ഭർത്താവ് മരിച്ച് മൂന്നിന്റെ അന്ന് ഷൂട്ടിംഗിന്; അത് മാത്രം മനസിലാക്കിയാൽ മതിയെന്ന് മകനോട് പറഞ്ഞ സുകുമാരി
സിനിമാ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത നടിയാണ് സുകുമാരി. അത്രയധികം റോളുകൾ പല ഭാഷകളിലായി സുകുമാരി ചെയ്തിട്ടുണ്ട്. സംവിധായകൻ ഭീം സിംഗ് ആയിരുന്നുവ സുകുമാരിയുടെ ഭർത്താവ്. സുരേഷ് എന്നാണ് മകന്റെ പേര്. 1978 ൽ ഭീം സിംഗ് മരിച്ചു. ഭർത്താവ് മരിക്കുമ്പോൾ 30 വയസാണ് സുകുമാരിയുടെ പ്രായം. ഒരു മകനുണ്ട്. ഭർത്താവ് മരിച്ച് ദിവസങ്ങൾക്കുള്ളിൽ സുകുമാരി ഷൂട്ടിംഗിന് പോയി. ഇതിന് കാരണമുണ്ടെന്ന് സുകുമാരി ഒരിക്കൽ വ്യക്തമാക്കിയതാണ്. നടിയുടെ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
മകനുണ്ടായിരുന്നു എന്റെ കൂടെ. ഞാനവനോട് പറഞ്ഞത് നിന്നെ പഠിപ്പിക്കണമെങ്കിൽ അമ്മ ജോലി ചെയ്യണം, എനിക്ക് ആരുടെ അടുത്തും പോയി കെെ നീട്ടി നിൽക്കാനുള്ള അവസരം വരുത്തിപ്പിക്കരുത്. നമ്മൾ ജോലി ചെയ്താലേ നമുക്ക് ജീവിക്കാൻ പറ്റൂ. അത് മാത്രം നീ മനസിലാക്കിയാൽ മതി എന്നാണ്. എനിക്ക് നല്ല ഓർമയുണ്ട്. എറണാകുളത്താണ് ഷൂട്ടിംഗ്. മോഹൻ ആണ് സംവിധായകൻ. അദ്ദേഹത്തിന്റെ പടം നിർത്തി വെച്ചിട്ടാണ് ഞാൻ ഭർത്താവ് മരിച്ചപ്പോൾ പോയത്. മൂന്നിന്റെ അന്ന് തിരിച്ച് വന്ന് അഭിനയിച്ചു.

നന്നായി ജോലി ചെയ്ത് ഈ രംഗത്ത് നിൽക്കാൻ പറ്റും എന്ന് കാണിക്കണമെന്ന് ഞാൻ മനസിനകത്ത് തീരുമാനിച്ചു. അതുകൊണ്ട് തന്നെയാണ് ഞാൻ ജോലി ചെയ്യാൻ തുടങ്ങിയത്. ചുമ്മാ ഞാൻ വീട്ടിൽ കുത്തിയിരുന്നാൽ ആര് എന്നെ നോക്കും. എല്ലാവരും ഒരാഴ്ച വരുമായിരിക്കും. അയ്യോ പാവം എന്ന് പറഞ്ഞ് കൊണ്ടിരിക്കും എന്നല്ലാതെ അവരാരും എന്നെ സഹായിക്കില്ല. ഞാൻ തന്നെ ജോലി ചെയ്യണം. ഞാൻ തന്നെ എന്റെ വീട് നോക്കുകയും മകനെ വളർത്തുകയും പഠിപ്പിക്കുകയും വേണം. ദെെവം എന്റെ കൂടെയുണ്ടായിരുന്നു എന്നും സുകുമാരി അന്ന് പറഞ്ഞു.
ഇപ്പോഴും ഞാനങ്ങനെയാണ്. എന്റെ മകനടുത്ത് പോയി ഒരു രൂപ ചോദിക്കാനുള്ള അവസരം വരുത്തരുത്. അത് ദെെെവം വരുത്തി കഴിഞ്ഞാൽ പിറ്റേ ദിവസം എന്നെ കാണില്ല. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയം ഇല്ലായിരുന്നു. വർക്ക് ചെയ്ത് കൊണ്ടിരുന്നു. മകനെ പഠിപ്പിക്കണം, അതിന് ആരുടെയും മുന്നിൽ പോയി കെെ നീട്ടരുത് എന്ന വാശി തനിക്കുണ്ടായിരുന്നെന്നും സുകുമാരി അന്ന് വ്യക്തമാക്കി.

അമ്മ അസോസിയേഷൻ മാസത്തിൽ ഞങ്ങൾക്ക് കെെ നീട്ടം എന്ന് പറഞ്ഞ് ഒരു തുക തരും. അത് ഞാൻ ജോലി ചെയ്തിട്ടല്ല. ആ പണം സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഒറ്റ പെെസ എടുക്കരുതെന്ന് പിള്ളേരോട് പറയും. കാരണം എന്നെങ്കിലും എനിക്കെന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ അതിൽ നിന്നെടുക്കണം. അപ്പോൾ നിങ്ങൾ ആരുടെയും അടുത്ത് പോയി ചോദിക്കരുതെന്നും താൻ പറഞ്ഞിട്ടുണ്ടെന്നും സുകുമാരി വ്യക്തമാക്കി.
ഭർത്താവ് വിവാഹ ശേഷം അഭിനയം നിർത്തണമെന്ന് എന്നോട് ആവശ്യപ്പെടാതിരുന്നതിന് കാരണം ചിലപ്പോൾ അദ്ദേഹം ഒരു സംവിധായകൻ ആയതായിരിക്കും. എനിക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും കാർ വന്ന് വീടിന് മുന്നിൽ കാത്ത് നിന്നാൽ എന്നെ അദ്ദേഹം വഴക്ക് പറയുമായിരുന്നു. കൃത്യസമയത്ത് വരാൻ പറഞ്ഞാൽ പോരെ ആ കാർ കമ്പനിയിൽ നിന്നാൽ വേറെ ആരെയെങ്കിലും വിളിച്ചോണ്ട് വരില്ലേ എന്ന് ചോദിക്കും. അത്രയും ജോലിയിൽ എൻഗേജ് ചെയ്യുന്ന ആളായിരുന്നു തന്റെ ഭർത്താവെന്നും സുകുമാരി അന്ന് പറഞ്ഞു.


Click it and Unblock the Notifications











