ജയറാമിൽ നിന്ന് അത് പ്രതീക്ഷിക്കേണ്ട, മുഖംമൂടിയിൽ ജീവിക്കുന്നയാളെന്ന് പറയേണ്ടി വരും: സുനിൽ പരമേശ്വരൻ
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മരണവാർത്തയറിഞ്ഞ് സിനിമാ രംഗത്തെ നിരവധി പേർ നടന് ആദരാഞ്ജലി അർപ്പിച്ചിരുന്നു. മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ നിരവധി താരങ്ങളെത്തി. എന്നാൽ ജയറാമിന്റെ അസാന്നിധ്യം വലിയ ചർച്ചയായി. ഇതേക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് സുനിൽ പരമേശ്വരൻ. ജയറാം ചെയ്തത് തെറ്റാണെന്ന് സുനിൽ പരമേശ്വരൻ പറയുന്നു. ഡിഎൻഎ ന്യൂസിൽ ഡിഎൻഎ ന്യൂസ് മലയാളത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ജയറാമിന്റെ മുഖം മൂടിയെക്കുറിച്ച് ഞാൻ വളരെ മുമ്പും പറഞ്ഞിട്ടുണ്ട്. മുഖംമൂടി മാത്രമായി ജീവിക്കുന്ന മനുഷ്യനാണ് അദ്ദേഹമെന്ന് നമ്മൾ വിശ്വസിക്കേണ്ടി വരും. പാർത്ഥിപൻ എന്ന നടൻ ശ്രീനിവാസന്റെ ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. അദ്ദേഹം ഒരു നോക്ക് കാണാൻ വന്നു. മുഖംമൂടികൾ ദെെവം പൊളിച്ചടുക്കും. ജയറാം വന്നില്ല, ജയറാമിൽ നിന്ന് അത് പ്രതീക്ഷിക്കേണ്ട. എത്രയോ ശ്രീനിവാസൻ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്ത, ആരോടും കലഹിക്കാത്ത ശ്രീനിവാസനെന്ന നടനെ അവസാനമായി കാണാൻ പറ്റാത്ത ജയറാം നിങ്ങളെയൊക്കെ സിനിമയ്ക്ക് പുറത്തും അഭിനയിക്കുന്നയാളായി കൂട്ടണോ.

മലയാളികളെ സംബന്ധിച്ച് നിങ്ങൾ ആ സ്ഥലത്തില്ലാതെ പോയത് അപമാനകരമാണ്. നിങ്ങളെപ്പോഴും ഭൗതികമായ അവസ്ഥകളിലൂടെ കടന്ന് പോകുന്നതാണ്. അതുകൊണ്ടാണ് നിങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയെ പോലെ ഒരാളെ വീട്ടിൽ വിളിച്ച് കയറ്റി ഈ സാധനങ്ങളൊക്കെ ചെയ്തത്. നിങ്ങളെയും കേസിൽ പെടുത്തേണ്ടതായിരുന്നെന്നും സുനിൽ പരമേശ്വരൻ പറയുന്നു.
നേരത്തെ ശബരിമലയിലെ സ്വർണപാളി വീട്ടിലെത്തിച്ച് പൂജിച്ചതിലും ജയറാമിനെതിരെ സുനിൽ പരമേശ്വരൻ സംസാരിച്ചിരുന്നു. ഇത് ഇളക്കിക്കൊണ്ട് പോകുന്ന വഴിയിൽ തമിഴ്നാട്ടിലെ കുറേ നടൻമാരെയും വിളിച്ച് ഉണ്ണികൃഷ്ണനെക്കൊണ്ട് പൂജയും നടത്തി ഭസ്മവും ഇട്ടാൽ എന്ത് പുണ്യമാണ് ലഭിക്കാൻ പോകുന്നത്. തന്ത്രങ്ങളറിയാവുന്ന കുലത്തിൽ ജനിച്ചതല്ലേ. ശരിക്ക് പറഞ്ഞാൽ ജയറാമിനെ പ്രതിയാക്കേണ്ടതാണെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു.
വലിയ ബുദ്ധിമുട്ടുണ്ടാക്കും. ജീവതത്തിന്റെ യൗവനാവസ്ഥ കഴിഞ്ഞ് നിൽക്കുന്നു. മക്കളൊക്കെ വലുതായി. ഇപ്പോൾ അത്യാവശ്യം സിനിമയൊക്കെയുണ്ട്. ഇതെല്ലാം മറന്ന് ഇതുപോലുള്ള ആൾക്കാരെ വീട്ടിൽ വിളിച്ച് കൊണ്ട് വന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാമായിരുന്നോയെന്നും സുനിൽ പരമേശ്വരൻ അന്ന് ചോദിച്ചു. അതേസമയം ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാൻ എത്താതിരുന്നതിൽ ജയറാം വിശദീകരണം നൽകിയിട്ടുണ്ട്. ചെന്നെെയിൽ ഷൂട്ടിംഗിലായിരുന്നു. ഷൂട്ടിംഗ് നിർത്തി പോരാൻ പറ്റാത്ത സാഹചര്യമായിരുന്നു. അല്ലെങ്കിൽ തീർച്ചയായും വന്നേനെ എന്നാണ് ജയറാം പറഞ്ഞത്. ചെന്നെെയിലാണ് ജയറാമും കുടുംബവും താമസിക്കുന്നത്. ഷൂട്ടിംഗിനും മറ്റും നടൻ കേരളത്തിലെത്താറുണ്ട്. കുറേക്കാലമായി മലയാള സിനിമാ രംഗത്ത് ജയറാം സജീവമല്ല. ആശകൾ ആയിരം എന്ന മലയാള ചിത്രത്തിൽ നടൻ അഭിനയിക്കുന്നുണ്ട്. മകൻ കാളിദാസ് ജയറാമും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











