For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളസിനിമയുടെ പ്രശ്‌നം വിഗ്ഗാണോ?

  |

  Ashiq abu
  അപ്പോള്‍ മലയാള സിനിമയുടെ പ്രശ്‌നം താരങ്ങളുടെ വിഗ് ആണോ? സൂപ്പര്‍താരങ്ങള്‍ വിഗ് വച്ച് അഭിനയിക്കുന്നതാണ് മലയാള സിനിമയുടെ ശാപമെന്ന് സംവിധായകന്‍ ആഷിഖ് അബു പറയുന്നു. സൂപ്പര്‍താരങ്ങള്‍ വിഗ് എടുത്ത് അഭിനയിച്ചാല്‍ ഇവിടുത്തെ എല്ലാ സിനിമകളും ഹിറ്റാകുമോ? മൂന്നു ചിത്രങ്ങള്‍ ഹിറ്റായപ്പോഴേക്കും അഹങ്കാരം തലയ്ക്കു പിടിച്ച, മലയാള സിനിമ താങ്ങിനിര്‍ത്തുന്നത് താനാണെന്ന് വിശ്വസിക്കുന്ന ഉത്തരത്തിലെ ഗൗളികളുടെ കൂട്ടത്തിലുള്ളവര്‍ക്കേ ഇങ്ങനെയൊക്കെ പറയാന്‍ പറ്റൂ.

  മലയാളത്തിലെ ഒരു ന്യൂസ് മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് താരങ്ങളുടെ വിഗ് വച്ചുള്ള നടത്തത്തെ ആഷിഖ് അബു കളിയാക്കുന്നത്. അതോടൊപ്പം മറ്റൊന്നു കൂടി ചേര്‍ക്കുന്നു- ഫഹദ് ഫാസില്‍ വിഗ് ഇല്ലാതെ അഭിനയിക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും. ന്യൂ ജനറേഷന്‍ സിനിമകള്‍ എന്ന പേരില്‍ കൊറിയന്‍ സിനിമകള്‍ അതേപോലെ പകര്‍ത്തി വയ്ക്കുന്ന കോപ്പിയടി വലിയ സംഭവമായി അദ്ദേഹത്തിനു തോന്നുന്നില്ല. ചാപ്പാകുരിശ് എന്ന 'സീന്‍ ബൈ സീന്‍' കോപ്പിയടി ചിത്രത്തെ അങ്ങനെയല്ല അദ്ദേഹം കാണുന്നതത്രെ. കൊച്ചിയുടെ പശ്ചാത്തലത്തിലെടുത്ത നല്ലൊരു ചിത്രമായിട്ടാണ്. കൊച്ചിയുടെ പശ്ചാത്തലത്തില്‍ സിനിമയെടുക്കുമ്പോള്‍ 'സീന്‍ ബൈ സീന്‍' പകര്‍ത്തണമെന്ന് ആരെങ്കിലും പറഞ്ഞിരുന്നോ?

  ന്യൂ ജനറേഷന്‍ എന്ന വിഭാഗത്തില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ വിജയിച്ചിട്ടുള്ളൂ. അതില്‍ തന്നെ പകുതിയിലേറെ അന്യഭാഷാ ചിത്രങ്ങളുടെ കോപ്പിയടിയാണ്. സംഭാഷണം പോലും അതേ പോലെ പകര്‍ത്തിവച്ചാണ് പലതും വിജയം നേടിയത്. ന്യൂജനറേഷനില്‍ ഈ അടുത്ത കാലത്ത് എന്ന ചിത്രമൊഴികെ ബാക്കിയെല്ലാറ്റിനും പിതൃത്വം ആരോപിച്ചെത്താന്‍ ഓരോ വിദേശ ഭാഷാ ചിത്രങ്ങളുണ്ടാകും. എന്നാല്‍ അതിനെയെല്ലാം ന്യായീകരിച്ച്, സൂപ്പര്‍താരങ്ങള്‍ വിഗ് വച്ച് കുളിക്കാന്‍ പോകുന്നതാണ് വലിയ പ്രശ്‌നമെന്ന് ആഷിഖ് അബു വെളിപ്പെടുത്തുന്നു.

  മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരെയൊക്കെ താരപരിവേഷത്തോടെയാണ് നാം കാണുന്നത്. ഓട്ടോ റിക്ഷ ഓടിക്കുന്ന, പൊലീസ് വേഷത്തില്‍ ആളെ തല്ലുന്ന, അധ്യാപകനായി കുട്ടികളെ പഠിപ്പിക്കുന്ന ഒരാളെ നമുക്ക് ഈ സ്ഥാനത്തു കാണാന്‍ കഴിയില്ല. എന്നാല്‍ ഈ വേഷങ്ങളില്‍ താരങ്ങളെത്തുമ്പോള്‍ നാം അവരെ കയ്യടിക്കുന്നു. സിനിമയുടെ വര്‍ണപ്പകിട്ടോടെയാണ് നാം എപ്പോഴും താരങ്ങളെ കാണുന്നത്. അത് സൂപ്പര്‍താരങ്ങളായാലും വില്ലന്‍മാരായാലും. താടിയും മീശയും വച്ച ഒരാളെ കഥകളി കലാകാരനായി നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ?

  അപ്പോള്‍ മോഹന്‍ലാല്‍ കഥകളിക്കാരനാകുമ്പോള്‍ മീശയും താടിയുമെല്ലാം ഇല്ലാതെയാണ് ക്യാമറയ്ക്കു മുന്‍പില്‍ വരുന്നത്. അതേ ലാല്‍ പത്തുപേരെ തല്ലിവീഴ്ത്തുന്ന ചട്ടമ്പിയാകുമ്പോള്‍ മീശയെല്ലാം പിരിച്ച്, മുണ്ട് മടക്കിക്കുത്തിയാണ് എത്തുന്നത്. അല്ലാതെ മീശവടിച്ച് താടിയൊന്നുമില്ലാതെ ചട്ടമ്പിയായി ലാല്‍ വന്നാല്‍ നാം അംഗീകരിക്കില്ല.

  സിനിമയൊരു കലാരൂപമാണ്. അതിനുള്ളിലുള്ളവരെ കലാകാരന്‍മായിട്ടാണ് നാം കാണുന്നത്. ഈ കലാകാരന്‍മാരെ വിഗ് വച്ച് കണ്ടതുകൊണ്ടോ, വിഗ്ഗില്ലാതെ കണ്ടതുകൊണ്ടോ വല്ല പ്രശ്‌നവുമുണ്ടോ. വിഗ് വയ്ക്കുന്നതും വയ്ക്കാതിരിക്കുന്നതും ഓരോരുത്തരുടെ താല്‍പര്യമാണ്. രജനീകാന്ത് വിഗ്ഗില്ലാതെ ജനത്തിനിടയില്‍ വരുന്നുണ്ടെങ്കില്‍ അത് അയാളുടെ വ്യക്തിപരമായ താല്‍പര്യമാണ്.

  ആഷിഖ് അബു സിനിമയില്‍ വരുന്നതിനു മുന്‍പ് ധാരാളം സംവിധായകര്‍ ഇവിടെ ചിത്രമെടുത്തിട്ടുണ്ട്. അവരൊക്കെ സിനിമയുടെ തങ്ങളുടെ കഴിവു പ്രകടിപ്പിക്കാനുള്ള കലാരൂമായിട്ടാണു കണ്ടത്. അല്ലാതെ അതില്‍ അഭിനയിക്കാന്‍ വന്നവരെ ചീത്തവിളിക്കാനുള്ള ഉപാധിയായിട്ടല്ല. നാളെ മോഹന്‍ലാലോ മമ്മൂട്ടിയോ ആഷിഖ് അബുവിന് ഡേറ്റ് കൊടുക്കുമ്പോള്‍ വിഗ്ഗില്ലാതെ വേണം എന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ എന്ന് ഈ സംവിധായകന്‍ പറയുമോ? എങ്കില്‍ അദ്ദേഹത്തെ ആണ്‍കുട്ടിയെന്നു വിളിക്കാം. ആദ്യ ചിത്രം തന്നെ മമ്മൂട്ടിയെ നായകനാക്കിയാണ് ആഷിഖ് വരുന്നത്.

  വിഗ് വയ്ക്കുന്ന, ഡൈ ഉപയോഗിക്കുന്ന എത്രയോ ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. അതുകൊണ്ടാണല്ലോ ഗള്‍ഫ് ഗേറ്റ് എന്ന സ്ഥാപനവും ഗോദ്‌റെജിന്റെ ഡൈ പൗഡറുമെല്ലാം ഇവിടെ വന്‍ വിജയം നേടുന്നത്. എന്തിനു താരങ്ങളെ മാത്രം നാം ഉന്നം വയ്ക്കണം. കേരളത്തിലെ രണ്ടു പ്രമുഖ മന്ത്രിമാര്‍ വിഗ് വച്ചാണ് പൊതുജനസമക്ഷം പ്രത്യക്ഷപ്പെടുന്നത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് അവര്‍. അവരോട് വിഗ് ഊരിവയ്ക്കാന്‍ പറയാന്‍ ഈ സംവിധായകനു സാധിക്കുമോ?

  മോഹന്‍ലാല്‍ വിഗ് വച്ചതുകൊണ്ട് കേരളത്തിലെ എല്ലാ കഷണ്ടിയുള്ളവരും വിഗ് വച്ചുകൊള്ളണമെന്നില്ല. അദ്ദേഹം വിഗ് ഉപേക്ഷിച്ചാല്‍ എല്ലാ വിഗുകാരും അത് ഉപേക്ഷിക്കണമെന്നില്ല. താരങ്ങളെ താരങ്ങളായിട്ടാണു നാം കാണുന്നത്. സുരേഷ്‌ഗോപി ചിത്രങ്ങളില്‍ പലതവണ പൊലീസ് ഓഫിസര്‍മാരെ ചീത്തവിളിക്കുന്നു, കൈകാര്യം ചെയ്യുന്നു. അതുകണ്ട് ഏതെങ്കിലും പൗരന്‍ ഇവിടെ പൊലീസിന്റെ മേല്‍ കൈ വച്ചിട്ടുണ്ടോ. എന്നാല്‍ സുരേഷ്‌ഗോപി നല്ല വേഷത്തില്‍, കൂടുതല്‍ സുന്ദരനായി കാണുമ്പോള്‍ ഇവിടുത്തെ ജനത്തിനു വലിയ സന്തോഷമാണ്.

  മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്യുന്നുണ്ട്. മമ്മൂട്ടി,ലാല്‍, സുരേഷ്‌ഗോപി, ദിലീപ്, കലാഭവന്‍ മണി എന്നിവരൊക്കെ അതില്‍ മുന്‍പന്തിയിലാണ്. ഇന്‍കം ടാക്‌സ് വെട്ടിക്കാനല്ല അവര്‍ അതിനായി ഇറങ്ങുന്നത്. മനസ്സിലെ നന്‍മയുടെ അംശം നഷ്ടപ്പെടാത്തതുകൊണ്ടാണ്. അതിനെ പ്രകീര്‍ത്തിക്കാന്‍ അല്‍പം സമയം ഈ സംവിധായകന്‍ ശ്രമിച്ചിരുന്നെങ്കില്‍ വായിക്കുന്നവര്‍ക്ക് ഇവരുടെ നന്‍മയെല്ലാം മനസ്സിലാകുമായിരുന്നു. അതിനു പകരം താരങ്ങളുടെ വിഗില്‍ പിടിച്ചു വലിച്ചതുകൊണ്ട് മലയാള സിനിമയ്ക്ക് എന്തെങ്കിലും ഗുണമുണ്ടോ?

  ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ 22 എഫ്‌കെ, ടാ തടിയാ എന്നീ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടത് അതിലെ പ്രമേയത്തിന്റെ പ്രത്യേകതകൊണ്ടാണ്. അത്തരം വ്യത്യസ്തമായ തിരക്കഥ വന്നതുകൊണ്ടാണ് ഇവ ശ്രദ്ധിക്കപ്പെട്ടത്. അല്ലെങ്കില്‍ ആഷിഖ് അബു ഡാഡി കൂള്‍ പോലെയുള്ള ചിത്രങ്ങളുടെ സംവിധായകന്‍ ആകുമായിരുന്നു. എന്നാല്‍ എവിടെയെങ്കിലും ഈ ചിത്രങ്ങളുടെ കഥ, തിരക്കഥ എഴുതിയ ആളുകളെക്കുറിച്ച് ഈ സംവിധായകന്‍ പറുന്നതു കേട്ടിട്ടുണ്ടോ. എല്ലാം തന്റെ വ്യക്തിപരായ കഴിവുകൊണ്ടാണ് എന്നല്ലേ ഇദ്ദേഹം പറയാറുള്ളത്. നല്ല കലാരൂപമാണ് പ്രേക്ഷകര്‍ ആഷിഖ് അബുവിനെ പോലെയുള്ളവരില്‍ നിന്നു നാം പ്രതീക്ഷിക്കുന്നത്. അല്ലാതെ താരങ്ങളെ കുറ്റപ്പെടുത്തി, എല്ലാം ഞങ്ങളാണ് എന്നു പറയുന്ന സംവിധായകനെയല്ല.

  English summary
  Is Superstar's wig is the main issue in Malluwood. Nirmal writes about director Ashiqu Abus recent interview.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X