'മൂകാംബികയിൽ പോയപ്പോൾ സൂരജുമുണ്ടായിരുന്നു... പക്ഷെ പ്രചരിച്ചത് ഞങ്ങളുടെ കല്യാണം കഴിഞ്ഞുവെന്നാണ്'
ഇതുവരെ ബിഗ് ബോസ് മലയാളത്തിൽ ആറ് സീസണുകൾ പൂർത്തിയായി. അതിൽ ഏറ്റവും കൂടുതൽ കോളിളക്കങ്ങളുണ്ടായ ഒരു സീസണായിരുന്നു നാലാം സീസൺ. ഈ സീസണിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. ഓരോ സീസണിലും നിരവധി കോമ്പോകൾ ഉണ്ടാകാറുണ്ട്. അവയിൽ ചിലത് സീസൺ അവസാനിച്ചശേഷവും ശക്തമായി തുടരും. മറ്റ് ചിലത് ഷോ കഴിയുമ്പോൾ പൊട്ടി തകരും. ഹൗസിൽ അത്തരത്തിൽ സീസൺ ഫോറിൽ രൂപം കൊണ്ട ഒരു ട്രയോവാണ് സുചിത്ര, കുട്ടി അഖിൽ, സൂരജ് എന്നിവരുടെ ഫ്രണ്ട്ഷിപ്പ് കോമ്പോ.
സുഖിൽ എന്ന പേരിലാണ് ഈ ട്രയോ ബിബി പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. മാത്രമല്ല അഖിലും സുചിത്രയും പ്രണയത്തിലാണെന്ന തരത്തിൽ വരെ പ്രചരിച്ചിരുന്നു. ബിഗ് ബോസിനുശേഷം ഇപ്പോഴിതാ സുഖിൽ ട്രയോ തങ്ങളുടെ പുത്തൻ വിശേഷങ്ങൾ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കിട്ടിരിക്കുകയാണ്.

മൂന്ന് പേരും ബിഗ് ബോസിനുശേഷം സിനിമ, സീരിയൽ അഭിനയവും ഷോകളുമെല്ലാമായി തിരക്കിലാണ്. ബിഗ് ബോസിനുശേഷം സുചിത്രയ്ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ നായിക വേഷമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയിൽ രാജകുമാരിയുടെ വേഷമായിരുന്നു സുചിത്രയ്ക്ക്. സുചിത്രയെപ്പോലെ തന്നെ അഖിലിനും സൂരജിനും നിരവധി സിനിമാ അവസരങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ട്.
അതേസമയം ഇപ്പോഴിതാ മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്ര നടത്തിയതിന്റെ പേരിൽ വന്ന ഗോസിപ്പുകളിൽ എത്രത്തോളം സത്യമുണ്ടെന്നതും പുതിയ അഭിമുഖത്തിൽ സുചിത്രയും അഖിലും വിശദീകരിച്ചു. മൂകാംബികയിൽ പോയപ്പോൾ തങ്ങൾക്കൊപ്പം സൂരജുമുണ്ടായിരുന്നുവെന്നും പക്ഷെ പ്രചരിച്ചത് തങ്ങളുടെ കല്യാണം കഴിഞ്ഞുവെന്നാണെന്നും സുചിത്രയും അഖിലും പറയുന്നു.
ഞങ്ങൾ മൂകാംബികയിൽ പോയപ്പോൾ സൂരജും ഒപ്പമുണ്ടായിരുന്നു. പക്ഷെ ആരും ശ്രദ്ധിച്ചില്ല. എല്ലാവരും നോക്കിയത് ഞങ്ങളെ മാത്രമാണ്. ഷോ കഴിഞ്ഞശേഷം ഞങ്ങൾ മൂന്നുപേരും ഇന്റിവിജ്വൽ ഇന്റർവ്യു പോലും വലുതായി കൊടുത്തിട്ടില്ല. സിനിമ പ്രമോഷന്റെ ഭാഗമായി മാത്രമെ ബിഗ് ബോസിനുശേഷം ഇന്റർവ്യു കൊടുത്തിട്ടുള്ളു. ഇന്റിവിജ്വൽ ഇന്റർവ്യു അധികം കൊടുത്തിട്ടില്ല. ബിഗ് ബോസ് ഞങ്ങൾക്ക് മാറ്റി നിർത്താൻ പറ്റില്ല.
ഈ ഫ്രണ്ട്ഷിപ്പുണ്ടായത് ബിഗ് ബോസിലൂടെയാണ്. ഞങ്ങൾക്ക് പരസ്പരം ബിഗ് ബോസിൽ പോകും മുമ്പ് പരിചയമുണ്ട്. പക്ഷെ അധികം സൗഹൃദം ഉണ്ടായിരുന്നില്ല. സൗഹൃദം ശക്തമായത് ബിഗ് ബോസിലൂടെയാണ്. ഞങ്ങളെ സേഫ് ഗെയിമേഴ്സ് എന്നാണ് വിളിച്ചിരുന്നത്. വാഴകളെന്നും വിളിച്ചിരുന്നു.

ഹൗസിൽ ആയിരിക്കുമ്പോൾ തന്നെ ഞങ്ങൾ മൂന്ന് പേരും മൂകാംബിക യാത്ര പ്ലാൻ ചെയ്തിരുന്നു. സത്യസന്ധമായി പറഞ്ഞാൽ ഹൗസിനുള്ളിൽ വെച്ച് വൻ പ്ലാനിങ് നടത്തിയ ആരുടെ പ്ലാനും വർക്കൗട്ടായില്ല. ഞങ്ങളുടെ മൂകാംബിക യാത്ര പ്ലാൻ മാത്രമാണ് വിജയിച്ചത്. അവിടെ പോയപ്പോൾ ഞങ്ങൾ ഒരു ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തു. ആ ഫോട്ടോയിൽ സൂരജുമുണ്ടായിരുന്നു.
പക്ഷെ കഥകൾ പ്രചരിച്ചത് ഞങ്ങളുടെ കല്യാണം കഴിഞ്ഞുവെന്നത് മാത്രമാണ്. സൂരജിനെ ആരും മൈന്റ് ചെയ്തില്ല. ബിഗ് ബോസിനുശേഷം ഞങ്ങൾ അടിമോനെ ബസർ എന്നൊരു പരിപാടി മാത്രമാണ് ചെയ്തത്. ഞങ്ങൾ എവിടെ എങ്കിലും ഒരുമിച്ചൊന്ന് യാത്ര പോയാൽ ഉടൻ വാർത്ത വരും കല്യാണം കഴിഞ്ഞുവെന്ന തരത്തിൽ. തുടക്കത്തിൽ ഇത്തരം വാർത്തകൾ വരുന്നത് ഞങ്ങളെ വിഷമിപ്പിച്ചിരുന്നു.
പിന്നീട് അത് നെവർ മൈന്റ് രീതിയിൽ എടുത്ത് തുടങ്ങി. ഞങ്ങൾ മൂന്നുപേരും മാത്രമല്ല ധന്യ, ശാലിനി, ധന്യയുടെ ഭർത്താവ് ജോണും എല്ലാം ഉണ്ടാകാറുണ്ടെന്നും സുചിത്രയും അഖിലും പറയുന്നു. മന്ദാകിനിയാണ് അഖിലിന്റെ ഏറ്റവും പുതിയ റിലീസ്.


Click it and Unblock the Notifications