പത്ത് ലക്ഷം ചോദിച്ചാൽ പോത്തൻ തരും, പക്ഷെ ഒരുമിച്ച് സിനിമ ചെയ്യാതിരുന്നതിന് കാരണം: സുരഭി ലക്ഷ്മി
റെെഫിൾ ക്ലബിൽ പ്രേക്ഷകരുടെ കൈയടി നേടിയ കഥാപാത്രങ്ങളിലൊന്നാണ് സുരഭി ലക്ഷ്മിയുടേത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിൽ അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിജയരാഘവൻ, ദിലീഷ് പോത്തൻ തുടങ്ങി വലിയ താര നിര അണിനിരന്നു. ദിലീഷും സുരഭിയും ഒരുമിച്ച് പഠിച്ചവരാണ്. അക്കാലത്ത് ഇവർ ഒരുമിച്ച് നാടകങ്ങൾ ചെയ്തിട്ടുണ്ട്. അതേസമയം സിനിമകളിൽ ഇവർ റെെഫിൾ ക്ലബിന് മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സുരഭി ലക്ഷ്മി. സൗഹൃദവും സിനിമയും വേറെയാണെന്ന് സുരഭി പറയുന്നു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം.
എത്ര നല്ല സുഹൃത്തുക്കളാണെങ്കിലും ആ സിനിമയ്ക്ക് ആവശ്യമുണ്ടെങ്കിൽ വിളിക്കും. വേണമെങ്കിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിലോ സുഹൃത്തുക്കളുടെ സിനിമകളിലോ ഉണ്ട്. സൗഹൃദം വേറെ, സിനിമ വേറെ. ഇപ്പോൾ എനിക്ക് പത്ത് ലക്ഷം രൂപ ഇടണം ടുട്ടൂ എന്ന് പറഞ്ഞാൽ പോത്തൻ ഇടും. തിരിച്ച് ഇടണമെന്ന് പറഞ്ഞാൽ അത്രയില്ലെങ്കിലും കുറച്ചൊക്കെ ഞാനും ഇടും. എനിക്ക് ഒരു പണിയുമില്ലാത്ത അവസ്ഥ ഇതുവരെ വന്നിട്ടില്ല. ഒരേ ക്ലാസിൽ പഠിച്ച രണ്ട് പേർ ഒരേ വർഷം ദേശീയ അവാർഡ് വാങ്ങിയത് ചരിത്രത്തിലുണ്ടോ എന്നെനിക്ക് അറിയില്ല.

ഒരാൾ മികച്ച നടിക്കുള്ള അവാർഡ് വാങ്ങുന്നു. അതേ ക്ലാസിൽ പഠിച്ചയാൾ മികച്ച മലയാള സിനിമയുടെ സംവിധായകനുള്ള അവാർഡ് വാങ്ങുന്നു. രണ്ട് പേരും കരിയറിൽ തങ്ങളുടേതായ പാതയിൽ മുന്നോട്ട് പോകുകയായിരുന്നെന്നും സുരഭി പറഞ്ഞു. പോത്തൻ മാക്ബത്ത് നാടകം ചെയ്യുന്ന സമയത്ത് ലേഡി മാക്ബത്ത് ആയി അഭിനയിച്ചത് ഞാനാണ്. പക്ഷെ സിനിമയെടുക്കുമ്പോൾ ആ ക്യാരക്ടറിന് അനുയോജ്യമായ ആളെ തെരഞ്ഞെടുക്കും. അതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും സുരഭി വ്യക്തമാക്കി.
സുരഭി, ദിലീഷ് പോത്തൻ സൗഹൃദത്തെക്കുറിച്ച് ഉണ്ണിമായ പ്രസാദും സംസാരിച്ചു. സെറ്റിൽ അനുരാഗ് കശ്യപ് സുരഭിയുടെയും പോത്തന്റെയും റിലേഷൻഷിപ്പിനെയാണ് കൗതുകത്തോടെ നോക്കിയത്. പോത്തൻ എവിടെയെങ്കിലും മിണ്ടാതെ പേടിച്ചിരിക്കുന്നത് സുരഭിയെ കാണുമ്പോഴാണെന്ന് അനുരാഗ് എപ്പോഴും പറയുമായിരുന്നെന്ന് ഉണ്ണിമായ ഓർത്തു.

ഡിസംബർ 19 നാണ് റെെഫിൾ ക്ലബ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ സംവിധാനവും സിനിമാട്ടോഗ്രഫിയും ആഷിഖ് അബു തന്നെയാണ്. നിർമാണത്തിലും ഇദ്ദേഹം പങ്കാളിയാണ്. ശ്യാം പുഷ്കരൻ, ദിലീഷ് കരുണാകരൻ, സുഹാസ് എന്നിവരാണ് തിരക്കഥയൊരുക്കിയത്. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയ്ക്ക് ശേഷം സുരഭിക്ക് ലഭിക്കുന്ന ശ്രദ്ധേയ സിനിമയാണ് റൈഫിൾ ക്ലബ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ നേടിയ സുരഭി കരിയറിലെ മികച്ച സമയത്താണ് ഇപ്പോഴുള്ളത്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











