പൃഥ്വിരാജുമായിട്ടുള്ള പ്രണയം തുടങ്ങുന്നത് ആ ഫോണ്‍ കോളിലൂടെ; ജീവിതം മാറ്റി മറിച്ച സംഭവത്തെ കുറിച്ച് സുപ്രിയ
പൃഥ്വിരാജ് സുകുമാരന്‍ നായകനായി തിളങ്ങി നിന്ന കാലത്താണ് ഒരു മാധ്യമ പ്രവര്‍ത്തകയെ വിവാഹം കഴിക്കുന്നത്. അന്ന് സുപ്രിയ മേനോനെ കുറിച്ച് അധികമാര്‍ക്കും അറിയാത്തത് കൊണ്ട് തന്നെ പലരും വിവാഹ വാര്‍ത്തയെ പരിഹസിച്ചു. ഇത്രയും നടിമാരുണ്ടായിട്ടും ഇവരെയാണോ കെട്ടിയതെന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നു.
എന്നാല്‍ സുപ്രിയ മേനോന്‍ എന്തായിരുന്നുവെന്നും അവരുടെ ജീവിതത്തെ സംബന്ധിക്കുന്നതുമായ കഥകള്‍ പുറത്ത് വന്നതോടെയാണ് താരപത്‌നിയ്ക്കും ആരാധകരെ ലഭിച്ചത്. ഇപ്പോഴിതാ ഒരു ഫോണ്‍ കോളിലൂടെയാണ് താനും പൃഥ്വിരാജും അടുപ്പത്തിലേക്ക് എത്തുന്നതെന്ന് പറയുകയാണ് സുപ്രിയ. വിമന്‍ ഇന്‍ ബിസിനസ് മീറ്റിലൂടെയാണ് സുപ്രിയ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞത്.

കൊളംബിയ സര്‍വകലാശാലയില്‍ മാധ്യമപഠനം സ്വപ്‌നം കണ്ടിരുന്ന സുപ്രിയ മേനോന്‍ പണം സ്വരൂപിക്കാമെന്ന് കരുതിയാണ് ജോലിയില്‍ തുടര്‍ന്നത്. അന്ന് സുപ്രിയയുടെ എഡിറ്ററായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒരു പ്രൊജക്ട് സുപ്രിയയ്ക്ക് നല്‍കി. മലയാള സിനിമയെ കുറിച്ചുള്ള പ്രൊജക്ടായിരുന്നു. സുപ്രിയ മലയാളിയാണെന്നുള്ളതാണ് ആ വിഷയം ഏല്‍പ്പിച്ചതിന് പിന്നിലെ കാരണവും. എന്നാല്‍ മോഹന്‍ലാല്‍, മമ്മൂട്ടി, എന്നീ പേരുകളല്ലാതെ മലയാള സിനിമയെ കുറിച്ച് സുപ്രിയയ്ക്ക് വലിയ ധാരണയില്ലായിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് സുപ്രിയയുടെ ഒരു സഹപ്രവര്‍ത്തക, മലയാളത്തിലെ ഒരു യുവനടന്റെ ഫോണ്‍ നമ്പര്‍ കൈമാറുന്നത്. 'അയാളോട് സംസാരിച്ചു നോക്ക്, ചിലപ്പോള്‍ അത് സഹായകമാകാം' എന്ന് സഹപ്രവര്‍ത്തക പറഞ്ഞതനുസരിച്ച് സുപ്രിയ വിളിച്ചു. ആ ഒരുഫോണ്‍ കോളാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് സുപ്രിയ പറയുന്നു. അന്ന് സഹപ്രവര്‍ത്തക സുപ്രിയയ്ക്ക് നല്‍കിയ ഫോണ്‍ നമ്പര്‍ നടന്‍ പൃഥ്വിരാജിന്റേതായിരുന്നു.

തന്റെ ഭാവി ഭര്‍ത്താവിനെയാണ് അന്ന് സഹപ്രവര്‍ത്തക പരിചയപ്പെടുത്തി നല്‍കിയതെന്ന് താനും കരുതിയില്ലെന്ന് സുപ്രിയ പറയുന്നു. സിനിമയെ കുറിച്ച് സംസാരിച്ച് രണ്ടാളും അടുത്ത സുഹൃത്തുക്കളായി മാറി. വായനയും യാത്രകളും രണ്ടുപേര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു. അങ്ങനെയാണ് പതിയെ പ്രണയം തുടങ്ങുന്നത്. മാധ്യമപ്രവര്‍ത്തകയാണെന്ന് കരുതി താന്‍ ഒരിക്കലും പൃഥ്വിരാജിനെ അഭിമുഖം ചെയ്തിട്ടില്ലെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ തന്റെ സത്യസന്ധത ഇക്കാര്യത്തില്‍ ഹനിക്കപ്പെട്ടിട്ടില്ല. രണ്ടാള്‍ക്കുമിടയില്‍ സൗഹൃദം പൂവണിയുകയും ഡേറ്റിംഗ് നടക്കുകയും ചെയ്തു. 4 വര്‍ഷത്തെ ഡേറ്റിംഗിന് ശേഷമാണ് വിവാഹം. വിവാഹശേഷം പൃഥ്വിയും സുപ്രിയയും രണ്ടിടങ്ങളിലായി. തുടക്കത്തില്‍ സുപ്രിയ ജോലിയില്‍ നിന്നും ആറ് മാസം ബ്രേക്കെടുത്തു. എന്നിട്ട് മുംബൈയിലേക്ക് തിരിച്ച് പോയി. പൃഥ്വിക്ക് തിരക്ക് കൂടിയതോടെയാണ് ഞാന്‍ ജോലി രാജി വെച്ചതെന്ന് സുപ്രിയ പറയുന്നു.

ജോലി രാജി വെച്ചതിന് ശേഷം മുംബൈയില്‍ നിന്നും മാനേജ്മെന്റില്‍ ഒരു കോഴ്സ് സുപ്രിയ ചെയ്തിരുന്നു. 2014 ല്‍ മകള്‍ അലംകൃതയ്ക്ക് സുപ്രിയ ജന്മം കൊടുത്തു. പിന്നീട് അമ്മയായതിന് ശേഷമുള്ള ജീവിതം ആസ്വദിക്കാന്‍ തുടങ്ങി. അന്നേ പൃഥ്വിരാജ് ഒരു നിര്‍മ്മാണ കമ്പനി തുടങ്ങുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2017 ല്‍ സുപ്രിയ കൂടി ചേര്‍ന്ന് ആ ലക്ഷ്യത്തിലേക്ക് എത്തി. സിനിമയെ കുറിച്ചും പ്രൊഡക്ഷനെ കുറിച്ചുമൊക്കെ കൂടുതലായി മനസിലാക്കിയതിന് ശേഷമാണ് അതിന് തയ്യാറായതെന്നും സുപ്രിയ പറയുന്നു.


Click it and Unblock the Notifications