»   » അകത്തും പുറത്തുമല്ലാതെ ജീവിക്കുന്നവരെ കുറിച്ച് സുദേവന്റെ ചിത്രം!

അകത്തും പുറത്തുമല്ലാതെ ജീവിക്കുന്നവരെ കുറിച്ച് സുദേവന്റെ ചിത്രം!

Written By: Desk
Subscribe to Filmibeat Malayalam

സതീഷ് പി ബാബു

സിനിമകളെ ഗൗരവത്തോടെ കാണുന്ന ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി. നിരവധി ഷോര്‍ട് ഫിലിമുകള്‍ ഒരുക്കുന്നതിന് പുറമേ ആനുകാലികങ്ങളില്‍ ധാരാളം സിനിമാസ്വാദനങ്ങളും എഴുതിയിട്ടുണ്ട്

ഷോര്‍ട്ട് ഫിലിമുകളില്‍ നിന്ന് ഫീച്ചര്‍ സിനിമയിലേക്കെത്തിയ ചലച്ചിത്ര സംവിധായകനാണ് സുദേവന്‍. 'വരു','പ്ലാനിംഗ്', രണ്ട്, തട്ടുമ്പുറത്തപ്പന്‍ എന്നിങ്ങനെ നിരവധി പുരസ്‌ക്കാരാര്‍ഹമായ ഹ്രസ്വചിത്രങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം 'ക്രൈം നമ്പര്‍ 89' എന്ന ഫീച്ചര്‍ ഫിലീമുമായ് സമാന്തര സിനിമാ ശ്രമങ്ങള്‍ക്ക് തന്റെതായ വേറിട്ടൊരു വഴി തെരഞ്ഞെടുക്കുന്നത്.

2013 ല്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡിനു പുറമേ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് ഈ ചിത്രത്തിലെ അഭിനയ മികവിന് അശോക് കുമാറിന് ലഭിക്കുകയുമുണ്ടായി. പ്രസിദ്ധ ഛായാഗ്രഹകനായ പ്രതാപ് ജോസഫിനൊപ്പം സാദിഖ് തൃത്താല, ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. പെയ്‌സ് ട്രെസ്റ്റിന്റെ ബാനറില്‍ ജനകീയ കൂട്ടായ്മയിലാണ് സുദേവന്റെ എല്ലാ ചിത്രങ്ങളും നിര്‍മിക്കപ്പെട്ടിരിക്കുന്നത്.

സത്യസന്ധമായി കഥ പറഞ്ഞ് സുദേവന്‍

മാരകായുധങ്ങളുമായ് പോകവേ ഒരു മലയോര പ്രദേശത്ത് വെച്ച് ബ്രേക്ക് ഡൗണാകുന്ന ജീപ്പ് നന്നാക്കാനെത്തുന്ന മെക്കാനിക് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും സാമൂഹ്യ പ്രതിബദ്ധതയുമാണ് ചിത്രം വരച്ചുകാണിച്ചത്. ഓഫ്ബീറ്റ് സിനിമകളില്‍ ചിലപ്പോഴെങ്കിലും കണ്ടുവരാറുള്ള ഇഴച്ചിലുകളും നാട്യങ്ങളും അലങ്കാരങ്ങളുമില്ലാതെ സത്യസന്ധമായി കഥ പറയുകയായിരുന്നു സുദേവന്‍. വ്യത്യസ്തമല്ല അദ്ദേഹത്തിന്റെ 'അകത്തോ പുറത്തോ' എന്ന പുതിയ ചിത്രവും.

അകത്തോ പുറത്തോ

ഉല്ലാസത്തിനും ഉന്മാദത്തിനുമിടയില്‍ നിന്ന് ശൂന്യതയിലേക്കുള്ള ഒരു സഞ്ചാരത്തിന്റെ നാല് പകര്‍പ്പുകളുടെ ചിത്രണമാണ് അകത്തോ പുറത്തോ. ടൈറ്റിലിന്റെ ചോദ്യ ചിഹ്നത്തോട് ഐക്യപ്പെട്ടു നില്‍ക്കുന്ന ഈ ചിത്രം.. മീനില്‍ തുടങ്ങി 'പാവ'യിലും 'വൃദ്ധനി'ലും 'അവളി'ലും നിറയുന്ന നിസ്സഹായവസ്ഥയില്‍ നമ്മുടെ കണ്ണുകളെ തറച്ചിടുന്നു.

വ്യത്യസ്തങ്ങളായ സിനിമകള്‍

ഉല്ലാസത്തിനിടയില്‍ ചൂണ്ടയില്‍ കോര്‍ക്കപ്പെടുന്ന മീനുകളുടെ ജലത്തിന് അകത്തും പുറത്തുമുള്ള ജീവിതമാണ് ആദ്യമെങ്കില്‍ ഒരു പാവയുടെ ജനനം മുതല്‍ അത് ഉപേക്ഷിക്കപ്പെടുന്നത് വരെയുള്ള ഒരു യാത്രയാണ് പാവയെന്ന ചിത്രം. മരണം കാത്ത് കിടക്കുന്ന ഒരാളുടെ കാഴ്ചപ്പാടില്‍ വീട്ടംഗങ്ങളുടെ പരിചരണത്തിന്റെ വിവിധ തലങ്ങളാണ് 'വൃദ്ധന്‍ 'പരീക്ഷണാത്മകമായ് വരച്ചിടുന്നത്. ഒറ്റഷോട്ടില്‍ വൃദ്ധന്റെ കാഴ്ചപ്പാടിലാണ് നാം വീട്ടംഗങ്ങളുടെ പരിചരണവും പിറുപിറുക്കലുകളും സന്ദര്‍ശകരുടെ ആഗമനവും സംസാരവും എല്ലാം കാണുന്നത്. നടി നടന്‍മാര്‍ക്ക് പകരം ആ ''വീട്ടുകാരെ ' അറിയാനും ഒരു യഥാര്‍ത്ഥ അസുഖക്കാരന്റെ സാമീപ്യം അനുഭവിപ്പിക്കാനും ഈയൊരു ചിത്രീകരണ രീതി സഹായകമാവുന്നുണ്ട്.

അവള്‍

'അവള്‍' ഒരു മിസ്റ്ററിയാണ്. തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ ഉല്ലാസവും ഉന്മാദവും ശൂന്യതയെ സന്ധിക്കുന്നതിന്റെ പാരമ്യമാണ് ഈ പ്ലോട്ട്. മുന്‍ ചിത്രങ്ങളില്‍ നിന്ന് 'അവളി'ലേക്കെത്തുമ്പോള്‍ സുദേവനിലെ ക്രാഫ്റ്റ്മാന്‍ മലയാളത്തിലെയെന്നല്ല ഏത് ഇന്ത്യന്‍ ചലച്ചിത്രകാരന്മാരുമായും കിടപിടിക്കത്തക്കവിധം വളര്‍ച്ച പ്രാപിച്ചതായ് കാണാം. ഉപയോഗിച്ച നടി നടന്‍മാര്‍ (സുനിതാ ദിനേശിന്റ അത്യുഗ്രന്‍ സോളോ പെര്‍ഫോമന്‍സ്) പശ്ചാത്തലം, ഛായാഗ്രഹണം (സാദിഖ് തൃത്താല പ്രതാപ് ജോസഫ്) ലൈറ്റിംഗ്, പശ്ചാത്തല സംഗീതം, നിറങ്ങള്‍ എന്നിവയെല്ലാം തന്നെ ഒരു നല്ല കാഴ്ചാനുഭവമായ് മാറ്റുകയാണ് 'അവള്‍' എന്ന ചിത്രത്തിലൂടെ. സമൃദ്ധമായ ആംഗിക ശരീരഭാഷകള്‍ കൊണ്ട് വാചിക ഭാഷയുടെ പരിമിതിയെ സൗന്ദര്യപരമായ് മറികടക്കുന്ന ത്രില്ലര്‍ വയലന്‍സ് സസ്‌പെന്‍സ് രൂപഘടനയാണ് ചിത്രത്തിന്റേത്. വിഷ്വലുകളില്‍ നിന്ന് കണ്ണുപറിച്ചെടുക്കാനാകാത്ത വിധം നമ്മെ തിരശ്ശീലയുടെ അടിമയാക്കി ചലച്ചിത്രകാരന്‍ മാറി നിന്ന് ഊറി ചിരിക്കുന്ന അപൂര്‍വ്വ കാഴ്ച. മൂന്നാമന്റെ ഒളിഞ്ഞുനോട്ടത്തെ പ്രതിനിധീകരിക്കുന്ന; നിഗൂഢത നിറഞ്ഞ ക്യാമറാ കണ്ണുകള്‍ പ്രേക്ഷകരെ ദൃക്‌സാക്ഷികളാക്കി മാറ്റുന്ന ചിത്രണം.

സമയം കഴിഞ്ഞിരിക്കുന്നു

ഒരു ക്രാഫ്റ്റ്മാന്‍ എന്ന നിലയില്‍ ഏതൊരു കൊമേഴ്‌സ്യല്‍ സംവിധായകനുമായും മാറ്റുരയ്ക്കാന്‍ പോന്ന കൈയൊതുക്കം സുദേവന്‍ ഈ ചിത്രത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. ഒരു പക്ഷേ 'അവള്‍' എന്ന ചിത്രത്തിന്റെ ടൈറ്റിലില്‍ സുദേവനു പകരം മറ്റാരുടെയെങ്കിലും പേരാണ് വെച്ചതെങ്കില്‍ മലയാള ചലച്ചിത്രാസ്വാദകര്‍ ആ 'ബ്രില്യന്‍സി'നെ വാഴ്ത്തി മംഗള ഗീതങ്ങള്‍ രചിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

സിനിമകളുടെ നിവൃത്തിയില്ലായ്മ

'അകത്തോ പുറത്തോ' എന്ന ഈ ചിത്രം എവിടെ പ്രദര്‍ശിപ്പിച്ചാലും കഴിവതും ഒരു തവണയെങ്കിലും പോയി കാണാന്‍ ശ്രമിക്കുക. തിയ്യേറ്ററുകള്‍ ലഭിക്കാത്തതിനാല്‍ ഫെസ്റ്റിവലുകളിലും സമാന്തര പ്രദര്‍ശനങ്ങളിലുമേ തത്ക്കാലം ചിത്രം കാണാന്‍ നിവൃത്തിയുള്ളു. താരപദവികള്‍ക്കും പണക്കൊഴുപ്പിനും ഉപരി മുഖ്യധാര സമാന്തര വേര്‍തിരിവില്ലാതെ, നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ആസ്വദിക്കാവുന്ന ചിത്രം.

ലാലേട്ടന്റെ ബ്രഹ്മാണ്ഡ സിനിമയിലെ താരനിര്‍ണ്ണയം പൂര്‍ത്തിയായി! ചിത്രത്തില്‍ ജാക്കിചാനും..

മമ്മൂക്ക എന്ന് വിളിച്ചവര്‍ക്ക് അഭിമാനത്തോടെ വിളിക്കാം സഖാവ് അലക്‌സെന്ന്.. ഇതില്‍ കൂടുതല്‍ എന്ത് വേണം

മാസും ക്ലാസും ഫാമിലി എന്റര്‍ടെയിനറും മമ്മൂക്ക 'പരോളി'നിറങ്ങിയാല്‍ ഞെട്ടിക്കും! 2018 ഇക്കയുടെയാണ്..

English summary
Sudevan's movie Akatho Puratho

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam