എന്നെയും വാരിയെടുക്കണം; ശോഭനയ്ക്കൊപ്പമുള്ള രംഗം കണ്ടാൽ രാധിക എഴുന്നേറ്റ് പോകും; സുരേഷ് ഗോപി
സിനിമാ രംഗത്തും രാഷ്ട്രീയത്തിലും ഒരേപോലെ സാന്നിധ്യമറിയിക്കുന്ന സുരേഷ് ഗോപി രണ്ട് മേഖലകളിലും തിരക്കിലാണ്. സിനിമാ രംഗത്ത് ഏവർക്കും പ്രിയപ്പെട്ടവനാണെങ്കിലും രാഷ്ട്രീയ രംഗത്ത് പരീക്ഷണ ഘട്ടത്തിലൂടെയാണ് സുരേഷ് ഗോപി ഇപ്പോൾ കടന്ന് പോകുന്നത്. താരം തൊടുന്നതെല്ലാം വിവാദമാകുന്ന സാഹചര്യമാണിപ്പോൾ. മാധ്യമപ്രവർത്തകരുമായുള്ള പ്രശ്നമാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന് കൊണ്ടിരിക്കുന്നത്.
താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും പിന്തുണയും ഒരേപോലെ വരുന്നുണ്ട്. പ്രശ്നങ്ങൾക്കിടെ ഗരുഡൻ എന്ന പുതിയ സിനിമയുടെ പ്രൊമോഷണൽ പരിപാടികളിലും സുരേഷ് ഗോപി പങ്കെടുക്കുന്നുണ്ട്. മൈൽ സ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപിയും നടി നന്ദിനിയും പങ്കുവെച്ച വിശേഷങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ലേലം ഉൾപ്പെടെയുള്ള സിനിമകളിൽ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച നന്ദിനി നടന് സർപ്രെെസായെത്തി അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു.
ഒരു സിനിമയിൽ ലിപ് ലോക് രംഗം വന്നാൽ ചെയ്യുമോ എന്ന ചോദ്യത്തിന് സുരേഷ് ഗോപി മറുപടി നൽകി. ഞാൻ കലാകാരനാണ്. സിനിമ ആവശ്യപ്പെടുന്നുണ്ടെന്ന് തോന്നിയാൽ ചെയ്യും. വീട്ടിൽ അതേക്കുറിച്ച് ചർച്ച പോലും ഉണ്ടാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഭാര്യ രാധികയ്ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളെക്കുറിച്ചും സുരേഷ് ഗോപി അഭിമുഖത്തിൽ സംസാരിച്ചു.
സിന്ദൂരരേഖ എന്ന സിനിമയിൽ ഒരു പാട്ടുണ്ട്. ടിവിയിൽ ആ പാട്ട് ഇടയ്ക്കിടെ വരും. രാധിക അത് കാണും. ഒരിടം വരുമ്പോൾ മാത്രം രാധിക പതുക്കെ എഴുന്നേറ്റ് പോകും. പായയിൽ രണ്ട് പേരും കിടന്നിട്ടുള്ള രംഗമാണ്. നാലഞ്ച് പ്രാവശ്യം ഞാനത് ശ്രദ്ധിച്ചു. അതേസമയം ശോഭനയുടെ കൂടെ അഭിനയിക്കുന്നത് കാണുമ്പോൾ ഇവരാണല്ലോ ശരിക്കും ഭാര്യയും ഭർത്താവും എന്ന് ഇപ്പോഴും പറയും.

മാനത്തെ കൊട്ടാരം എന്ന സിനിമ സൂപ്പർഹിറ്റായിരുന്നു. അതിൽ ഞാൻ ഖുശ്ബുവിനെ കോരിയെടുക്കുന്നുണ്ട്. അന്നെന്റെ നടു രണ്ട് മൂന്ന് പ്രാവശ്യം ഒടിഞ്ഞതാണ്. വീട്ടിൽ ചെന്നപ്പോൾ രാധിക എന്നെ അതുപോലെ എടുക്കണമെന്ന് പറഞ്ഞു. കൊച്ചുകുട്ടികൾ ശാഠ്യം പിടിക്കുന്നത് പോലെ പറഞ്ഞു. സിനിമയിലേത് പോലെ രാധികയെ താൻ എടുത്തെന്നും സുരേഷ് ഗോപി ഓർത്തു.
എനിക്ക് ലാളിക്കപ്പെടുന്നത് ഇഷ്ടമാണ്. കാലത്ത് ബ്രേക്ക്ഫാസ്റ്റ് എനിക്ക് വാരി തരുന്നത് രാധികയാണ്. അത് കൊഞ്ചൽ പോലെയാണ് എനിക്ക് തോന്നുന്നത്. അതേസമയം തന്റെ ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിൽ കൊഞ്ചൽ മുങ്ങിപ്പോകാറുണ്ട്. രണ്ട് ഇഡ്ഡലിക്ക് മുകളിൽ ഒരു ഉരുള കൂടി വന്നാൽ മതിയെന്ന് പറയും. ചമ്മന്തിക്ക് രുചി കൂടിയാൽ ഒരു ഇഡലി കൂടുതൽ കഴിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അഭിമുഖത്തിൽ സുരേഷ് ഗോപിക്കൊപ്പമുള്ള അനുഭവം നടി നന്ദിനിയും പങ്കുവെച്ചു. ലേലം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സെറ്റിൽ തീപടർന്നു. അന്ന് തന്റെ മുഖത്തിന് പൊള്ളലേൽക്കേണ്ടതായിരുന്നു. സുരേഷ് ഗോപിയാണ് അന്ന് തന്നെ രക്ഷിച്ചതെന്ന് നന്ദിനി വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ പുതിയ സിനിമ ഗരുഡന് തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ബിജു മേനോൻ, അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അരുൺ വർമ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസാണ്. ക്രെെ ത്രില്ലർ ചിത്രത്തിൽ സുപ്രധാന വേഷമാണ് സുരേഷ് ഗോപിക്ക്.


Click it and Unblock the Notifications