കൊച്ചുമക്കളെ ആഗ്രഹിക്കുന്നു, സെറ്റിൽഡ് ആകണമെന്ന് അവർ പറഞ്ഞാൽ കാത്തിരിക്കേണ്ടി വരും; സുരേഷ് ഗോപി
സിനിമയിലും രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമറിയിക്കുന്ന സുരേഷ് ഗോപി ഇക്കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങളിലാണ് അകപ്പെട്ടത്. മാധ്യമപ്രവർത്തകരുമായുണ്ടായ പ്രശ്നം വലിയ തോതിൽ ചർച്ചയായി. താരത്തിനെതിരെ വ്യാപക വിമർശനവും വന്നു. എന്നാൽ വിമർശനങ്ങൾക്കിടെ സുരേഷ് ഗോപിയെ പിന്തുണച്ചും നിരവധി പേർ രംഗത്ത് വന്നു. വിവാദങ്ങൾക്കെല്ലാമപ്പുറം സുരേഷ് ഗോപിക്ക് ഇന്നും വലിയ ജനപിന്തുണയാണുള്ളത്. നടന്റെ കുടുംബ വിശേഷങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.
അടുത്തിടെയാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹനിശ്ചയം നടന്നത്. ബിസിനസുകാരനായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. മകൾ പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപി. അതേസമയം മകളെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിന്റെ വിഷമവും ഇദ്ദേഹത്തിനുണ്ട്.

ഇപ്പോഴിതാ മകൾ വിവാഹിതയായ ശേഷം അപ്പൂനാകാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സുരേഷ് ഗോപി. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. ജീവിതത്തിലെ ഓരോ നിമിഷങ്ങളാണിത്. ഞാൻ കല്യാണം കഴിക്കുന്നതിന് മുമ്പ് എന്റെ വീട്ടിൽ ഒരു പെൺകുട്ടി ഉണ്ടായിട്ടില്ല. ആദ്യത്തെ മരുമകളാണ്. രാധിക ഞങ്ങളുടെ മകളും നീ മരുമകനുമായി തീരുമെന്നാണ് അച്ഛൻ പറഞ്ഞത്.
കുഞ്ഞുങ്ങളുണ്ടാകുന്നതും അവർ വളരുന്നതും ഓരോ ഘട്ടങ്ങളാണ്. ഓരോ പത്തുവർഷവും നിങ്ങൾ വേറൊരു ഗ്രേഡിലെത്തും. എന്റെ ഇപ്പോഴത്തെ മോഹമെന്നത് പേരക്കിടാങ്ങളാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം മകളും മരുമകനും പ്ലാനിംഗാണ്, സെറ്റിൽഡ് ആകണം എന്നൊക്കെ പറഞ്ഞാൽ കാത്തിരിക്കേണ്ടി വരുമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മകളുടെ വിവാഹ ദിവസം കരയാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനും സുരേഷ് ഗോപി മറുപടി നൽകി.

വിവാഹം കഴിഞ്ഞ് മിക്കവാറും അന്ന് രാത്രി ഉറങ്ങാൻ വരുന്നത് എന്റെ മുറിയിൽ ആയിരിക്കും. ഒന്നും പറയാനൊക്കില്ലെന്നും സുരേഷ് ഗോപി ചിരിച്ച് കൊണ്ട് പറഞ്ഞു. അച്ഛന്റെ വിയോഗത്തെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു. കണ്ണുള്ളപ്പോൾ കാഴ്ചയുടെ വില അറിയില്ലെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. അച്ഛൻ മരിച്ചപ്പോൾ എന്റെ കവചം പൊളിഞ്ഞ് പോയത് പോലെയാണ് തോന്നിയത്. കവചമായിരുന്നു അച്ഛനെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
മകളെ വിവാഹം കഴിച്ചയക്കുന്നതിനെക്കുറിച്ച് അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിലും സുരേഷ് ഗോപി സംസാരിക്കുകയുണ്ടായി. പണ്ട് കല്യാണത്തിന് പോകുമ്പോൾ പെൺകുട്ടിയെ അച്ഛനും അമ്മയും സന്തോഷത്തോടെ ഒരു ചെക്കന്റെ കൂടെ പറഞ്ഞയക്കുന്നതും ആ പെൺകുട്ടി കരയുന്നതുമൊക്കെ കണ്ടിട്ടുണ്ട്. ആ സമയത്ത് എനിക്ക് വൈരാഗ്യം തോന്നിയിട്ടുണ്ട്. എങ്ങനെ അച്ഛനും അമ്മയ്ക്കും ഇത് സാധിക്കുന്നു എന്നോർത്ത്. ഒരുത്തന്റെ കൈയിലേക്ക് കൈ വെച്ച് കൊടുത്ത് അയക്കുകയല്ലേ. അതിന് ഞാൻ എതിരായിരുന്നു. എന്നാൽ എന്റെ കല്യാണം കഴിഞ്ഞ ശേഷം ആ ചിന്ത മാറി.
പെൺകുട്ടിയെ ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന ആണിന്റെ കൈയിൽ ഏൽപ്പിച്ച് കൊടുക്കുന്നത് അച്ഛന്റെയും അമ്മയുടെയും കടമയാണ്. പെൺകുട്ടികളെ സുരക്ഷിതമായി ഏൽപ്പിക്കുന്നത് ധൈര്യമാണ്. താനും ആ മൊമന്റിനായി കാത്തിരിക്കുകയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അടുത്ത വർഷം ജനുവരിയിലാണ് ഭാഗ്യ സുരേഷിന്റെ വിവാഹം. ഗരുഡൻ ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. അരുൺ വർമ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നുണ്ട്. ബിജു മേനോനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്.


Click it and Unblock the Notifications