'വീട്ടിൽ ഞാനിങ്ങനെ അല്ല, അമ്മയ്ക്കെന്നെ പേടിയാണ്; ഇന്ന് എന്റെ കാരവാൻ സെറ്റിലെ സ്ത്രീകൾക്ക് ഉപയോഗിക്കാം'
എആർഎം എന്ന സിനിമ കണ്ട പ്രേക്ഷകർക്കെല്ലാം എടുത്ത് പറയാനുള്ളത് നടി സുരഭി ലക്ഷ്മിയുടെ പ്രകടനത്തെക്കുറിച്ചാണ്. മികച്ച രീതിയിൽ തനിക്ക് ലഭിച്ച കഥാപാത്രത്തെ പ്രേക്ഷകരിലേക്കെത്തിച്ച സുരഭിയെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പുകഴ്ത്തുന്നു. കരിയറിൽ കടന്ന് വന്ന പാതകൾ നോക്കുമ്പോൾ സുരഭിക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. ഒന്നോ രണ്ടോ സീനുകൾ മാത്രമുള്ള കഥാപാത്രങ്ങൾ ചെയ്ത സുരഭിയാണ് ഇന്ന് നായിക നടിയായി തിളങ്ങി നിൽക്കുന്നത്.
കരിയറിൽ ഒന്നുമല്ലാതിരുന്ന കാലത്ത് സുരഭി നേരിട്ട വിഷമങ്ങളും ചെറുതല്ല. നനഞ്ഞ് നിന്ന താൻ വസ്ത്രം മാറാൻ ഒരു കാരവാനിൽ കയറിയതിന് ഡ്രെെവറിൽ നിന്നും ചീത്ത കേട്ടതിനെക്കുറിച്ച് അടുത്തിടെയാണ് സുരഭി സംസാരിച്ചത്. അന്ന് കണ്ണിൽ നിന്നും കണ്ണീരല്ല, ചോര പൊടിയുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്നും നടി വൈകാരികമായി പറഞ്ഞു. ഇന്ന് നടിക്ക് സെറ്റുകളിൽ പ്രത്യേക കാരവാൻ ലഭിക്കാറുണ്ട്.

ഇതേക്കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മിയിപ്പോൾ. താനഭിനയിക്കുന്ന സെറ്റിലുള്ള സ്ത്രീകളെ തന്റെ കാരവാനിലേക്ക് വിളിക്കാറുണ്ടെന്ന് സുരഭി പറയുന്നു. കൈരളി ടിവിയോടാണ് പ്രതികരണം. നമ്മൾ വന്ന വഴികൾ നമുക്ക് അറിയാം. സെറ്റിൽ ഏതെങ്കിലും ചേച്ചിമാർക്ക് വസ്ത്രം മാറാനുണ്ടെങ്കിൽ കാരവാനിൽ നിന്ന് മാറിക്കോ എന്ന് ഞാൻ പറയും. ഹെയർഡ്രസ്സർമാരായ ചേച്ചിമാരോടും കോസ്റ്റ്യൂമിൽ വർക്ക് ചെയ്യുന്ന പെൺകുട്ടികളോടുമെല്ലാം പറയാറുണ്ട്.
വേണ്ട ചേച്ചീ എന്ന് അവർ പറയും. അങ്ങനെ നമ്മൾ നോക്കരുത്, നമ്മൾ എല്ലാവരും ഒരു സ്ഥലത്ത് ജോലി ചെയ്യാൻ വന്നതാണ്. ഞാൻ ഒറ്റയ്ക്ക് നിന്നാൽ എനിക്കീ ജോലി ചെയ്യാൻ പറ്റില്ലെന്ന് ഞാൻ അവരോട് പറയും. ഇപ്പോൾ ചില സ്ഥലത്ത് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സൗകര്യം ലഭിക്കാറുണ്ട്. നമ്മൾ അനുഭവിച്ചത് കൊണ്ടാണ് അവരുടെ ഫീൽ മനസിലാകുന്നത്. സിനിമയിൽ താൻ അങ്ങനെയുള്ള അനുഭവങ്ങളിലൂടെ വന്നത് നന്നായി.

അല്ലെങ്കിൽ ചിലപ്പോൾ എന്റെ കാരവാനിൽ ആരും കയറാൻ പാടില്ല, എന്റെ പ്രെെവസി എന്നൊക്കെ പറയുമായിരിക്കും. തനിക്കൊരിക്കലും അങ്ങനെ പെരുമാറാൻ കഴിയില്ലെന്നും സുരഭി പറയുന്നു. തനിക്ക് എല്ലാവരും കാണാത്ത മറ്റൊരു മുഖമുണ്ടെന്നും സുരഭി പറയുന്നു. പേഴ്സണൽ ലൈഫിലും പ്രൊഫഷണൽ ലൈഫിലും ഉണ്ടാകുന്ന പ്രശ്നങ്ങളുണ്ട്. നിങ്ങൾ എന്നോട് സംസാരിക്കുമ്പോൾ ഒരു ദിവസം മുഴുവൻ ഞാനിങ്ങനെയാണെന്ന് കരുതും.
ഞാൻ ഇങ്ങനെയേ അല്ല. ഇപ്പോൾ എന്റെ അമ്മയ്ക്ക് എന്നെ പേടിയാണ്. പുറത്ത് എന്നെ ഇറിറ്റേറ്റ് ചെയ്യുന്ന കാര്യങ്ങൾ വീട്ടിലേ പ്രകടിപ്പിക്കൂ. നമ്മുടെ അടുത്ത് നിൽക്കുന്നവർക്ക് മാത്രമേ ആ ചൊറിച്ചിൽ കിട്ടൂ. എന്നെ അടുത്തറിയാവുന്നവരിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് അമ്മയ്ക്കും ചേച്ചിമാർക്കുമാണ്.
പക്ഷെ പുറത്തുള്ളവരോട് ഒരിക്കലും അങ്ങനെ പെരുമാറാറില്ലെന്നും സുരഭി ലക്ഷ്മി വ്യക്തമാക്കി. മിന്നാമിനുങ്ങിന്റെ നുറിങ്ങുവട്ടം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടിയാണാ സുരഭി. എന്നാൽ പുരസ്കാരം ലഭിച്ച ശേഷവും വലിയ അവസരങ്ങൾ സുരഭിക്ക് വന്നിരുന്നില്ല. എന്നാൽ എആർഎമ്മിന്റെ വിജയം ഒരുപക്ഷെ നടിക്ക് കരിയറിൽ വഴിത്തിരിവായേക്കും.


Click it and Unblock the Notifications











