For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുടെ നെറ്റിയിലെ പാടിന് പിന്നിലൊരു കഥയുണ്ട്! എത്ര ഒരുങ്ങിയാലും മുദ്രയായി അതുണ്ടെന്ന് നടി

  |

  സെപ്റ്റംബര്‍ പത്തിന് 42-ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. പിറന്നാള്‍ ദിവസം മഞ്ജുവിനെ കുറിച്ചുള്ള രസകരമായ വിവരങ്ങളായിരുന്നു പുറത്ത് വന്നത്. സഹോദരന്‍ മധു വാര്യര്‍ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ സ്‌കൂള്‍ കാലട്ടത്തിലെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് മഞ്ജുവിപ്പോള്‍.

  ആദ്യം താന്‍ പഠിച്ചത് തമിഴാണെന്നും മലയാളം സെക്കന്‍ഡ് ലാംഗ്വേജ് ആയിട്ടാണ് പഠിച്ചതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മഞ്ജു വ്യക്തമാക്കി. അത് മാത്രമല്ല ഇപ്പോഴും തന്റെ നെറ്റിയില്‍ കാണുന്ന മുറിവിന്റെ പാട് ഉണ്ടായതെങ്ങനെയാണെന്നുള്ള കാര്യം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

  എന്റെ ക്ലാസിലെ ഒരേയൊരു മലയാളി കുട്ടി ഞാനായിരുന്നു. സ്‌കൂള്‍ കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും ആദ്യം മനസില്‍ എത്തുന്നതും ആ നാനത്വത്തില്‍ ഏകത്വമാണ്. അന്ന് ഞങ്ങള്‍ നാഗര്‍കോവിലിലാണ് താമസം. അച്ഛന് അവിടെയായിരന്നു ജോലി. അച്ഛന്റെ ട്രാന്‍സ്ഫറുകള്‍ക്ക് അനുസരിച്ച് പുതിയ സ്‌കൂള്‍, പുതിയ കൂട്ടുകാര്‍, പുതിയ ടീച്ചര്‍മാര്‍ അങ്ങനെ ഓര്‍മ്മകള്‍ ഒരുപാടുണ്ട്. നാഗര്‍കോവിലിലെ സിഎസ്‌ഐ മെട്രികുലം സ്‌കൂള്‍ ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ തൊട്ടടുത്തായിരുന്നു.

  ചേട്ടന്‍ സ്‌കൂളില്‍ പോകുമ്പോള്‍ ഞാന്‍ നന്നേ ചെറിയ കുട്ടിയാണ്. പക്ഷേ ചേട്ടന്‍ യൂണിഫോമൊക്കെ ഇട്ട് പോകുന്നത് കാണുമ്പോള്‍ തുടങ്ങും ഞാനും ബഹളം. ചേട്ടന്റെ ബെല്‍റ്റും ടൈയും ഷൂസുമൊക്കെയാണ് എന്നെ ആകര്‍ഷിക്കുന്നത്. രാവിലെ തന്നെ പെറ്റിക്കോട്ടിന്റെ മേലെ ചേട്ടന്റെ ടൈ കെട്ടിയിട്ട് എല്ലാവരെയും പറയും സ്‌കൂളില്‍ പോകാന്‍ ഞാനും റെഡിയായെന്ന്. ആ ചിത്രം ഇപ്പോഴും മനസിലുണ്ട്. ചിലപ്പോഴൊക്കെ ചേട്ടന്റെ കൂടെ സ്‌കൂളില്‍ പോയിട്ടുമുണ്ട്. അന്നൊക്കെ പലരും അനിയത്തിമാരെ സ്‌കൂളില്‍ കൊണ്ട് വരാറുണ്ട്. രാവിലെ ചേട്ടന്‍ പോകുന്ന കൂടെ ഞാനും ഒരുങ്ങി പോകും. അമ്മയാണ് ഒരുക്കി വിടുന്നത്. പിന്നെ, ഗമയില്‍ സ്‌കൂളില്‍ പോയി ഇരിപ്പാണ്. അങ്ങനെയാണ് എനിക്ക് സ്‌കൂളിനോട് സ്‌നേഹം കൂടുന്നതും.

  എല്‍കെജിയില്‍ ചേര്‍ന്നപ്പോള്‍ സ്വന്തമായി ഒരു യൂണിഫോമും ടൈയുമൊക്കെയായി കുറച്ച് ഗമ കൂടി. എല്‍കെജി മുതല്‍ പോയത് കൊണ്ട് ഒന്നാം ക്ലാസൊന്നും വലിയ പ്രശ്‌നമുണ്ടായിരുന്നില്ല. ഞാന്‍ എപ്പോഴും ഹാപ്പിയായി സ്‌കൂളില്‍ പോകുന്നയാളായിരുന്നു. പക്ഷേ കരഞ്ഞ ഒരു അനുഭവമുണ്ട്. അതൊരിക്കലും മറക്കില്ല. സംഭവം ഞാന്‍ എല്‍കെജിയിലോ യൂകെജിയിലോ പഠിക്കുന്ന സമയമാണ്. ഞങ്ങളുടെ ക്ലാസ് മുറികള്‍ വീടുകളിലെ പോലെ ഫുള്‍ ക്ലോസ്ഡ് ആണ്. എന്റെ ക്ലാസിന് മാത്രം രണ്ട് വാതിലുകള്‍ ഉണ്ടായിരുന്നു. ഒന്ന് അപ്പുറത്തെ ക്ലാസിലേക്ക് കയറാവുന്നതാണ്.

  ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ ആ വാതിലില്‍ ഒരു തുള കാണുന്നു. എങ്കില്‍ പിന്നെ, അതെന്താണെന്ന് ഒന്ന് അറിയണമല്ലോ എന്ന് കരുതി വാതിലിനോട് ചേര്‍ത്ത് കണ്ണ് വച്ചു നോക്കി. എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. അപ്പുറത്തെ സൈഡില്‍ നിന്നും ആരോ വാതിലില്‍ തള്ളി തുറന്നു. വാതില്‍ പാളി വന്ന് അടിച്ചത് എന്റെ നെറ്റിയില്‍. എന്റെ വെള്ള ഷര്‍ട്ടിലേക്കതാ ചോരയൊഴുകുന്നു. ഏകദേശം ഉച്ച സമയമായത് കൊണ്ട് നന്നായി ചോര വരുന്നുണ്ട്. അപ്പോഴെക്കും ടീച്ചര്‍മാരൊക്കെ ഓടി വന്നു. ആരോ അമ്മയെ വിളിച്ചു. അങ്ങനെ നേരെ ആശുപത്രിയില്‍ കൊണ്ട് പോയി തുന്നിക്കെട്ടി. ആ പാടാണ് കാലമിത്ര കഴിഞ്ഞിട്ടും എന്റെ നെറ്റിയില്‍ ഉള്ളത്. എത്ര ഒരുങ്ങിയാലും മായാത്ത മുദ്ര. അത് എന്റെ സ്‌കൂള്‍ കാലത്തിന്റെ തുടക്കം സമ്മാനിച്ചതാണ്.

  ഞാന്‍ ആദ്യം എഴുതാനും വായിക്കാനും പഠിച്ചത് തമിഴാണ്. സ്‌കൂളിലെ പ്രാഥമിക ഭാഷ തമിഴായിരുന്നു. സെക്കന്‍ഡ് ലാംഗ്വേജിന് ഓപ്ഷനുണ്ട്. ഹിന്ദി, മലാളം, അങ്ങനെ. എന്റെ ക്ലാസില്‍ മലയാളം സെക്കന്‍ഡ് ലാംഗ്വേജ് ആയി എടുത്ത കുട്ടി ഞാന്‍ മാത്രമായിരുന്നു. അന്ന് മലയാളം പഠിപ്പിക്കുന്നത് ഒരു സാറാമ്മ ടീച്ചറാണ്. എനിക്ക് അതൊക്കെ അവ്യക്തമായിട്ട് മാത്രമേ ഓര്‍മ്മയുള്ളു. പക്ഷേ, ഞാന്‍ മറ്റ് ക്ലാസിലെ, അതായത് എന്നെക്കാള്‍ മുതിര്‍ന്ന കുട്ടികള്‍ക്കൊക്കെ ഒപ്പമിരുന്നാണ് മലയാളം പഠിച്ചത്.

  എനിക്ക് തോന്നുന്നു ഞാന്‍ ഒരു കുട്ടി മാത്രമായത് കൊണ്ട് കംപെയയിന്‍ഡ് ക്ലാസ് ആക്കിയതകാം. അവ്യക്ത ചിത്രങ്ങള്‍ പോലെയാണ് ആ ഓര്‍മ്മകള്‍. ജീവിതത്തില്‍ അധ്യായന വര്‍ഷം തുടങ്ങിയത് നാഗര്‍കോവിലെ ആ മനോഹരമായ സ്‌കൂളില്‍ നിന്നാണ്. വെള്ള ഷര്‍ട്ടും ഇളംനീല പാവാടയുമിട്ട ആ എല്‍കെജി കുട്ടിയില്‍ നിന്നാണ്. കുട്ടിക്കാലവും സൗഹൃദവും വികൃതികളും ചിരിയും അങ്ങനെ ഇനിയൊരിക്കലും തിരിച്ച് വരാത്തൊരു കാലം എന്നും ഓര്‍ക്കാനുള്ളത് തന്നിട്ടുണ്ട് ആ നാടും അവിടുത്തെ ബാല്യവും.

  English summary
  Superstar Manju Warrier About Her School Days And Memmories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X