്ലാവരും ഒരു ടെന്റിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അവിടെ ഒരു പാമ്പ് വന്നു. എല്ലാവരും എണീറ്റ് ഓടി. എന്നാൽ ചേട്ടൻ മാത്രം കാല് കസേരയുടെ മുകളിൽ കയറ്റിവെച്ച് അവിടെ ഇരുന്നു. ആ ഒരു സ്വഭാവം തന്നെയായിരിക്കും അപ്പുവിനും കിട്ടിയത്. അപ്പുവും കാം ആൻഡ് കൂളാണ്. അതൊക്കെ അങ്ങനെ തന്നെയിരിക്കട്ടെ.'

'നെപ്പോട്ടിസത്തിന്റെ ബെനിഫിറ്റ്സ് മക്കൾക്ക് കിട്ടുന്നുണ്ടന്നുള്ളത് ശരിയാണ്. ഇവർക്ക് സിനിമയിലേക്ക് എത്താൻ വളരെ എളുപ്പമാണ്. ഞാൻ എല്ലാ സിനിമയും കാണുന്നയാളാണെന്നും', സുചിത്ര പറയുന്നു. പൊതുവെ അഭിമുഖങ്ങളിലൊന്നും പ്രത്യക്ഷപ്പെടാത്തയാളാണ് സുചിത്ര. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് സുചിത്രയുടെ ഒരു വീഡിയോ അഭിമുഖം എത്തുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ സിനിമയുടെ പ്രമോഷന് സജീവമായി സുചിത്രയുണ്ടായിരുന്നു. റിലീസിന് മുന്നോടിയായി തങ്ങൾക്ക് എല്ലാ സഹായവും ചെയ്ത് തന്നത് സുചിത്ര മോഹൻലാലാണെന്ന് വിനീത് ശ്രീനിവാസനും വിശാഖും പറഞ്ഞിരുന്നു. ഹൃദയത്തിനുശേഷം പ്രണവിന്റേതായി പുറത്തിറങ്ങിയ സിനിമ കൂടിയായിരുന്നു വർഷങ്ങൾക്കുശേഷം.
സിനിമ 50 കോടി ക്ലബില്‍ എത്തിയ വിവരം കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ ഹൃദയത്തിന്റെ ലൈഫ്‌ടൈം കലക്ഷനും കഴിഞ്ഞ ദിവസം മറികടന്നു. കല്യാണി പ്രിയദർശനായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്.


Click it and Unblock the Notifications