കല്യാണം കഴിക്കേണ്ടപ്പോൾ അവർ പറയും, ഞാൻ നിർബന്ധിക്കില്ല; ജീവിത കാലം മുഴുവൻ കേൾക്കേണ്ടി വരും; സുചിത്ര
മലയാള സിനിമയിലെ താരപുത്രൻമാരിൽ ഏറ്റവും വലിയ ഹൈപ്പ് കിട്ടിയത് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനാണ്. സിനിമയോട് കടുത്ത ആഗ്രഹമില്ലെങ്കിലും അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് എത്തി. തുടക്കത്തിൽ ചെയ്ത സിനിമകൾ പരാജയപ്പെട്ടെങ്കിലും പിന്നീട് വൻ ജനപ്രീതി നേടാൻ പ്രണവിന് കഴിഞ്ഞു. ഹൃദയം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രണവ് പ്രധാന വേഷം ചെയ്ത സിനിമയാണ് വർഷങ്ങൾക്ക് ശേഷം. സിനിമാ രംഗത്തെ മറ്റ് പല താരങ്ങളുടെ മക്കളിൽ നിന്നും വ്യത്യസ്തരാണ് പ്രണവും സഹോദരി മായ മോഹൻലാലും. ലൈം ലൈറ്റിലേക്ക് വരാൻ ഇവർ താൽപര്യപ്പെടുന്നില്ല.
പ്രണവിനെയും മായയെയും കുറിച്ച് സംസാരിക്കുകയാണ് അമ്മ സുചിത്ര മോഹൻലാൽ. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അവരെപ്പോൾ കല്യാണം കഴിക്കണം, ആരെ കല്യാണം കഴിക്കണം എന്നൊക്കെ അവർക്ക് വിട്ടു. എപ്പോഴും എല്ലാവർക്കും എപ്പോൾ കല്യാണം കഴിക്കും എന്ന ചോദ്യമാണ്. പക്ഷെ ഞാൻ അങ്ങനെ ചോദിക്കില്ല. നിങ്ങൾക്ക് സെറ്റിൽ ഡൗൺ ചെയ്യണമെന്ന് പറയുമ്പോൾ നിങ്ങൾ വന്ന് പറയൂ, എന്നാണ് പറയാറ്. അത് അവരുടെ തീരുമാനമാണ്.

നിങ്ങൾക്ക് ഇത്ര വയസായി, കല്യാണം കഴിച്ചേ പറ്റൂ എന്നൊക്കെ നമ്മൾ പറഞ്ഞ് ഞാൻ നിർബന്ധിച്ച് കല്യാണം കഴിപ്പ് എന്തെങ്കിലും കുഴപ്പം വന്നാലോയെന്നും സുചിത്ര ചോദിക്കുന്നു. ഇപ്പോൾ പറയാൻ പറ്റില്ല. ആ സമയത്തൊക്കെ നമ്മൾ കുറേ അഡ്ജസ്റ്റ് ചെയ്യും. ഇങ്ങോട്ടും അങ്ങോട്ടും. കല്യാണം കഴിച്ച് കഴിഞ്ഞ് രണ്ട് സൈഡിൽ നിന്നും അഡ്ജസ്റ്റമെന്റ് ഉണ്ടായേലെ വിവാഹം മുമ്പോട്ട് കൊണ്ട് പോകാൻ പറ്റൂ. പക്ഷെ ഇപ്പോഴത്തെ പിള്ളേരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇപ്പോഴത്തെ സാഹചര്യങ്ങളും മൈൻഡ് സെറ്റും വേറെയാണ്.
കുറേ പേർ കോംപ്രമെെസ് ചെയ്യില്ല. മറ്റു കുട്ടികളാണെങ്കിലും എന്റെ പിള്ളേരാണെങ്കിലും അവരുടെ മൈൻഡ് സെറ്റ് വേറെയാണ്. കല്യാണം കഴിക്കണമെന്ന് പറഞ്ഞ് നിർബന്ധിച്ച് നാളെ പ്രശ്നം വന്നാൽ ജീവിത കാലം മുഴുവൻ ഞാൻ കേൾക്കേണ്ടി വരും. ചേട്ടൻ ഷൂട്ടിംഗും മറ്റുമായി തിരക്കിലായിരിക്കും ഞാനാണ് കേൾക്കേണ്ടി വരിക. പിള്ളേർക്ക് ആ ഫ്രീഡം കൊടുത്തിട്ടുണ്ടെന്നും സുചിത്ര മോഹൻലാൽ വ്യക്തമാക്കി.

മകൾ മായക്ക് സിനിമാ രംഗത്ത് വരാൻ താൽപര്യമുണ്ടെന്നും സുചിത്ര പറയുന്നു. മകൾ എഴുതും. വരയക്കും. അപ്പു പറഞ്ഞിട്ടാണെന്ന് തോന്നുന്നു എല്ലാം ചേർത്ത് ബുക്ക് ഇറക്കിയത്. അവർ ഭയങ്കര ക്ലോസ് ആണ്. സിനിമയിൽ ട്രെെ ചെയ്യുമെന്ന് ഇടയ്ക്ക് അവൾ പറയും. വരുമോ ഇല്ലയോ എന്നെനിക്കറിയില്ല. തീരുമാനം എടുത്തിട്ടില്ല.
അപ്പു എന്തുകൊണ്ടാണ് തുടരെ സിനിമ ചെയ്യാത്തതതെന്ന് എല്ലാവരും ചോദിക്കും. അവന് ഒരുപാട് താൽപര്യങ്ങളുണ്ട്. സിനിമ ഇഷ്ടമില്ലാത്തത് കൊണ്ടല്ല. അവനൊരു നോവൽ എഴുതുന്നുണ്ട്. അത് പകുതിയോളം എഴുതിയിട്ടുണ്ടെന്ന് തോന്നുന്നു. അവന്റെ സുഹൃത്തുക്കളോടൊപ്പം മ്യൂസിക് ആൽബം ചെയ്യുന്നുണ്ട്. റോക്ക് ക്ലെെംബിംഗിന് പോകും. ട്രക്കിംഗിന് പോകും എല്ലാം ബാലൻസ് ചെയ്യുകയാണെന്നും സുചിത്ര മോഹൻലാൽ ചൂണ്ടിക്കാട്ടി. ഭർത്താവ് മോഹൻലാലിൽ ഇഷ്ടപ്പെട്ട കാര്യം കള്ളം പറയില്ല എന്നതാണ്. ദേഷ്യപ്പെടുന്ന ആളല്ലെന്നും സുചിത്ര വ്യക്തമാക്കി.


Click it and Unblock the Notifications