'യുട്യൂബ് വീഡിയോ കാണാൻ തുടങ്ങിയപ്പോൾ മുതലുള്ള ആഗ്രഹം'; അശ്വതിയുടെ സർപ്രൈസിൽ കണ്ണ് നിറഞ്ഞ് പെൺ മക്കൾ!
സിനിമാ താരങ്ങളേക്കാൾ കൂടുതലായി കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാറുള്ളത് സീരിയൽ താരങ്ങളാണ്. അതുകൊണ്ട് തന്നെ കൊച്ചുകുട്ടികൾ മുതൽ അമ്മമാർ വരെ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന രീതിയിൽ സ്നേഹിക്കുകയും ചെയ്യും. നിരന്തരമായി സീരിയൽ ചെയ്തില്ലെങ്കിൽ പോലും എല്ലാക്കാലത്തും കുടുംബപ്രേക്ഷകർ ആരാധകരായി തുടരും. അതുകൊണ്ട് തന്നെയാണ് ഇടവേളയെടുത്തിട്ട് മടങ്ങി വന്നാലും സീരിയൽ താരങ്ങൾക്ക് സ്വീകാര്യത കുറയാത്തതും.
അത്തരത്തിൽ വർഷങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി അശ്വതി തോമസ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികൾക്ക് അശ്വതി പ്രിയങ്കരിയായത്. അശ്വതിയുടെ യഥാർത്ഥ പേര് പ്രസില്ല ജെറിന്‍ എന്നാണ്. നടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു അല്‍ഫോന്‍സാമ്മ എന്ന സീരിയൽ.

ഈ സീരിയലിന്റെ വിജയത്തിനുശേഷമാണ് കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തി അമലയായി പ്രേക്ഷകര്‍ക്ക് മുമ്പിൽ അശ്വതി എത്തിയത്. കുങ്കുമപ്പൂവിനുശേഷവും നിരവധി സീരിയലുകളുടെ ഭാഗമായിട്ടുള്ള അശ്വതി വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു. ഭർത്താവിനൊപ്പം വിദേശത്ത് സെറ്റിൽഡായതുകൊണ്ടാണ് വിവാഹശേഷം അഭിനയത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ പോയത്.
ഇന്ന് രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ് അശ്വതി. അഭിനയത്തിൽ സജീവമല്ലായിരുന്നുവെങ്കിലും നടി സോഷ്യൽമീഡിയയിൽ ആക്ടീവായിരുന്നു. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കിടാറുണ്ടായിരുന്നു. സിനിമാ നിരൂപണങ്ങൾ, ബിഗ് ബോസ് എപ്പിസോഡ് നിരൂപണങ്ങൾ എന്നിവയെല്ലാം സോഷ്യൽമീഡിയയിൽ എഴുതിയിടാറുമുണ്ടായിരുന്നു താരം.
സോഷ്യൽമീഡിയയിൽ ആക്ടീവായതുകൊണ്ട് തന്നെ അശ്വതി അഭിനയത്തിൽ ഇല്ലെന്ന കാര്യം ആരാധകരെയും അധികം ബാധിച്ചില്ല. നടിയും ഡാൻസറും ഗായികയുമെല്ലാമായ അശ്വതി മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റായും ജോലി ചെയ്തിരുന്നു. ഒമ്പത് വർഷത്തെ ഇടവേളയ്ക്കുശേഷം അടുത്തിടെയാണ് അശ്വതി അഭിനയത്തിലേക്ക് തിരികെ എത്തിയത്.
സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോം സീരിയലിലൂടെയാണ് അഭിനയത്തിലേക്കുള്ള അശ്വതിയുടെ മടങ്ങിയെത്തിയത്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ മികച്ച അഭിപ്രായമാണ് നേടുന്നത്. അതേസമയം അഭിനയത്തിൽ സജീവമായതിനാൽ മക്കളും അശ്വതിക്കൊപ്പം കേരളത്തിലുണ്ട്. ഇപ്പോഴിതാ മക്കൾ ഒരു സർപ്രൈസ് ഒരുക്കിയതിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി.

അപ്രതീക്ഷമായി അച്ഛൻ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോഴുള്ള മക്കളുടെ റിയാക്ഷനാണ് അശ്വതിയുടെ വീഡിയോയിലുള്ളത്. ഏറെ നാളുകൾക്കുശേഷമാണ് അശ്വതിയുടെ ഭർത്താവ് നാട്ടിൽ അവധിക്കെത്തിയത്. എന്നാൽ ഈ വിവരം മക്കളറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ സ്കൂൾ വിട്ട് വരും വഴി അച്ഛനെ അപ്രതീക്ഷിതമായി കണ്ടത് മക്കളേയും സർപ്രൈസാക്കി.
ഇരുവരും അച്ഛനെ കണ്ട സന്തോഷത്തിൽ പൊട്ടിക്കരഞ്ഞുപോയി. യുട്യൂബിലെ സർപ്രൈസ് വീഡിയോസ് കാണുമ്പോൾ എല്ലാം ചോദിക്കും... അമ്മാ... ഡാഡാ... ഞങ്ങൾക്കും വേണം സർപ്രൈസ് ഇതുപോലെ. അങ്ങനെ ഒരെണ്ണം കാത്ത് കാത്തിരുന്ന് ഒരുക്കി എന്നാണ് മക്കളുടെ വീഡിയോ പങ്കിട്ട് അശ്വതി കുറിച്ചത്.
രണ്ട് പെൺമക്കളും അച്ഛനെ കെട്ടിപിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്നത് കാണുമ്പോൾ മനസ് നിറയുന്നുവെന്നാണ് കമന്റുകൾ. ഡാഡയെ കുറിച്ച് മനസിൽ ഓർത്തതേയുള്ളുവെന്ന് മൂത്ത മകൾ അശ്വതിയോട് പറയുന്നതും വീഡിയോയിൽ കേൾക്കാം.
അച്ഛന്റേയും മക്കളുടേയും സ്നേഹ പ്രകടനം അശ്വതിയും ആസ്വദിച്ചു. മുമ്പും മക്കൾക്കൊപ്പം ഡാൻസ് റീലുകൾ ചെയ്ത് വൈറലാക്കിയിട്ടുണ്ട് അശ്വതി. രണ്ട് പെൺമക്കളും അശ്വതിയുടെ ഫോട്ടോ കോപ്പിയാണെന്നും കമന്റുകളുണ്ട്. സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോമിൽ രശ്മി എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.
മല്ലിക സുകുമാരൻ, മഞ്ജു പത്രോസ്, അനുമോൾ, രഞ്ജിത്ത് മുൻഷി, സിദ്ധാർഥ് കണ്ണൻ, ജയറാം, സാബു പ്ലാൻകവിള, പയ്യൻസ് ചേട്ടൻ, അനു ജോജി, റാഫി എന്നീ വൻ താരനിരയും സുരഭിയും സുഹാസിനിയും സിറ്റ്കോമിൽ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications