വൈശാലിയില്‍ അഭിനയിക്കുന്ന കാലത്തും കാസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നു: നടി സുപര്‍ണ
എക്കാലത്തും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് വൈശാലി. മഴ പെയ്യിപ്പിക്കുവാന്‍ മുനി കുമാരനെ തേടി ഇറങ്ങിയ വൈശാലിയുടെ കഥയായിരുന്നു സിനിമ പറഞ്ഞത്. 1988 ല്‍ റിലീസിനെത്തിയ സിനിമയിലെ വൈശാലിയെയും മുനി കുമാരനെയും ആരും മറക്കില്ല. വൈശാലിയായി അഭിനയിച്ചത് നടി സുപര്‍ണ ആനന്ദ് ആയിരുന്നു.
സിനിമ ഇറങ്ങിയിട്ട് മുപ്പത് വര്‍ഷത്തിന് മുകളില്‍ ആയെങ്കിലും സുപര്‍ണയെ ആരാധകര്‍ മറക്കില്ല. വൈശാലി പോലെ തന്നെ ഞാന്‍ ഗാന്ധര്‍വ്വന്‍ എന്ന ഹിറ്റ് സിനിമയിലും സുപര്‍ണയായിരുന്നു നായിക. ഇപ്പോഴിതാ വീണ്ടും സിനിമയിലേക്ക് വരാനുള്ള താല്‍പര്യം അറിയിച്ചിരിക്കുകയാണ്. ന്യൂസ് 18 ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്.

ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയ ആളാണ് സുപര്‍ണ ആനന്ദ്. 1979 ല്‍ റിലീസിനെത്തിയ ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശനം. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയുലൂടെ ആയിരുന്നു നായികയായിട്ടുള്ള അരങ്ങേറ്റ ചിത്രം. പിന്നീട് ഹിന്ദിയിലും കന്നഡയിലും നിരവധി സിനിമകള്‍ സുപര്‍ണയ്ക്ക് ലഭിച്ചിരുന്നു. വൈശാലി ഇറങ്ങിയ അതേ വര്‍ഷം സുപര്‍ണയുടേതായി എത്തിയ ഹിന്ദി ചിത്രം തെസാബിയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പത്മരാജന്റെ സംവിധാനത്തില്‍ 1991 ല്‍ റിലീസിനെത്തിയ ഞാന്‍ ഗന്ധര്‍വ്വന്‍ ആയിരുന്നു വൈശാലിയുടെ അവസാന മലയാള ചിത്രം. വൈശാലിയ്ക്ക് ശേഷം ഉത്തരം, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, എന്നിങ്ങനെയുള്ള മലയാള സിനിമകളിലാണ് നടി അഭിനയിച്ചിരിക്കുന്നത്. പിന്നീട് സുപര്‍ണയ്ക്ക് കൂടുതലും ലഭിച്ചത് ഹിന്ദി സിനിമകളായിരുന്നു. 1997 ല്‍ ആസ്ത ഇന്‍ ദി പ്രിസണ്‍ ഓഫ് സ്പ്രിംഗ് ആണ് അവസാന ചിത്രം. അതിന് ശേഷം സിനിമാ ജീവിതത്തില്‍ നിന്നും മാറി കുടുംബിനിയായ സുപര്‍ണ.

ഇപ്പോഴിതാ താന്‍ അഭിനയിച്ചിരുന്ന കാലത്തും കൗസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നതിനെ കുറിച്ച് നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്. കാസ്റ്റിങ് കൗച്ച് ദുഃഖകരമായ കാര്യമാണ്. താന്‍ അഭിനയിച്ചിരുന്ന കാലത്തും ഇതൊക്കെ ഉണ്ടായിരുന്നു. ഇന്നും സിനിമ പുരുഷകേന്ദ്രീകൃതമാണ്. അതിനാല്‍ തന്നെ സിനിമയിലെ സത്രീ കൂട്ടായ്മയെ താന്‍ സ്വാഗതം ചെയ്യുന്നതായി പറയുകയാണ് സുപര്‍ണ. അവസരം ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും നടി പറയുന്നു.
ഈ പ്രായത്തിന് അനുയോജ്യമായ സിനിമകള്‍ ലഭിച്ചാല്‍ തനിക്ക് ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. ഇതുവരെ പല ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മുപ്പത് വര്‍ഷത്തിന് ശേഷവും മലയാളികള്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നും സൂപര്‍ണ പറയുന്നു. നേരത്തെ ടെലിവിഷന്‍ പരിപാടിയിലൂടെ സുപര്‍ണ വീണ്ടും മലയാളത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ സിനിമയിലേക്ക് അവസരവുമായി ആരെങ്കിലും വരുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. നടി താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നതിനാല്‍ വൈകാതെ ഉണ്ടാവുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications