'ജിപിയും ജുവലും എന്നെ തിരിഞ്ഞ് പോലും നോക്കിയില്ല, അവർ പ്രസംഗിച്ചപ്പോഴും പറഞ്ഞില്ല, ഞാൻ അവിടെ ഇരുന്ന് ഉരുകി'
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് മിമിക്രി കലാകാരനും നടനും സ്റ്റേജ് ആർട്ടിസ്റ്റുമെല്ലാമായ സുമേഷ് ചന്ദ്രന്റേത്. 2003 മുതൽ മലയാള സിനിമ, ടിവി ഷോ രംഗത്ത് സുമേഷുണ്ട്. മുഴുവൻ സമയം സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി നിലവിൽ ചാനൽ കോമഡിഷോയിൽ നിന്ന് തൽക്കാലം ബ്രേക്ക് എടുത്തിരിക്കുകയാണ് നടൻ. കൂടാതെ വൻ താരനിരയുടെ ട്രൂപ്പിനൊപ്പം സ്വദേശത്തും വിദേശത്തും സ്റ്റേജ് ഷോകളിലും സുമേഷ് സജീവമാണ്.
ജൂനിയർ ആർട്ടിസ്റ്റായി രണ്ട് വർഷത്തോളം ജോലി ചെയ്ത ശേഷമാണ് സിദ്ദിഖിന്‍റെ ഭാസ്കർ ദി റാസ്കലിലൂടെ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് പുള്ളിക്കാരൻ സ്റ്റാറാ, ആദ്യരാത്രി, ജവാനും മുല്ലപ്പൂവും, ദൃശ്യം 2 എന്നിവയിൽ അഭിനയിച്ചു. ഒരു കാലത്ത് ടെലിവിഷനിൽ വൻ ടിആർപിയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ കൊമേഡിയനായും സുമേഷ് തിളങ്ങിയിരുന്നു.

ഇപ്പോഴിതാ ഡി ഫോർ ഡാൻസിന്റെ ഭാഗമായിരുന്ന സമയത്ത് ഒരു കോളജ് ഫങ്ഷനിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കിടുകയാണിപ്പോൾ സുമേഷ്. പ്രൈം ഷോസ് എന്ന യുട്യൂബ് ചാനലിൽ നടൻ മനോജ് ഗിന്നസുമായി സംസാരിക്കവെയാണ് വേദനിപ്പിച്ച അനുഭവം സുമേഷ് പങ്കുവെച്ചത്. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... സെലിബ്രിറ്റിയാകുന്നതിന് മുമ്പ് ഞാൻ ഒരുപാട് ഉദ്ഘാടനങ്ങൾ ചെയ്തിരുന്നു.
അതായത് സിനിമയിൽ അഭിനയിക്കുന്നതിനും മുമ്പ്. ഡി ഫോർ ഡാൻസിൽ ആ ഷോയുടെ ആങ്കേഴ്സായിരുന്ന ഗോവിന്ദ് പത്മസൂര്യ, പേളി മാണി, ജുവൽ മേരി തുടങ്ങിയവരെയൊക്കെ കള്ള് കുടിയനായി വന്ന് സ്നേഹിക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രമൊക്കെ ചെയ്തിട്ടുണ്ട്. ഈ പരിപാടി ആ സമയത്ത് പിള്ളേരും കുടുംബപ്രേക്ഷകരും സ്ഥിരമായി കാണുമായിരുന്നു. അങ്ങനെ എന്റെ കുടിയൻ വേഷം കണ്ട് ഒരുപാട് പേർ ഉദ്ഘാടനത്തിന് വിളിച്ചിട്ടുണ്ട്.
അതുപോലെ ഒരിക്കൽ ഒരു അനുഭവം ഉണ്ടായി. ഒരു കോളേജിലേക്ക് ഡി ഫോർ ഡാൻസ് ടീമിനെ ഒന്നാകെ ക്ഷണിച്ചു. ഞാൻ, ജിപി, ജുവൽ മേരി എന്നിവരാണ് ക്ഷണം കിട്ടിയവർ. ഒരു ഇന്നോവയിൽ ഞങ്ങൾ മൂന്നുപേരും കയറി കോളജിൽ ചെന്ന് ഇറങ്ങി. പക്ഷെ ജിപിയും ജുവലും ഇറങ്ങിയപ്പോൾ തന്നെ സ്വീകരിക്കാൻ കാത്തുനിന്നവർ അവരേയും കൊണ്ടുപോയി. ഞാൻ ഇറങ്ങി വരുന്നത് അവർ കണ്ടതുമില്ല. ഞാൻ ഒറ്റയ്ക്ക് പിറകിൽ ഒരു കവറുമായി വരികയാണ്.
ആ സമയം എനിക്ക് സങ്കടമൊക്കെ വന്നു. എന്നെ ക്ഷണിച്ചില്ലായിരുന്നോയെന്ന് പോലും സംശയമായി. ജുവലും ജിപിയും ഞാനും ഒപ്പമുണ്ടായിരുന്നുവെന്ന കാര്യം വിട്ടുപോയി. അവർ തിരിഞ്ഞ് പോലും നോക്കിയില്ല. ആരവത്തിനൊപ്പം പോയി. എനിക്ക് വല്ലാത്ത വിഷമമായി. വിളിക്കാത്ത കല്യാണത്തിന് പോയിട്ട് അവിടെയുള്ളവർ പൊക്കിയാലുണ്ടാകുന്ന അവസ്ഥയാണ് എനിക്കുണ്ടായത്.

ഈ സങ്കടം എല്ലാം വെച്ച് ഓഡിറോറ്റിയത്തിൽ ചെന്നപ്പോൾ വേദിയിലെ കസേര മുഴുവൻ ഫില്ലായി. എനിക്ക് ഇരിക്കാനും സ്ഥലമില്ല. കസേര കാലിയായി കാണാതെയായപ്പോൾ എനിക്ക് ഉറപ്പായി എന്നെ വിളിച്ചിട്ടില്ലെന്ന്. അങ്ങനെ ഞാൻ സൗണ്ട് ബോക്സിന് അരികത്തായി നിന്നു. അപ്പോൾ ഒരു ടീച്ചർ തിരിച്ചറിഞ്ഞ് എനിക്ക് കസേര ഒഴിഞ്ഞ് തന്നു. അതിനിടയിൽ ജിപിയും ജുവലും പ്രസംഗിച്ചു. പക്ഷെ അവരാരും ഞാൻ ഉള്ള കാര്യം പറഞ്ഞില്ല.
മാത്രമല്ല അവരുടെ സമയമായപ്പോൾ രണ്ടുപേരും തിരികെ പോവുകയും ചെയ്തു. ഞാൻ ഒരു സാധാരണക്കാരനായതുകൊണ്ടാണോ അവർ എന്നെ ഒഴിവാക്കിയത് എന്നൊക്കെ ചിന്ത വന്നു. പക്ഷെ ഞാൻ അത്ര ഫെമിലിയർ അല്ലാത്തതുകൊണ്ടാണ് ആളുകൾ തിരിച്ചറിയാത്തത്. അന്ന് ഞാൻ അവിടെ കിടന്ന് ഉരുകി.
പിന്നെ എന്നെ ക്ഷണിച്ച പിള്ളേർ വന്നപ്പോഴാണ് ഒരു ഓളം ആയത്. പിന്നെ എനിക്ക് ജയ് വിളിയൊക്കെയായിരുന്നു. പിള്ളേര് എന്നെ കുറിച്ച് പ്രസംഗിക്കുകയും ചെയ്തു എന്നാണ് അനുഭവം പങ്കിട്ട് സുമേഷ് ചന്ദ്രൻ പറഞ്ഞത്.


Click it and Unblock the Notifications











