സുരാജ് കോമഡി നിര്‍ത്തിയോ; ഹാസ്യ വേഷങ്ങള്‍ ഇപ്പോള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍
കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ നെഞ്ചേിലേറ്റുന്ന താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. കേമഡി വേഷങ്ങളിലൂടെയാണ് സിനിമയില്‍ എത്തുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമാണ് സുരാജിന്റെ
കരിയര്‍ മാറ്റിയത്. വളരെ ചെറിയ വേഷമാണെങ്കിലും അഭിനയത്തിലൂടെ പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ട് പോവുകയായിരുന്നു. ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയില്‍ സൂരജിന്റെ ആ കഥാപാത്രം ചര്‍ച്ചയാണ്.
ആക്ഷന്‍ ഹീറോ ബിജുവിന് ശേഷമാണ് സൂരജിനെ തേടി സീരിയസ് റോളുകള്‍ എത്തിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, കുട്ടന്‍പിളളയുടെ ശിവരാത്രി, തീവണ്ടി, യമണ്ടന്‍ പ്രേമകഥ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഡ്രൈവിങ് ലൈസന്‍, വികൃതി തുടങ്ങിയ ചിത്രങ്ങളിലെ നടന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയ പുരസ്‌കാരവും ഈ ചെറിയ കാലയളവിനുള്ളില്‍ സുരാജിനെ തേടി എത്തിയിരുന്നു. പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്

പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ജനഗണമന ആണ് ഇനി പുറത്തു വരാനുളള ചിത്രം. ഏപ്രില്‍ 28 ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. സിനിമയുടെ ട്രെയിലർ വൈറല്‍ ആയിരുന്നു. പോലീസ് കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി സീരിയസ് വേഷങ്ങളിലാണ് കൂടുതലും പ്രത്യക്ഷപ്പെടുന്നത്. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവാണ് ഇനി പുറത്തു വരാനുള്ള മറ്റൊരു ചിത്രം. ഇന്ദ്രജിത്തിനോടൊപ്പമാണ് ഈ ചിത്രത്തില്‍ എത്തുന്നത്. ഇതും സീരിയസ് വിഷയം ചർച്ച ചെയ്യുന്ന സിനിമയാണ്.
ഇപ്പോഴിതാ അധികം കോമഡി വേഷങ്ങള്‍ ചെയ്യാത്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സുരാജ്. സീരിയസ് വേഷങ്ങള്‍ ചെയ്തു മടത്തു കോമഡിയാണ് തന്റെ ജീവ വായുവെന്നാണ് നടന്‍ പറയുന്നത്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സുരാജിന്റെ വാക്കുകള്‍ ഇങ്ങനെ...'എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്, സുരാജ് കോമഡി നിര്‍ത്തിയോ എന്നുള്ളത്. ശരിക്കും പറഞ്ഞാല്‍ സീരിയസ് ചെയ്ത് എനിക്കും ഏകദേശം ഒക്കെ മടുത്തു. തമാശയാണ് എന്റെ ജീവവായു. തുടക്കസമയത്ത് കുറേ ക്യാരക്ടേഴ്സ് കിട്ടി. അതെല്ലാം കൂട്ടുകാരനായിട്ടാണ്. അന്നൊന്നും സ്‌ക്രിപ്റ്റൊന്നും നമുക്ക് പറഞ്ഞ് തന്നിരുന്നില്ല, സിനിമയുടെ ഐഡിയ ഒന്നും കിട്ടില്ല.മമ്മൂക്കയുടെ കൂടെ നടക്കുന്ന പയ്യന്‍ അല്ലെങ്കില്‍ ലാലേട്ടന്റെ കൂടെയുള്ള പയ്യന്‍ എന്ന രീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു. അല്ലാതെ ക്യാരക്ടറെന്താണ് എന്നുള്ളതിന്റെ ഡീറ്റെയ്ലിങ്ങ് ഒന്നും കിട്ടില്ല. അങ്ങനെ ഒരുപാട് ചിരിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്തിട്ടുണ്ട്', സുരാജ് പറയുന്നു.
'ആ തിരിച്ചറിവ് വരുന്നത് കുറേ കാലം കഴിഞ്ഞിട്ടാണ്. അങ്ങനെ നല്ലൊരു കഥാപാത്രം ചെയ്യണമെന്ന് ഭയങ്കര ആഗ്രഹിച്ചിട്ട് പല ആള്‍ക്കാരോടും ചോദിച്ചിട്ടുണ്ട്. അങ്ങനെയാണ് എബ്രിഡ് ഷൈനിന്റെ പടത്തില്‍ എനിക്കൊരു രണ്ട് സീന്‍ കിട്ടിയത്. അതിന് ശേഷം എനിക്ക് കിട്ടുന്നതെല്ലാം സീരിയസ് കഥാപാത്രമാണ്. ഒരു പാവപ്പെട്ടവനാണ് എന്നുണ്ടെങ്കില്‍ നേരെ എന്നെ വിളിക്കും. കുറേ ചെയ്യുമ്പോള്‍ നമുക്ക് തന്നെ ഒന്ന് മാറ്റിപ്പിടിക്കണം എന്ന് തോന്നും', സുരാജ് വ്യക്തമാക്കി.
'കോമഡി ഇപ്പോള്‍ ചെയ്യാത്തത് എനിക്ക് താല്‍പര്യമില്ലാത്തത് കൊണ്ടല്ല. എന്റെ അടുത്ത് വരുന്ന തിരക്കഥയില്‍ നിന്ന് മാത്രമേ എനിക്ക് സെലക്ട് ചെയ്യാന്‍ പറ്റൂ. അതുകൊണ്ടാണ്. ഇനിയിപ്പൊ കോമഡി വരുന്നുണ്ട്. നമ്മുടെ കരിക്ക് ടീമിന്റെ പടം ഞാനാണ് ചെയ്യുന്നത്. വിനീത് ശ്രീനിവാസനൊപ്പം ഒരു പടം ചെയ്തു. അതും ഹ്യൂമറാണ്. ഹ്യൂമറ് വിട്ട് ഒരു പരിപാടിയുമില്ല,'' സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.


Click it and Unblock the Notifications











