പ്രൊഡ്യൂസറെന്നാൽ ചെക്ക് ഒപ്പിടുന്ന ആളല്ല; ആദ്യ സിനിമ പരാജയപ്പെട്ടപ്പോൾ സംഭവിച്ചതിനെക്കുറിച്ച് സുപ്രിയ
മലയാള സിനിമയിൽ ഇന്ന് ലൈം ലൈറ്റിലുള്ള നിർമാതാക്കളിൽ ഒരാളാണ് സുപ്രിയ മേനോൻ. ഭർത്താവ് പൃഥിരാജിനൊപ്പം പൃഥിരാജ് പ്രൊഡക്ഷൻസ് എന്ന കമ്പനിയുടെ അമരത്തിരിക്കുന്ന സുപ്രിയ ഇന്ന് മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നിർമാതാക്കളിൽ ഒരാളാണ്. താരപത്നി എന്ന ലേബലിനപ്പുറം സ്വന്തമായി പേര് നേടിയേടുത്ത സുപ്രിയക്ക് ഇന്ന് നിരവധി ആരാധകരുമുണ്ട്. ബിബിസി ചാനലിലെ ജേർണലിസ്റ്റായിരുന്ന സുപ്രിയ പൃഥിരാജുമായുള്ള വിവാഹ ശേഷം ജോലി ഉപേക്ഷിച്ചെങ്കിലും കരിയർ മറ്റൊരു തലത്തിലേക്ക് മാറ്റി.

സിനിമാ നിർമാണത്തെ പറ്റി ഒന്നും അറിയാതിരുന്ന സുപ്രിയ വളരെ പെട്ടെന്ന് തന്നെ പൃഥിരാജ് പ്രൊഡക്ഷൻസിന്റെ അമരത്തേക്കെത്തുന്ന കാഴ്ചയാണ് കണ്ടത്. ജേർണലിസം ഉപേക്ഷിച്ചെങ്കിലും ആളുകളോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു പ്രൊഫഷൻ എന്ന നിലയിൽ നിർമാണവും തനിക്കിഷ്ടമാണെന്ന് സുപ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ പൃഥിരാജ് പ്രൊഡക്ഷൻസ് നിർമ്മിച്ചു.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസുമായി ചേർന്ന് നിർമ്മിച്ച സിനിമകളാണ് ഇതിൽ പലതും. ഇരു കമ്പനികളും കൂടി നിർമ്മിച്ച ജനഗണ മന എന്ന അടുത്തിടെയിറങ്ങിയ സിനിമ വൻ ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ സിനിമാ നിർമാണത്തിലേക്കുള്ള ചുവടു വെപ്പിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സുപ്രിയ. പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ നയൻ (9) പരാജയപ്പെട്ടതിനെക്കുറിച്ചും സുപ്രിയ സംസാരിച്ചു. ടൈ കേരളയുടെ വിമൻ ഇൻ ബിസിനസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു സുപ്രിയ.

'നിർമാണ കമ്പനി തുടങ്ങുന്നതിനെ പറ്റി ഞാനും ഭർത്താവും ചർച്ച ചെയ്തിരുന്നു. 2017 ൽ പൃഥിരാജ് പ്രൊഡക്ഷൻസ് എന്ന കമ്പനി തുടങ്ങി. ആദ്യ പ്രൊജക്ട് സോണി പിക്ചേഴ്സ് ഇന്റർനാഷണലുമായി ചേർന്നായിരുന്നു. സയന്റിഫിക് ഫിക്ഷനായ 9 എന്ന സിനിമ നിർമ്മിച്ചു'
'കോർപ്പറേറ്റ് ഭീമനായ സോണിയോടൊപ്പമുള്ള നിയമ, സാമ്പത്തിക പേപ്പർ വർക്കുകൾ ചെയ്യാൻ എനിക്ക് എളുപ്പമായിരുന്നെങ്കിലും മണാലിയിൽ ഷൂട്ട് ചെയ്യുന്നതെങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. ആ ഷൂട്ടിംഗ് അനുഭവം ഇന്നും പ്രിയപ്പെട്ടതാണ്. പ്രൊഡ്യൂസർ എന്നാൽ ചെക്ക് ഒപ്പിടുന്ന ആൾ അല്ലെന്നും പ്രൊജക്ടിലുടനീളം ഇടപെടുന്ന ആളാണെന്ന് ഞാൻ തിരിച്ചറിഞ്ഞു'

'ദുഃഖകരമെന്നോണം 9 എന്ന സിനിമ പ്രതീക്ഷിച്ച പോലെ വിജയം ആയില്ല. അത് കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ ആയിരുന്നു. പ്രൊഡ്യൂസർ എന്ന നിലയിൽ ആ സിനിമ പുറത്തിറക്കിയതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ബഡ്ജറ്റിന് താഴെയാണ് ആ സിനിമ നിർമ്മിച്ചത്. നിർമാണത്തിലെ പുതിയ ആളെന്ന നിലയിൽ അതിൽ എനിക്ക് അഭിമാനമുണ്ട്,' സുപ്രിയ പറഞ്ഞു.
9 ന് ശേഷം ഡ്രെെവിംഗ് ലൈസൻസ് ചെയ്തു. രണ്ട് പുരുഷൻമാർ തമ്മിലുള്ള ഈഗോ ആയിരുന്നു കഥ. അത് ഹിറ്റായി. നിർമാണ മേഖലയിൽ വളരെക്കുറച്ച് സ്ത്രീകൾ മാത്രമേ ഉള്ളൂ. സിനിമയിൽ സ്ത്രീകൾക്ക് പ്രാധാന്യം ലഭിക്കണമെന്നും അതിന് വേണ്ടി ശ്രമം നടത്തുമെന്നും സുപ്രിയ മേനോൻ പറഞ്ഞു,


Click it and Unblock the Notifications