ഒന്ന് കരയാന്‍ പോലും കഴിയാതെ ശ്വാസം മുട്ടുന്ന കുടുംബം! കുറച്ചുകൂടെ മര്യാദ ആവാം! തുറന്നടിച്ച് സുപ്രിയ മേനോന്‍
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗം മലയാളക്കരയെ ഒരുപോലെ വേദനിപ്പിച്ചിരുന്നു. സിനിമയിലുള്ളവരും, സാധാരണക്കാരുമെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലി നേരാനായി എത്തിയിരുന്നു. പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ടൗണ്‍ ഹാളിലും ആയിരക്കണക്കിന് പേരാണ് എത്തിയത്. പ്രിയപ്പെട്ട ശ്രീനിയെ കാണാനെത്തിയ സിനിമാപ്രവര്‍ത്തകര്‍ പോലും തിരക്കിനിടയില്‍ പെട്ട് പോവുന്ന കാഴ്ചയായിരുന്നു. ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഞായറാഴ്ച രാവിലെ 10 മണിക്കായിരുന്നു സംസ്‌കാരം നിശ്ചയിച്ചത്. വീട്ടുമുറ്റത്തായിരുന്നു അന്ത്യവിശ്രമം ഒരുക്കിയത്. ഞായറാഴ്ച രാവിലെയായിട്ടും ജനപ്രവാഹമായിരുന്നു വീട്ടില്‍. പോലീസുകാര്‍ക്കൊപ്പമായി സിനിമാപ്രവര്‍ത്തകരും തിരക്ക് നിയന്ത്രിക്കാനായി പാടുപെടുകയായിരുന്നു. അവസാനമായി കാണാനെത്തിയവരോടെല്ലാം മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നുണ്ടായിരുന്നു.
സൂര്യയും പൃഥ്വിരാജും അടക്കമുള്ളവര്‍ അതിരാവിലെ തന്നെ ശ്രീനിവാസന്റെ വീട്ടിലേക്കെത്തിയിരുന്നു. വികാരഭരിതനായാണ് സൂര്യ സംസാരിച്ചത്. പൃഥ്വിരാജിന് പിന്നാലെയായി ക്യാമറയും മൈക്കുമൊക്കെ നീണ്ടുവെങ്കിലും ഒന്നും സംസാരിക്കാതെ നടന്ന് നീങ്ങുകയായിരുന്നു അദ്ദേഹം. ശ്രീനിവാസന്റെ സന്തതസഹചാരിയും അടുത്ത സുഹൃത്തുമായ സത്യന്‍ അന്തിക്കാടും വീട്ടിലേക്കെത്തിയിരുന്നു. ഈയൊരു സമയത്ത് എങ്ങനെ പ്രതികരിക്കണം, എന്ത് പറയണം എന്നൊന്നും അറിയില്ല. ഒഴിഞ്ഞുമാറിയപ്പോള്‍ വീണ്ടും നിര്‍ബന്ധിച്ചതോടെയാണ് ഇടറുന്ന ശബ്ദത്തില്‍ അദ്ദേഹം ശ്രീനിയെക്കുറിച്ച് പറഞ്ഞത്. വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ അത് അവസാനിപ്പിക്കുകയായിരുന്നു.

അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ആകെ തകര്‍ന്നുപോയിരുന്നു വിനീതും ധ്യാനും. ചെന്നൈയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു വിനീത് വിവരം അറിഞ്ഞത്. നേരെ ആശുപത്രിയിലേക്കെത്തുകയായിരുന്നു. ഇട്ടിരുന്ന ഡ്രസ് പോലും മാറാതെയായിരുന്നു വരവ്. ഇതെങ്ങനെ അച്ഛന്റെ മരണത്തിന് ഇങ്ങനെ അണിഞ്ഞൊരുങ്ങി ഇരിക്കുന്നു എന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇതേ ഡ്രസില്‍ നേരത്തെയും കണ്ടതിനെക്കുറിച്ചും ചര്‍ച്ചകള്‍ അരങ്ങേറിയിരുന്നു. ധ്യാന്‍ ശ്രീനിവാസനാകട്ടെ, ലൊക്കേഷനില്‍ നിന്നായിരുന്നു വിവരം അറിഞ്ഞത്. കറുത്ത ഷര്‍ട്ടും മുണ്ടുമായിരുന്നു ധ്യാനിന്റെ വേഷം. അമ്മയേയും ചേട്ടനെയും കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു ധ്യാന്‍.
പൊതുദര്‍ശനത്തിനിടെ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ധ്യാന്‍ എഴുന്നേറ്റില്ലെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ജീവിതത്തില്‍ തനിക്കേറ്റവും പ്രിയപ്പെട്ടതും, എല്ലാമെല്ലാവുമായ അച്ഛനെ നഷ്ടമായിരിക്കുന്ന അവസ്ഥയില്‍, തനിക്ക് ചുറ്റും നടക്കുന്നത് അയാള്‍ അറിയണമെന്നില്ല. അത്രയേറെ തകര്‍ന്നിരിക്കുന്ന അവസ്ഥയില്‍ ഏതൊരാളും ചെയ്യുന്നതേ ധ്യാനും ചെയ്തുള്ളൂ. അവിടെ കൂടെയിരുന്നവരില്‍ ആരോ എഴുന്നേറ്റപ്പോള്‍ എഴുന്നേല്‍ക്കേണ്ടെന്ന് മുഖ്യമന്ത്രി ആംഗ്യം കാണിച്ചിരുന്നു എന്നതായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. ധ്യാന്‍ ചെയ്തതിലൊന്നും ഒരു തെറ്റുമില്ലെന്നും ആരാധകര്‍ പറഞ്ഞിരുന്നു. മലയാളികള്‍ ഇതെന്താണ് ഇങ്ങനെ ചിന്തിക്കുന്നതെന്നായിരുന്നു വിമര്‍ശനങ്ങള്‍.
ഇത്രയധികം ക്യാമറകള്‍ എന്തിനാണ് ഇവരെ ഫോക്കസ് ചെയ്തതെന്ന് മനസിലാവുന്നില്ല. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുമ്പോഴെങ്കിലും അവരുടെ സ്വകാര്യതയെ മാനിക്കണമായിരുന്നു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായി രൂക്ഷവിമര്‍ശനമായിരുന്നു സുപ്രിയ മേനോന്‍ ഉന്നയിച്ചത്. പ്രിയപ്പെട്ട ഒരാളെ നഷ്ടമായ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണം. തികച്ചും വ്യക്തിപരമായ ഒന്നാണ് ദു:ഖം. പ്രിയപ്പെട്ട ഒരാളുടെ മരണത്തില്‍ ശാന്തമായി കരയാന്‍ പോലും കഴിയാത്ത വിധത്തില്‍ ഒരു കുടുംബം ശ്വാസം മുട്ടുന്നത് കാണേണ്ടി വരുന്നത് എത്ര വേദനാജനകമായ കാര്യമാണ്. എല്ലായിടത്തും ക്യാമറയും, മൊബൈല്‍ ഫോണുകളും മാത്രമാണ് കണ്ടത്. സെല്‍ഫി എടുക്കാനും, പ്രിയപ്പെട്ടവനെ അവസാനമായി കാണാനെത്തുന്ന താരങ്ങളെയും കുറിച്ചായിരുന്നു എല്ലാവരും സംസാരിച്ചത് പോലും.
സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വേര്‍പാടില്‍ അങ്ങേയറ്റം സങ്കടത്തോടെയാണ് പലരും അവിടെ എത്തിയത്. മരിച്ചുപോയവര്‍ക്കും, അവര്‍ ബാക്കിവെച്ച്് പോയവര്‍ക്കും നമ്മള്‍ കുറച്ചുകൂടെ മര്യാദ നല്‍കേണ്ടതല്ലേ. ഓരോ നിമിഷവും അവിടെ കൗതുക ദൃശ്യമായി മാറുകയായിരുന്നു. ഇത്രയും വലിയൊരു വേദനയില്‍ നില്‍ക്കുന്ന കുടുംബത്തിന്റെ വേദനയെക്കുറിച്ച് ചിന്തിക്കാത്തതെന്താണ്. സ്വയം തിരുത്താനും, ആവശ്യമെങ്കില്‍ മാറ്റം വരുത്താനും നമ്മള്‍ തയ്യാറാവേണ്ടതാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് എത്രത്തോളം വാര്‍ത്താ പ്രാധാന്യം ഉണ്ടെന്നതിന് പരിധിയില്ലേ? പ്രിയപ്പെട്ട ആളോട് ഒരു കുടുംബത്തിനുണ്ടായിരുന്ന അടുപ്പവും, അയാളോട് വേദനയോടെ വിട പറയുന്നതുമായ രംഗങ്ങള്‍ എന്തിനിങ്ങനെ തത്സമയം കാണിക്കുന്നു. അയാളുടെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടി അതും ലൈവായി കാണിക്കേണ്ടിയിരുന്നില്ല എന്നുമായിരുന്നു സുപ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.


Click it and Unblock the Notifications











