ജൂനിയർ രജിനികാന്തിന് കാതുകുത്ത്..., സൗന്ദര്യയുടെ കുഞ്ഞിന്റെ കാതുകുത്ത് ചടങ്ങിൽ തിളങ്ങി സൂപ്പർ സ്റ്റാർ!
നടൻ രജനികാന്തിന് രണ്ട് പെൺമക്കളാണുള്ളത്. മൂത്ത മകളായ ഐശ്വര്യ നടൻ ധനുഷുമായി പ്രണയത്തിലാവുകയും 2004ൽ വിവാഹിതയാവുകയും ചെയ്തിരുന്നു. ദമ്പതികൾക്ക് ലിംഗ, യാത്ര എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. പതിനെട്ട് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം 2022ലാണ് ഇരുവരും വിവാഹമോചിതരായത്.
അതുപോലെ തന്നെ രജനിയുടെ രണ്ടാമത്തെ മകൾ സൗന്ദര്യയുടെ ആദ്യ വിവാഹവും വിവാഹമോചനത്തിൽ കലാശിച്ചിരുന്നു. പിന്നീട് 2019ൽ യുവനടൻ വിശാഖൻ വണങ്കാമുടിയെ സൗന്ദര്യ രണ്ടാമത് വിവാഹം ചെയ്തു.
കഴിഞ്ഞ വർഷമാണ് ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് പിറന്നത്. 2010ലാണ് സൗന്ദര്യ ആദ്യം വിവാഹിതയാവുന്നത്. 2017ല്‍ ഈ ബന്ധം അവസാനിപ്പിച്ചു. അതിലുണ്ടായ മകന്‍ സൗന്ദര്യയുടെ കൂടെയാണ് താമസിക്കുന്നത്. രജിനികാന്ത് അടക്കമുള്ള കുടുംബാംഗങ്ങളുടെ സമ്മതത്തോടെ വലിയ ആഘോഷമായിട്ടാണ് സൗന്ദര്യയുടെ രണ്ടാം വിവാഹം നടന്നത്.

വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ നടനാണ് വിശാഖന്‍. സൗന്ദര്യയെ പോലെ വിശാഖന്റെയും രണ്ടാം വിവാഹമായിരുന്നു. ദമ്പതിമാരെന്ന നിലയില്‍ സന്തുഷ്ടമായൊരു കുടുംബജീവിതമാണ് ഇരുവരും നയിച്ചത്. ഇതിനിടയിലാണ് സൗന്ദര്യ ഗര്‍ഭിണിയാവുന്നത്.
ഇക്കാര്യം പുറം ലോകത്ത് നിന്നും മറച്ച് വെച്ചിരുന്നെങ്കിലും കുഞ്ഞതിഥി വന്നതോടെ വിവരം പുറംലോകത്തോട് താരദമ്പതികൾ പറഞ്ഞു. വിശാഖനിൽ തനിക്ക് പിറന്ന ആൺകുഞ്ഞിന് പിതാവ് രജിനികാന്തിന്റെ പേര് കൂടി ചേർത്ത് വീർ രജിനികാന്ത് എന്നാണ് സൗന്ദര്യ പേരിട്ടത്.
ഇപ്പോഴിതാ സൗന്ദര്യയുടെ രണ്ടാമത്തെ കുഞ്ഞിന്റെ തല മുണ്ഡനം ചെയ്യുന്നതും കാത് കുത്ത് ചടങ്ങും ആഘോഷമായി താര കുടുംബം നടത്തിയതിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. വിശാഖന്റെ കുലദൈവ ക്ഷേത്രത്തിലാണ് മൊട്ടയടിക്കൽ ചടങ്ങ് നടന്നത്.
കോയമ്പത്തൂർ ജില്ലയിലെ സുലൂരിനടുത്തുള്ള സെന്തോട്ടത്തിലാണ് വിശാഖന്റെ കുലദൈവ ക്ഷേത്രമായ മീനാക്ഷി അമ്മൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രജിനിയുടെ ചെറുമകൻ വീർ രജിനികാന്തിന്റെ തല മൊട്ടയടിക്കുന്ന ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.

പരിപാടിക്ക് വൈകിയെത്തിയ രജിനികാന്ത് സുലൂരിലെ വിശാഖന്റെ വീട്ടിലെത്തി അവരുമായി അൽപനേരം ആശയവിനിമയം നടത്തുകയും ആരാധകരെ കാണുകയുമെല്ലാം ചെയ്തിരുന്നു. കൊയമ്പത്തൂർ നിന്നുള്ള രജിനികാന്തിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാണ്. രജനികാന്തിന്റെ മകള്‍ എന്നതിലുപരി സംവിധായികയും നിര്‍മാതാവുമാണ് സൗന്ദര്യ രജനികാന്ത്.
1999 മുതല്‍ ഗ്രാഫിക് ഡിസൈനറായി സിനിമകളില്‍ പ്രവര്‍ത്തിച്ച സൗന്ദര്യ രണ്ട് സിനിമ സംവിധാനം ചെയ്തു. ചേച്ചിയുടെ മുൻ ഭര്‍ത്താവും നടനുമായ ധനുഷിനെ നായകനാക്കി സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരി 2 എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജയിലർ വൻ വിജയമായ സന്തോഷത്തിലാണ് രജിനികാന്ത്. മൂന്ന് വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിലെത്തിയ രജിനികാന്ത് സിനിമ എന്നതിനാൽ തന്നെ പ്രഖ്യാപനം മുതൽ ജയിലർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ബീസ്റ്റ് എന്ന സിനിമയുടെ പരാജയത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ജയിലർ.
നടൻ വിനായകനായിരുന്നു ചിത്രത്തിൽ വില്ലൻ. ഐശ്വര്യ രജിനികാന്ത് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന ചിത്രമാണ് രജിനികാന്തിന്റേതായി അണിയറയിൽ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. മൊയ്തീൻ ഭായ് എന്നാണ് സൂപ്പർ സ്റ്റാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ കാമിയോ വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്.


Click it and Unblock the Notifications











