ഞാൻ വെറുപ്പിച്ചിട്ടുണ്ട്; ഇനി ഹ്യൂമർ ചെയ്യാൻ താൽപര്യം ഇല്ലാഞ്ഞിട്ടല്ല; തുറന്ന് പറഞ്ഞ് സുരാജ്
കോമഡി വേഷങ്ങൾ ചെയ്ത് പിന്നീട് നായക നിരയിലേക്കെത്തി മികച്ച നടനുള്ള ദേശീയ പുരസ്കാരം വരെ നേടിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കാര്യസ്ഥൻ, മിസ്റ്റർ മരുമകൻ തുടങ്ങിയ സിനിമകളിൽ ചിരിപ്പൂരം തീർത്ത സുരാജിന്റെ കരിയർ ഗ്രാഫ് മാറി മറിയുന്നത് ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ ആണ്.
മിനുട്ടുകൾ മാത്രമുള്ള സീനിലെ വൈകാരിക രംഗത്തിൽ സുരാജ് മികച്ച പ്രകടനം കാഴ്ച വെച്ചു. പിന്നീടിങ്ങോട്ട് നിരവധി സീരിയസ് വേഷങ്ങൾ സുരാജിന് ലഭിച്ചു.

ഒടുവിൽ പുറത്തിറങ്ങിയ സുരാജിന്റെ റോയ് എന്ന സിനിമയും മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്. തുടരെ സീരിയസ് വേഷങ്ങളിലെത്തുന്ന സുരാജ് ഇപ്പോൾ പഴയത് പോലെ കോമഡി വേഷങ്ങൾ ചെയ്യുന്നില്ല.
ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സുരാജ് ഇപ്പോൾ. കോമഡി വേഷങ്ങളോട് താൻ നോ പറഞ്ഞതെല്ലെന്ന് സുരാജ് വ്യക്തമാക്കി, കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'കോമഡി വേഷത്തിലേക്ക് ദശമൂലം ദാമുവിന് മുമ്പേ തന്നെ വരണം എന്നുണ്ട്. എല്ലാവരും ചോദിച്ച് തുടങ്ങി, സുരാജ് സീരിയസ് ആയോ എന്ന്. എനിക്ക് തോന്നുന്നു ഞാൻ ഒരുപാട് കോമഡി അവതരിപ്പിച്ച് ചിരിപ്പിച്ചിട്ടുമുണ്ട്. കുറച്ചൊക്കെ വെറുപ്പിച്ചിട്ടുമുണ്ട്. അതിന് ശേഷം നമുക്ക് തന്നെ തോന്നുമല്ലോ നല്ല വേഷം ചെയ്യണമെന്ന്'
'അതിന് വേണ്ടി പല സുഹൃത്തുക്കളോടും അവസരം ചോദിച്ചിട്ടുണ്ട്. അതിന്റെ ഭാഗം ആയാണ് എബ്രിഡ് ഷൈനിന്റെ ആക്ഷൻ ഹീറോ ബിജുവിൽ എനിക്ക് മുഴുനീള വേഷം തരാം എന്ന് പറഞ്ഞത്'
'സമയം ആയപ്പോൾ അത് നടന്നില്ല. മച്ചാ രണ്ട് സീനുള്ള സാധനം ഉണ്ട് ചെയ്യാമോ എന്ന്. ഞാൻ പറഞ്ഞു അതിനെന്താണെന്ന്'

'ഞാൻ പാക്ക് ചെയ്ത് വീട്ടിൽ പോവാനുള്ള പരിപാടിയിൽ ഇരിക്കുകയാണ്. അപ്പോഴാണ് ഇത് കണ്ടത്. കണ്ണുമടച്ച് ചെയ്തു. അതിന് ശേഷം പിന്നെ വരുന്നതെല്ലാം വളരെ സീരിയസ് ആയ കഥാപാത്രങ്ങൾ ആണ്. എനിക്ക് ഹ്യൂമർ ചെയ്യാൻ താൽപര്യം ഇല്ലാത്തത് കൊണ്ടല്ല'
'ഹ്യൂമറാണ് എന്റെ ജീവ വായു. ഇപ്പോൾ നല്ല ഹ്യൂമർ കഥകൾ എന്റെയടുത്ത് വരുന്നുണ്ട്. അവസാനം ചെയ്തത് വിനീതിനൊപ്പം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ആണ്, സുരാജ് പറഞ്ഞു'

സോണിലിവിലാണ് സുരാജിന്റെ റോയ് എന്ന സിനിമ സ്ട്രീം ചെയ്യുന്നത്. ഒരു നോവലിസ്റ്റിനെ കാണാതാവുന്നത്. അയാളെ അന്വേഷിച്ച് പോവുന്ന മാധ്യമ പ്രവർത്തകയെയും കാണാതാവുന്നതും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.
സുരാജ് ടൈറ്റിൽ റോളിൽ എത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സുനിൽ ഇബ്രാഹിം ആണ്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണ് റോയ്.

സുരാജിനെക്കൂടാതെ ഒരു കാലത്ത് കോമഡി വേഷങ്ങൾ ചെയ്ത നിരവധി നടൻമാർ ഇന്ന് സീരിയസ് വേഷങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇന്ദ്രൻസ്, സലിം കുമാർ തുടങ്ങിയവർ ഇതിന് ഉദാഹരണം ആണ്.
അന്തരിച്ച നടി കൽപ്പനയും അവസാന കാലത്ത് അഭിനയിച്ചത് കൂടുതലും ഗൗരവമുള്ള കഥാപാത്രങ്ങളായാണ്. അതേസമയം ജഗതി ശ്രീകുമാർ, കലാഭവൻ മണി, കെപിഎസി ലളിത, ഇന്നസെന്റ് തുടങ്ങിയ താരങ്ങൾക്ക് സീരിയസ് വേഷവും കോമഡി വേഷവും ഒരുപോലെ സിനിമകളിൽ ചെയ്യാൻ സാധിച്ചു.


Click it and Unblock the Notifications