രാധിക ഒന്നര മാസത്തോളം സീരിയസ് കണ്ടീഷനിൽ, അന്ന് സുരേഷിനേയും മകളേയും കണ്ടത് ഓർക്കുന്നു; സിബി മലയിൽ
മലയാള സിനിമയക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. മോഹൻലാൽ, സുരേഷ് ഗോപി, മമ്മൂട്ടി തുടങ്ങിയവരുടെ സിനിമ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള എക്കാലത്തേക്കും ഓർമിപ്പെടുന്ന ക്ലാസിക് സിനിമകൾ സംവിധാനം ചെയ്തത് സിബിയാണ്. സുരേഷ് ഗോപിക്ക് സഹപ്രവർത്തകൻ എന്നതിനും മുകളിലായി ഒരു ആത്മബന്ധം സിബി മലയിലുമായുണ്ട്. ജേഷ്ഠസഹോദരന്റെ സ്ഥാനമാണ് സിബിക്കെന്ന് സുരേഷ് ഗോപി തന്നെ പറയാറുണ്ട്.
വർഷങ്ങളായി നിലനിൽക്കുന്ന ആത്മബന്ധത്തെ കുറിച്ച് ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ ഇരുവരും സംസാരിച്ചു. സിബി മലയിലുമായുള്ള ബന്ധം1982, 1983 കാലഘട്ടത്തിലാണ് ആരംഭിക്കുന്നത്. സിനിമ കരിയറാക്കണമെന്ന് ഉറപ്പിച്ച സമയത്ത് ഞാൻ ആദ്യമായി ഓഡീഷൻ അറ്റന്റ് ചെയ്തത് സിബി മലയിൽ കൂടി ഭാഗമായ പാച്ചിക്കയുടെ സിനിമയ്ക്ക് വേണ്ടിയാണ്.

കണ്ണോട് കണ്ണോരം നീ കണിമലരല്ലേ എന്ന ഗാനത്തിന് ഒപ്പം ഞാൻ അഭിനയിക്കുകയും ചെയ്തിരുന്നു. അന്ന് കുഞ്ഞായി താലോലിക്കാൻ ഒരു തലയിണ കൊണ്ട് തന്നത് സിബിയാണ്. അതിനുശേഷം ഞാൻ സെലക്ടായിയെന്ന് എന്നെ അറിയിച്ചതും സിബി തന്നെയാണ്. പക്ഷെ പിന്നീട് ഞാൻ കണ്ടത് ആ സിനിമയിൽ ഭരത് ഗോപി ചേട്ടൻ അഭിനയിക്കുന്നതാണ്.
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആയിരുന്നു സിനിമ. വീണ്ടും ഒരു കുഞ്ഞ് പിറക്കാൻ സാധ്യതയില്ലെന്ന് തോന്നിപ്പിക്കുന്ന കപ്പിളിനെയായിരുന്നു പാച്ചിക്കയ്ക്ക് വേണ്ടിയിരുന്നത്. അതുകൊണ്ടാണ് ഗോപി ചേട്ടനേയും സംഗീതയേയും കാസ്റ്റ് ചെയ്തതെന്ന വിശദീകരണവും പിന്നീട് എനിക്ക് നൽകിയത് സിബിയാണ്. സാന്ത്വനമാണ് ഞാൻ ആദ്യമായി അഭിനയിച്ച സിബിയുടെ സിനിമ.
ഒരു പെർഫോർമർ എന്ന നിലയിൽ എനിക്ക് പ്രിയപ്പെട്ടത് സിബിയുടെ സിന്ദൂരരേഖയാണ്. എന്റെ ജീവിതത്തിൽ ഒരു ദുരന്തം സംഭവിച്ച് എന്റെ ഭാര്യ തിരുവനന്തപുരത്ത് ആശുപത്രിയിലും അനിയൻ ചെന്നൈയിലെ ആശുപത്രിയിലും സീരിയസ് കണ്ടീഷനിൽ കിടക്കുന്ന സമയത്ത് ഏതാണ്ട് ഒന്നര മാസം അച്ഛനേയും അമ്മയേയുംപോലെ ഞങ്ങൾക്ക് വേണ്ടി സിബി മലയിലും കുടുംബവും ചോറും കറിയുമെല്ലാം വെച്ച് തന്നു. ആ സമയമെല്ലാം നന്ദിയോടെ സ്മരിക്കുന്നു.
എന്റെ പേഴ്സണൽ ജീവിതത്തിൽ സംഭവിച്ച ഒരു സംവിധായകനാണ് സിബി. ഒരു ജേഷ്ഠസഹോദരനാണ് എനിക്ക് സിബി എന്നും സുരേഷ് ഗോപി പറയുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു വാഹനാപകടത്തിലാണ് മൂത്ത മകൾ ലക്ഷ്മിയെ സുരേഷ് ഗോപി നഷ്ടപ്പെടുന്നത്. ആ നഷ്ടം നൽകിയ വിടവ് ഇന്നും സുരേഷ് ഗോപിയുടെ മനസിൽ ഉണങ്ങാത്ത മുറിവായുണ്ട്.

അപകടത്തിന് ഒരാഴ്ച മുമ്പ് സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഒരു വയസുകാരി ലക്ഷ്മിക്കൊപ്പം സിബി ഒരുപാട് സമയം ചിലവഴിച്ചിരുന്നു. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയായിരുന്നു ലക്ഷ്മിയുടെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ സിബിക്കും ഉണ്ടായത്. തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റിലായിരുന്നു പണ്ട് സുരേഷ് താമസിച്ചിരുന്നത്. ഒരു ദിവസം എന്നെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചിരുന്നു.
സുരേഷിന്റെ ആദ്യത്തെ മകൾ ലക്ഷ്മി ഉണ്ണി വാവോ പാട്ട് കേട്ടാണ് ഉറങ്ങുന്നതെന്ന് അന്ന് സുരേഷ് എന്നോട് പറഞ്ഞു. ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്. കുഞ്ഞിന്റെ കർമ്മങ്ങൾ നടക്കുന്ന സമയത്ത് സുരേഷിന്റെ അച്ഛൻ വന്ന് കെട്ടിപിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞത് ഓർക്കുന്നു.
നിങ്ങളുടെ പാട്ട് കേട്ടാണ് ലക്ഷ്മി ഉറങ്ങിയിരുന്നതെന്ന്. ആ കരച്ചിലും വാക്കുകളും ഇന്നും എന്റെ ഉള്ളിലുണ്ട്. ആ മോള് ഉണ്ടായിരുന്നുവെങ്കിൽ എന്റെ മകനോളം പ്രായമുണ്ടാകുമായിരുന്നു. അത്രമാത്രം കുഞ്ഞുങ്ങളെ സ്നേഹിക്കുന്നയാളാണ് സുരേഷ് എന്നും സിബി മലയിൽ പറഞ്ഞു.


Click it and Unblock the Notifications











