അപ്പുവിനെ പോലെ വിനീതിനെയും 'എടാ' എന്ന് വിളിക്കും, പക്ഷെ പിന്നെ ടെൻഷനായി: സുചിത്ര മോഹൻലാൽ പറയുന്നു
സുചിത്ര മോഹൻലാൽ മലയാള സിനിമ പ്രേക്ഷകർക്ക് പരിചിതമായ ഒരു മുഖമാണ്. സീനിയർ പ്രൊഡ്യൂസർ ബാലാജിയുടെ മകളും, സൂപ്പർതാരം മോഹൻലാലിന്റെ ഭാര്യയുമായ സുചിത്ര, അപൂർവ്വമായേ മാധ്യമങ്ങൾക്ക് മുന്നിൽ എത്താറുള്ളു. എന്നാൽ അങ്ങനെ എത്തുമ്പോഴൊക്കെ, തന്റെ ലാളിത്യം കൊണ്ടും, വിനയം കൊണ്ടും ഏറെ പ്രശംസ നേടിയിട്ടുണ്ട് താര പത്നി. മുൻപൊരിക്കൽ, അപൂർവ്വമായി നൽകിയ ഒരു അഭിമുഖത്തിൽ, തന്റെ ഭർത്താവ് മോഹൻലാലിനെ കുറിച്ചും, മകൻ പ്രണവിന്റെ കരിയറിനെ കുറിച്ചതും, സിനിമ സൗഹൃദങ്ങളെ കുറിച്ചുമൊക്കെ സുചിത്ര സംസാരിച്ചിരുന്നു.
മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരുമായി തനിക്ക് നല്ലൊരു ബന്ധനമാണ് ഉള്ളതെന്ന് വെളിപ്പെടുത്തിയ താര പത്നി, അവരുടെയൊക്കെ മക്കളോടും തനിക്ക് ആ ആത്മബന്ധമുണ്ടെന്ന് തുറന്നു പറഞ്ഞു. പ്രത്യേകിച്ച്, നടൻ ശ്രീനിവാസന്റെ മക്കളും, ബഹുമുഖ പ്രതിഭകളുമായ വിനീതും ധ്യാനും തനിക്ക് തന്റെ മക്കളെ പോലെ തന്നെയാണെന്ന് സുചിത്ര മോഹൻലാൽ വെളിപ്പെടുത്തി. വിനീതിനെയൊക്കെ അപ്പുവിനെ (പ്രണവ് മോഹൻലാൽ) വിളിക്കുന്നത് പോലെ 'എടാ' എന്നാണ് വിളിക്കാറുള്ളതെന്നും സുചിത്ര പറഞ്ഞു.

"ഞാൻ എന്റെ പിള്ളേരോട് - അപ്പുവിനെ (പ്രണവ് മോഹൻലാൽ) ഒക്കെ പറ്റി ഞാൻ വല്ലവരോടും സംസാരിക്കുമ്പോൾ 'അവൻ', 'ഇവൻ' എന്നൊക്കെയാണ് പറയാറുള്ളത്. അത് പോലെ വിനീത് ഒക്കെ നമ്മുടെ പിള്ളേർ തന്നെയാണല്ലോ. അപ്പൊൾ ഭയങ്കര ക്ലോസാണ് അവരോടൊക്കെ. അപ്പോൾ ഞാൻ വിനീതിനെയൊക്കെ 'എടാ', 'വാടാ' എന്നൊക്കെ പറഞ്ഞാണ് സംസാരിക്കുക," പ്രശസ്ത താര പത്നി മുൻപൊരിക്കൽ മൂവി വേൾഡ് മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
"ഒരിക്കൽ ഞാൻ വിമല ചേച്ചിയെ (ശ്രീനിവാസന്റെ ഭാര്യ, വിനീതിന്റെ അമ്മ) വിളിച്ചിരുന്നു. ചേച്ചിയോട് സംസാരിക്കുമ്പോൾ ചേച്ചി 'വിനീത് കുട്ടൻ', 'ധ്യാൻ കുട്ടൻ' എന്നൊക്കെ പറഞ്ഞെ സംസാരിക്കുന്നുള്ളു. ചേച്ചി അങ്ങനെ മക്കളെ 'അവൻ', 'ഇവൻ' എന്നൊന്നും പറയില്ല. അപ്പോൾ ഞാൻ ഫുൾ സംസാരം കഴിഞ്ഞിട്ട് ഇങ്ങനെ ആലോചിച്ചു... എന്റമ്മോ... ചേച്ചി എന്നിട്ട് ഒരു പ്രാവശ്യം പോലും മക്കളെ 'അവൻ', 'ഇവൻ' എന്നൊന്നും പറഞ്ഞിട്ടില്ല... ഞാൻ ആണെങ്കിൽ വിനീതിനെ 'എടാ', 'വാടാ' എന്നൊക്കെയാണ് പറയുന്നത് എന്ന്," സുചിത്ര മോഹൻലാൽ ഓർത്തെടുത്തു.

"അപ്പോൾ പിന്നീട് വിനീത് വന്നപ്പോൾ ഞാൻ പറഞ്ഞു, "വിനീത്, നോക്ക്, അമ്മ ഇങ്ങനെയൊന്നും വിളിക്കാറില്ലല്ലോ," എന്ന്. അപ്പോൾ അവൻ, "ഇല്ല സൂചി ആന്റി... ആന്റി എന്നെ എപ്പോഴും വിളിക്കുന്നത് പോലെ തന്നെ വിളിച്ചാൽ മതി," എന്ന്," താര പത്നി വെളിപ്പെടുത്തി. വിനീത് ശ്രീനിവാസൻ പറഞ്ഞ മറുപടി കേട്ടപ്പോഴാണ് തനിക്ക് ശെരിക്കും സമാധാനമായത് എന്ന് വെളിപ്പെടുത്തിയ സുചിത്ര മോഹൻലാൽ, ശ്രീനിവാസന്റെ കുടുംബവുമായി തനിക്ക് ഭയങ്കര അടുപ്പം ഉണ്ടെന്നും, അവർ ശെരിക്കും സ്വന്തം കുടുംബം പോലെ തന്നെയാണെന്നും കൂട്ടി ചേർത്തു.
പ്രണവ് മോഹൻലാൽ സിനിമയിൽ എത്തിയത് ജീത്തു ജോസഫ് ചിത്രം 'ആദി'യിൽ നായകനായിട്ടാണെങ്കിലും, ഒരു നടനെന്ന നിലയിൽ അദ്ദേഹം പേരെടുത്തത് വിനീത് ശ്രീനിവാസൻ സംവിധനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെയാണ്. പ്രണവ് എന്ന നടനെ ഏറ്റവും നന്നായി വെള്ളിത്തിരയിൽ അവതരിപ്പിച്ച സംവിധായകൻ തന്നെയാണ് വിനീത് എന്ന് നിസ്സംശയം പറയാം. എന്നാൽ, ഇരുവരുടെയും രണ്ടാമത്തെ ചിത്രം വർഷങ്ങൾക്ക് ശേഷം ഏറെ വിമർശനങ്ങൾ നേരിട്ട്. പക്ഷെ മോഹൻലാൽ-ശ്രീനിവാസൻ ടീമിന്റെ സൗഹൃദം ഇന്ന് മക്കൾക്ക് ഇടയിലുമുണ്ട്.


Click it and Unblock the Notifications











