ഐശ്വര്യയെ വിവാഹം ചെയ്യരുതെന്ന് ഞാൻ പറഞ്ഞതാണ്, ആ എന്നോട് ഇങ്ങനെ ചെയ്തതിലാണ് വിഷമം; സുചിത്ര
വിവാദ പരാമർശങ്ങളുമായി തമിഴ് മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ് ഗായിക സുചിത്ര. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് നടൻ ധനുഷ്, മുൻ ഭർത്താവായ നടൻ കാർത്തിക് കുമാർ തുടങ്ങി ഒരു പറ്റം സിനിമാ താരങ്ങൾക്കെതിരെ ആരോപണവുമായി സുചിത്ര രംഗത്ത് വന്നത്. 2017 ൽ തന്റെ പേരിലുണ്ടായ സുചി ലീക്ക്സ് വിവാദത്തിന് പിന്നിൽ ധനുഷും സംഘവുമാണെന്ന് സുചിത്ര ആരോപിച്ചു. തന്റെ കരിയർ സുചി ലീക്ക്സ് ഇല്ലാതാക്കിയെന്നും സുചിത്ര ചൂണ്ടിക്കാട്ടി.
ഇപ്പോഴിതാ ധനുഷിനെക്കുറിച്ചുള്ള സുചിത്രയുടെ അഭിപ്രായത്തിൽ മാറ്റം വന്നിരിക്കുകയാണ്. ധനുഷ് തന്റെ അടുത്ത സുഹൃത്തായിരുന്നെന്നും ഇപ്പോൾ ധനുഷിനോട് തനിക്ക് ദേഷ്യമില്ലെന്നും ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ സുചിത്ര വ്യക്തമാക്കി. ധനുഷിനെ എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാറിനൊപ്പം കൂടിയതോടെയാണ് തനിക്ക് നീരസം വന്നത്. എനിക്ക് അനുജനെ പോലെയാണ് ധനുഷ്.

അന്ന് ഞാൻ പറഞ്ഞത് എന്റെ മനസിലെ ഭാരം ഇറക്കി വെക്കലായിരുന്നു. നല്ല സുഹൃത്തുക്കൾക്കിടയിൽ നടന്ന ചതിയായിരുന്നു. കാർത്തിക് കുമാറാണ് ഇതിലെ യഥാർത്ഥ വില്ലൻ. കാർത്തിക് കുമാറിനെ വിവാഹം ചെയ്യുന്നതിന് മുമ്പേ ധനുഷ് എന്റെ സുഹൃത്താണ്. എന്റെ അടുത്ത സുഹൃത്തുക്കളെയാണ് ഞാൻ കൂടുതലും വഴക്ക് പറഞ്ഞിട്ടുള്ളത്.
ധനുഷ് ഐശ്വര്യ രജിനികാന്തിനെ വിവാഹം ചെയ്യരുതെന്ന് പറഞ്ഞ ഒരേയൊരാൾ ഞാനാണ്. സുചീ, ഞാൻ ഐശുവിനെ വിവാഹം ചെയ്താലോ എന്ന് കരുതുന്നു. കാതൽ കൊണ്ടെയ്ൻ സിനിമ കണ്ട് എനിക്ക് ബൊക്ക അയച്ചിട്ടുണ്ടെന്ന് ധനുഷ് പറഞ്ഞു. നിനക്ക് വട്ടാണോ, ഇത് അമിതാഭ് ബച്ചൻ കാലങ്ങളായി ചെയ്യുന്നതാണ്. വളർന്ന് വരുന്ന നടൻമാർക്ക് അങ്ങനെ നൽകുമെന്ന് ഞാൻ മറുപടി നൽകി.

രജിനികാന്ത് അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഞാൻ നീ പറഞ്ഞത് സമ്മതിച്ചേനെ. പക്ഷെ അയച്ചിരിക്കുന്നത് ഐശുവാണെന്ന് ധനുഷ്. ഞാൻ ധനുഷിനെ ശകാരിച്ചു. കാതൽ കൊണ്ടെയ്നിലെ ദിവ്യ എന്ന കഥാപാത്രം പോലെയായിരുന്നു ഞാൻ. ആ എന്നോട് അവർ ഇങ്ങനെ ചെയ്തതിലാണ് തനിക്ക് വിഷമമമെന്നും സുചിത്ര പറയുന്നു.
ലഹരി ഉപയോഗിച്ച് ചെയ്ത് പോയതാണ്. (സുചി ലീക്ക്സ്) സ്വബോധത്തിൽ അങ്ങനെ ചെയ്യുന്ന ആളല്ല. ധനുഷിന്റെ സിനിമകൾ വിജയിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും സുചിത്ര പറയുന്നു. തന്റെ തുറന്ന് പറച്ചിൽ പത്ത് പേർ കേട്ടു എന്ന തൃപ്തിയുണ്ട്. അത് മതി. അതിൽ കൂടുതൽ തനിക്ക് ധനുഷിനോട് ദേഷ്യമില്ലെന്നും സുചിത്ര വ്യക്തമാക്കി. അതേസമയം നേരത്തെ ധനുഷിനെ കടുത്ത ഭാഷയിൽ സുചിത്ര കുറ്റപ്പെടുത്തിയിരുന്നു.
ധനുഷിന്റെ കുടുംബം തകർന്നത് തന്നോട് ചെയ്ത ദ്രോഹം കൊണ്ടാണെന്ന് വരെ സുചിത്ര പറഞ്ഞു. അതേസമയം സുചിത്രയ്ക്ക് മാനസികമായി ചില പ്രശ്നങ്ങളുണ്ടെന്ന വാദം ശക്തമാണ്. മുൻ ഭർത്താവ് കാർത്തിക് കുമാറുൾപ്പെടെ നേരത്തെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ സുചിത്ര ഇത് നിഷേധിക്കുന്നു. അടുത്തിടെ നടി റിമ കല്ലിങ്കലിനെതിരെയും സുചിത്ര വിവാദ പരാമർശം നടത്തുകയുണ്ടായി. റിമയുടെ വീട്ടിൽ ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്നായിരുന്നു ആരോപണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചർച്ചയായിരിക്കെയാണ് സുചിത്ര ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. പരാമർശം വലിയ തോതിൽ ചർച്ചയായി. ഇതോടെ സുചിത്രയ്ക്കെതിരെ നിയമപരമായി നീങ്ങുമെന്ന് റിമ കല്ലിങ്കൽ വ്യക്തമാക്കി. ആരോപണം നിഷേധിച്ച റിമ കല്ലിങ്കൽ സുചിത്രയോട് തനിക്ക് സഹതാപമാണ് തോന്നുന്നതെന്നും പറഞ്ഞു. അടുത്തിടെയായി സുചിത്രയുടെ അഭിമുഖങ്ങൾ തമിഴ് യൂട്യൂബ് ചാനലുകളിലൂടെ തുടരെ പുറത്ത് വരുന്നുണ്ട്.


Click it and Unblock the Notifications











