ആ ഊളയാണോ എന്നാണ് എന്നെക്കുറിച്ച് ചോദിച്ചത്; സർജറി കഴിഞ്ഞ് പോയത് ഫൈറ്റ് സീനിൽ അഭിനയിക്കാൻ; സുധീർ
കഴിഞ്ഞ ദിവസം നടൻ സുധീർ സുകുമാരൻ പൊതുവേദിയിൽ വെച്ച് നടത്തിയ പരാമർശം വലിയ തോതിൽ ചർച്ചയായിരുന്നു. പീഡന ആരോപണത്തിന്റെ പേരിൽ തന്നെക്കുറിച്ച് വന്ന തെറ്റിദ്ധാരണയെക്കുറിച്ചാണ് സുധീർ സുകുമാരൻ സംസാരിച്ചത്. ഒരു പെണ്ണിനെയും റോഡിൽ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ട് പോകാനും ശ്രമിച്ചിട്ടില്ലെന്നും പത്ത് വർഷമായി ഈ ചീത്തപ്പേര് കേട്ട് കൊണ്ടിരിക്കുകയാണെന്നും സുധീർ പറഞ്ഞു.
ഇപ്പോഴിതാ ഇങ്ങനെയൊരു തുറന്ന് പറച്ചിൽ നടത്താനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് സുധീർ സുകുമാരൻ. വർഷങ്ങൾക്ക് ശേഷം ഇതേക്കുറിച്ച് സംസാരിച്ചതിന് കാരണമുണ്ടെന്ന് സുധീർ സുകുമാരൻ പറയുന്നു. എന്തിനാണ് ഈ സംഭവങ്ങൾ ഇപ്പോൾ വലിച്ചിഴയ്ക്കുന്നതെന്ന് ചോദിക്കുന്നവരുണ്ട്. പത്ത് പതിനാല് വർഷമായി ഞങ്ങളുടെ ഫാമിലി ഫ്രണ്ടായ ഒരാളുണ്ട്.

ഞങ്ങളുമായുള്ള ഫ്രണ്ട്ഷിപ്പൊന്നും പുള്ളിക്കാരി പങ്കാളിയോട് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം എന്റെ ഭാര്യയുടെ വർക്കൗട്ട് വീഡിയോ പുള്ളിക്കാരി അദ്ദേഹത്തെ കാണിച്ചു. ഭർത്താവാണ് അവർക്ക് ഏറ്റവും വലിയ പ്രചോദനമെന്നും പറഞ്ഞു. ഭർത്താവ് ആരാണെന്ന് ചോദിച്ചപ്പോൾ സുധീർ ആണെന്ന് പറഞ്ഞു. ചേർത്തലയിലുള്ള ആ ഊളയാണോ, ആ പെണ്ണ് പിടിയൻ, അവനും നീയുമായിട്ട് കമ്പനി ഉണ്ടായിരുന്നോ എന്നൊക്കെ അയാൾ ചോദിച്ചു.
അവർ എന്നെ വിളിച്ച് എന്റെ കെട്ടിയോൻ നിന്നെ പറ്റി ഇങ്ങനെ പറഞ്ഞു, എന്താണ് സംഭവമെന്ന് ചോദിച്ചു. ഇത് കേട്ട് ഞാൻ ഫോൺ കട്ട് ചെയ്ത് അകത്തേക്ക് പോയി. അന്ന് പോയ അഭിമുഖമാണ് അത്. ഒന്നും നോക്കിയില്ല. എന്താണ് സംഭവിച്ചതെന്ന് വിളിച്ച് പറഞ്ഞു. എന്തിനാണ് ആവശ്യമില്ലാതെ ചീത്തപ്പേര് എടുത്ത് തലയിൽ വെക്കുന്നതെന്നും സുധീർ ചോദിക്കുന്നു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

കാൻസർ വന്ന് ചികിത്സയിൽ കഴിഞ്ഞ നാളുകളെക്കുറിച്ചും സുധീർ സംസാരിച്ചു. കാൻസർ വന്ന ശേഷം സിനിമയിൽ നിന്ന് മാറി നിന്നിട്ടില്ല. 2021 ജനുവരിയിൽ സർജറി ചെയ്ത് ജനുവരി 25ാം തിയതി സ്റ്റിച്ച് എടുത്തു. അത് കഴിഞ്ഞ് തെലുങ്ക് പടത്തിൽ അഭിനയിക്കാൻ ഹൈദരാബാദിൽ പോയി. മൂന്ന് ദിവസം ഫെെറ്റ് സീൻ ചെയ്തു. ഞാൻ സർജറി ചെയ്ത് വന്നതാണെന്ന് അവർക്ക് അറിയില്ലായിരുന്നു.
ഓരോ ഫൈറ്റ് കഴിയുമ്പോഴും വലിച്ച് മുറുക്കിയ പാന്റ് അഴിച്ച് നോക്കുമ്പോൾ ചോരയുണ്ടാകും. പതിനഞ്ച് ദിവസത്തെ ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തി കീമോ തെറാപ്പി ചെയ്തു. മനസിന് ക്ഷീണമില്ല. എന്നെ ചുറ്റിപ്പറ്റി ഒത്തിരി പേരുണ്ട്. ഞാൻ വീണാൽ അവരെയൊക്കെ ബാധിക്കുമെന്നും സുധീർ സുകുമാരൻ പറഞ്ഞു.
ക്ലാസ് ബൈ എ സോൾജ്യർ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് തന്നെക്കുറിച്ച് വന്ന തെറ്റിദ്ധാരണകളെക്കുറിച്ച് സുധീർ കഴിഞ്ഞ ദിവസം സംസാരിച്ചത്. ഒരു കല്യാണത്തിന് പോയപ്പോൾ ഒരു കൊച്ചുകുട്ടി ഫോട്ടോ എടുക്കാനായി എന്റെയടുത്ത് ഓടി വന്നു, ഇവന്റെ അടുത്തൊന്നും നിൽക്കരുതെന്ന് പറഞ്ഞ് ആ കുട്ടിയുടെ അമ്മ അവനെ പിടിച്ച് വലിച്ച് കൊണ്ടുപോയി. ഈ വാർത്ത വന്നപ്പോൾ കുട്ടികൾ ഒരാഴ്ച സ്കൂളിൽ പോയിരുന്നില്ലെന്നും സുധീർ സുകുമാരൻ തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











