ബജറ്റ് നല്‍കിയാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ഓസ്‌കര്‍ വരെ നേടും! തുറന്നുപറഞ്ഞ് സുധി കോപ്പ
ജല്ലിക്കട്ട് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിന് റിലീസ് ചെയ്ത ചിത്രത്തിന് തിയ്യേറ്ററുകളിലും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ശ്രദ്ധേയ സിനിമകള്‍ക്ക് പിന്നാലെയാണ് പുതിയ ചിത്രവുമായി സംവിധായകന്‍ എത്തിയിരുന്നത്.
ജല്ലിക്കെട്ട് ഇപ്പോഴും മുന്നേറുന്നതിനിടെ ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് സുധി കോപ്പ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലിജോ ജോസ് പെല്ലിശ്ശേരി ഓസ്‌കര്‍ വരെ നേടാന്‍ കഴിവുളള സംവിധായകനാണെന്നാണ് സുധി കോപ്പ പറയുന്നത്.

മറ്റ് ഭാഷകളിലേത് പോലെയുളള ബഡ്ജറ്റുണ്ടെങ്കില്‍ ലിജോ എപ്പോള്‍ ഓസ്‌കര്‍ അടിച്ചെന്ന് ചോദിച്ചാല്‍ മതിയെന്നും സുധി കോപ്പ പറഞ്ഞു. പുതിയ കാലഘട്ടത്തിലെ മലയാള സിനിമയിലെ സംവിധായകരും ഇവിടുത്തെ പ്രേക്ഷകരുമെല്ലാം ഒരുപാട് മാറി എന്നും നടന്‍ പറയുന്നു. ഓരോ സംവിധായകനും അവര്‍ക്ക് എന്താണ് വേണ്ടത് എന്ന കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട് എന്നും കഥാപാത്രത്തിന് ചേരുന്ന കലാകാരന്മാരെ കണ്ടെത്തി അഭിനയിപ്പിക്കാന്‍ അവര്‍ക്കറിയാം എന്നും സുധി കോപ്പ പറഞ്ഞു.

നമ്മുടെ പ്രേക്ഷകര്‍ ഇന്ന് അളന്നുമുറിച്ചു സിനിമ കാണുന്നവരാണ് എന്നും ലോകനിലവാരത്തിലുളള സിനിമ കാണുന്ന അവരെ എങ്കിലും ഗിമ്മിക്ക് കാണിച്ച് കബളിപ്പിക്കാന്‍ കഴിയില്ല എന്ന കാര്യവും നടന്‍ പറയുന്നു. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിലാണ് തനിക്ക് വൃത്തിയുളള ഒരു വേഷം ആദ്യമായി ലഭിച്ചതെന്നും അതുവരെ ഗുണ്ടയോ എന്തെങ്കിലും വഷളത്തരങ്ങള്‍ കാണിക്കുന്ന കഥാപാത്രങ്ങളോ ഒക്കെയാണ് തനിക്ക് ലഭിച്ചുകൊണ്ടിരുന്നതെന്നും സുധി കോപ്പ തുറന്നുപറഞ്ഞു.

ഒരുപാട് അവസരങ്ങള്‍ ചോദിച്ച് നടന്നും ഓഡീഷനുകള്‍ക്കു പങ്കെടുത്തും ആണ് നടന്‍ ആയത്. അവസരങ്ങള്‍ ചോദിയ്ക്കാന്‍ യാതൊരു മടിയും ഇല്ലായെന്നും നടന്‍ പറയുന്നു. ജോലി ചെയ്യാന്‍ അവസരം അന്വേഷിക്കുന്നത് ഒരു മോശം കാര്യമാണോ എന്നും അത് തന്റെ ജോലിയുടെ ഭാഗമല്ലേ എന്നും സുധി കോപ്പ ചോദിക്കുന്നു. അതേസമയം പൊറിഞ്ചും മറിയം ജോസ് ആയിരുന്നു സുധി കോപ്പയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രം.

സിനിമയില്‍ ഡിസ്‌കോ സാബു എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചിരുന്നത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയപ്പോള്‍ പ്രാധാന്യമുളള കഥാപാത്രമായിട്ടാണ് സുധി കോപ്പയും എത്തിയത്. ചെറിയ വേഷങ്ങളില്‍ നിന്നുമാണ് മലയാളത്തിലെ മികച്ച സ്വഭാവ നടന്‍മാരില്‍ ഒരാളായി സുധി കോപ്പ മാറിയത്.


Click it and Unblock the Notifications











