സെറ്റിൽ ദുൽഖറും നിത്യയും അങ്ങനെയായിരുന്നു, നിത്യയെക്കുറിച്ച് മണിരത്നം എന്നോട് പറഞ്ഞത്: സുഹാസിനി
പ്രേക്ഷകർ സ്വീകരിച്ച ഓൺസ്ക്രീൻ ജോഡിയാണ് ദുൽഖർ സൽമാനും നിത്യ മേനോനും. ഓകെ കൺമണി, 100 ഡേയ്സ് ഓഫ് ലൗ, എന്നീ സിനിമകളിലെ ഇവരുടെ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടു. മണിരത്നം സംവിധാനം ചെയ്ത ഓകെ കൺമണിയാണ് ഈ താരജോഡിക്ക് ഏറെ ജനശ്രദ്ധ നൽകിയ സിനിമ. ദുൽഖറിനെയും നിത്യയെയും കുറിച്ച് മണിരത്നത്തിന്റെ ഭാര്യ നടി സുഹാസിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നിത്യയുമായുള്ള അഭിമുഖത്തിലാണ് പരാമർശം.
നിങ്ങൾ സെറ്റിൽ പൂച്ചയും എലിയും പോലെയായിരുന്നു എന്നാണ് സുഹാസിനി പറഞ്ഞത്. മത്സരിക്കുന്ന ക്ലാസ്മേറ്റ്സിനെ പോലെയായിരുന്നു. മലർഗൾ കേട്ടേൻ എന്ന സോങ് ഷൂട്ട് ചെയ്ത ശേഷം ആ സ്വരത്തെ എത്ര എളുപ്പത്തിലാണ് ഈ പെൺകുട്ടി ചെയ്തതെന്ന് മണി എന്നോട് പറഞ്ഞു. വളരെ നല്ല നടിയാണ് നിത്യയെന്ന് തന്നോട് എപ്പോഴും പറയാറുണ്ടെന്നും സുഹാസിനി പറഞ്ഞു.

ഓകെ കൺമണിയിലെ ഓർമകൾ നിത്യയും സംസാരിച്ചു. ഞാനും ദുൽഖറും ബഡീസ് പോലെയായിരുന്നു. ഡ്യൂഡ് എന്നാണ് എന്നെ വിളിച്ചിരുന്നത്. ഞങ്ങളുടെ റിലേഷൻഷിപ്പ് അങ്ങനെയായിരുന്നു. മണി സാറുടെ സെറ്റ് സ്കൂൾ പോലെയായിരുന്നെന്നും നിത്യ മേനോൻ പറഞ്ഞു. മറക്കാൻ പറ്റാത്ത പ്രൊപ്പോസൽ ഏതാണെന്ന് ചോദിച്ചപ്പോൾ അങ്ങനെയൊരു പ്രൊപ്പോസൽ തനിക്ക് വന്നിട്ടില്ലെന്ന് നിത്യ മേനോൻ മറുപടി നൽകി. സിനിമയിലേക്ക് വരാനാണോ എപ്പോഴും ആഗ്രഹിച്ചതെന്നാണ് ദുൽഖറിനോട് തനിക്ക് ചോദിക്കാനുള്ളതെന്നും നിത്യ പറഞ്ഞു.
ഏറെക്കാലമായി ദുൽഖറും നിത്യയും ഒരുമിച്ച് സിനിമകൾ ചെയ്തിട്ട്. നിത്യയെ പോലെ ദുൽഖറും ഇന്ന് പല ഭാഷകളിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ ഇവർ ഒരുമിച്ചുള്ള പ്രൊജക്ടുകൾ വരുന്നില്ല. മുമ്പൊരിക്കൽ ഒരു അഭിമുഖത്തിലെ റാപിഡ് ഫയർ റൗണ്ടിൽ ദുൽഖറിന് പകരം പൃഥ്വിരാജിനെ നിത്യ തെരഞ്ഞെടുത്തത് ചർച്ചയായിരുന്നു. പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരിൽ ഒരാളെ തെരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ പൃഥ്വിരാജിനെയാണ് നിത്യ തെരഞ്ഞെടുത്തത്.

ഫഹദ് ഫാസിൽ, നിവിൻ പോളി എന്നിവരുടെ പേര് വന്നപ്പോഴും നിത്യ തെരഞ്ഞെടുത്ത് പൃഥ്വിരാജിനെ. ഒരിക്കൽ ദുൽഖർ സൽമാനും റാപിഡ് ഫയർ റൗണ്ടിൽ നിത്യക്ക് പകരം തന്റെ മികച്ച കോ സ്റ്റാറായി തെരഞ്ഞെടുത്തത് മൃണാൽ താക്കൂറിനെയാണ്. സീതാരാമം എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
കരിയറിലെ തിരക്കുകളിലാണിപ്പോൾ നിത്യ മേനോനും ദുൽഖർ സൽമാനും. രണ്ട് പേരും മലയാള സിനിമാ രംഗത്ത് സജീവമല്ല. ദുൽഖർ മലയാളത്തിൽ ബോക്സ് ഓഫീസ് വാല്യുവുള്ള നടനാണെങ്കിലും തെലുങ്ക് സിനിമാ രംഗത്താണ് കൂടുതൽ സജീവം. ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ വലിയ വിജയമായി. മറുവശത്ത് നിത്യ മേനോൻ ഏറെക്കാലമായി മലയാള സിനിമകൾ കുറച്ച് മാത്രമേ ചെയ്യാറുള്ളൂ. മാസ്റ്റർ പീസ് എന്ന സീരീസിലാണ് നടിയെ ഒടുവിൽ മലയാളി പ്രേക്ഷകർ കണ്ടത്.
മലയാളത്തിലെ മുൻനിര നായികയായിരുന്ന നിത്യ ഒരു ഘട്ടത്തിൽ മറ്റ് ഭാഷകളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തു. ഒരിക്കൽ പ്രൊഡ്യൂസേർസ് അസോസിയേഷൻ നിത്യയെ മലയാളത്തിൽ നിന്നും വിലക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് നടി മോളിവുഡിൽ നിന്നും അകന്നത്. തലെെവൻ തലെെവി ആണ് നിത്യയുടെ പുതിയ തമിഴ് സിനിമ. ജൂലെെ 25 ന് റിലീസ് ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകൻ. പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്തത്.


Click it and Unblock the Notifications











