'പണി തീരാത്ത വീട്ടിലൊരുക്കിയ മണ്ഡപം, ആദ്യ സമ്മാനം പെട്ടി നിറയെ വസ്ത്രങ്ങൾ, പിന്നീട് സിനിമയുമായി'; സുഹാസിനി
പ്രണയത്തെ അതിന്റെ ഏറ്റവും മികച്ച ഫീൽ നൽകി ചലച്ചിത്രമൊരുക്കുന്ന സംവിധായകനാണ് മണിരത്നം. പ്രണയകാവ്യം തന്നെയാണ് അദ്ദേഹം വെള്ളിത്തിരയിൽ രചിക്കാറുള്ളത്. മൗനരാഗം, റോജ, ഇരുവർ, കടൽ, മുംബൈ, രാവൺ, അലൈപായുതേ എന്നിവ അതിന്റെ ചില ഉദാഹരണങ്ങൾ മാത്രം.
മണിരത്നം സിനിമകളിലെ നായികമാർക്ക് എന്തെങ്കിലുമൊക്കെ പ്രത്യേകതകളുണ്ടാകും. പതിവുപോലെ നായകന്മാരുടെ പേരിനൊപ്പം മാത്രം അറിയപ്പെടുന്ന നായികയായിരിക്കില്ല. അതുകൊണ്ട് തന്നെ മണിരത്നം സിനിമകളിലെ പ്രണയത്തിന് മറ്റ് പ്രണയ സിനിമകളെക്കാൾ ഭംഗി കൂടുതലാണ്.
മണിരത്നത്തിന്റെ ജീവിതത്തിലും പ്രണയത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. സുഹാസിനിയുടെയും മണിരത്നത്തിന്റെയും വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. ഒട്ടുമിക്ക മണിരത്നം സിനിമകൾക്കും സംഭാഷണം എഴുതാറുള്ളത് സുഹാസിനിയാണ്. ഇപ്പോഴിതാ അലൈപായുതെ സിനിമയ്ക്ക് തന്റെ ജീവിതവുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് പറയുകയാണ് സുഹാസിനി.

അലൈപായുതെയിലെ ശക്തിയും കാർത്തിയും താമസിച്ചിരുന്നത് പോലൊരു പണി തീരാത്ത വീട്ടിലാണ് തങ്ങളുടെ വിവാഹ ചടങ്ങുകൾ നടന്നതെന്നാണ് സുഹാസിനി പറഞ്ഞത്. 1988ലായിരുന്നു മണിരത്നം-സുഹാസിനി വിവാഹം നടന്നത്. അന്ന് നായകൻ സിനിമവരെയാണ് റിലീസ് ചെയ്തിരുന്നത്.
തന്റെ സിനിമയിൽ നായികയാകാൻ ക്ഷണിച്ചിട്ട് സുഹാസിനി വന്നില്ലെന്നും അതുകൊണ്ട് താൻ എക്കാലത്തേക്കും വിവാഹം ചെയ്ത് തന്റെ നായികയാക്കി വീട്ടിലേക്ക് കൊണ്ടുപോയി എന്നാണ് ഒരിക്കൽ പ്രണയ കഥ പറയവേ മണിരത്നം പറഞ്ഞത്. 'അലൈപായുതേയിലെ വീട് പോലെയുള്ള ഒരു സ്ഥലത്താണ് ഞങ്ങളുടെ കല്യാണം നടന്നത്.'
'അതാണ് മണിരത്‌നം പിന്നീട് അദ്ദേഹത്തിന്റെ സിനിമയിൽ ഉൾപ്പെടുത്തിയത്. അത് എന്റെ ഒരു ബന്ധുവിന്റെ വീടായിരുന്നു. വീട് പൂർണമായിരുന്നില്ല. അന്ന് വീടിന് പെയിന്റ് പോലും അടിച്ചിരുന്നില്ല. ജനാലയിൽ ഒരു ദ്വാരമുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു വീട്ടിലാണ് ഞങ്ങൾ വിവാഹിതരായത്. രണ്ട് മിനിറ്റിനുള്ളിൽ വിവാഹ ചടങ്ങുകൾ തീർക്കാനാണ് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. നമ്മുടെ വിവാഹം മറ്റേതെങ്കിലും കല്യാണം പോലെയാകരുതെന്ന് നിർബന്ധമായിരുന്നു.'
'വളരെ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം നടത്തിയത്. മണിയും ഞാനും അതിനെക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു. മണി കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടത്താൻ സഹായിച്ചിരുന്നു. ചടങ്ങിൽ അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. ഞങ്ങളുടെ വിവാഹത്തിന് ആശംസകൾ നേർന്ന് ഖുശ്ബു ഒരു സന്ദേശം അയച്ചിരുന്നു.'

'അതിൽ ഇങ്ങനെ കുറിച്ചിരുന്നു... സന്തോഷകരമായ മാനസിക ജീവിതത്തിന്... ഞങ്ങൾക്ക് ഒരു നാടകീയത നിറഞ്ഞ ഭാര്യയേയും വളരെ സമാധാനപരമായി നീങ്ങുന്ന ഭർത്താവും ആവശ്യമാണെന്നാണ് എഴുതിയിരുന്നത്. കല്യാണം കഴിഞ്ഞപ്പോൾ മണി പറഞ്ഞത് ഞാൻ നടക്കേണ്ട ഇടത്തേക്ക് ഓടുന്ന പെണ്ണിനെ വേണമെന്നാണ്.'
'പക്ഷെ എനിക്ക് ഒരു പറക്കുന്ന സ്ത്രീയെ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത് ഭർത്താവിനെ പേരെടുത്ത് വിളിക്കുന്ന രീതിയില്ല. അദ്ദേഹം തന്നെയാണ് മണിയെന്ന് വിളിച്ചാൽ മതിയെന്ന് എന്നോട് പറഞ്ഞത്. അന്ന് മുതൽ ഞാൻ അദ്ദേഹത്തെ മണി എന്നാണ് വിളിക്കുന്നത്. കല്യാണം കഴിക്കും മുമ്പ് മണി എനിക്ക് ഒരു സമ്മാനം തന്നിരുന്നു.'
'ഒരു ദിവസം അദ്ദേഹം വീട്ടിലേക്ക് വിളിച്ചു. സമീപത്തുള്ള ഒരു പൊതി തുറന്ന് നോക്കാൻ ആവശ്യപ്പെട്ടു. പൊതി അഴിച്ചപ്പോൾ ഒരു ബാഗിൽ നിറയെ പലതരം വസ്ത്രങ്ങളായിരുന്നു. അതായിരുന്നു അദ്ദേഹം എനിക്ക് തന്ന ആദ്യത്തെ സമ്മാനം', എന്നാണ് സുഹാസിനി പറഞ്ഞത്.
അലൈപായുതെ പുറത്തിറങ്ങി 22 വർഷത്തിൽ ഏറെയായി. ചിത്രം ബോക്സോഫീസിൽ ഹിറ്റായി എന്ന് മാത്രമല്ല അതോടെ മാധവൻ എന്ന നടന്റെയും ശാലിനി എന്ന നടിയുടെ സിനിമ ജീവിതവും മാറി. മാധവന്റെ ആദ്യ ചിത്രം കൂടിയായിരുന്നു അലൈപായുതെ.


Click it and Unblock the Notifications











