ലക്ഷ്മി അന്ത്യവിശ്രമം കൊള്ളുന്നത് ആ ഷര്‍ട്ടിന്‍റെ ചൂടേറ്റ്! മകളെക്കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി !
അഭിനേതാവായി മാത്രമല്ല നല്ലൊരു അവതാരകന്‍ കൂടിയാണ് താനെന്ന് തെളിയിച്ച് മുന്നേറുകയാണ് സുരേഷ് ഗോപി. നിങ്ങള്‍ക്കുമാകാം കോടീശ്വരനെന്ന പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയായിരുന്നു ഈ പരിപാടിയുടെ പുതിയ സീസണ്‍ തുടങ്ങിയത്. മഴവില്‍ മനോരമയിലാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്. തന്റെ മുന്നിലേക്കെത്തുന്ന മത്സരാര്‍ത്ഥികളോട് അദ്ദേഹം ഇടപഴകുന്ന രീതിയും തന്റെ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറയാറുണ്ട്.
ശ്രീധരനായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്ക് മുന്നില്‍ മത്സരിക്കാനായി എത്തിയത്. അദ്ദേഹത്തെ കാണാന്‍ ഇന്ദ്രന്‍സിനെപ്പോലെയുണ്ടെന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി സംസാരിച്ച് തുടങ്ങിയത്. തന്റെ ജീവിതത്തിലെ ഇന്ദ്രന്‍സ് ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചിരുന്നു. തുടക്കത്തില്‍ തമാശയായിരുന്നുവെങ്കിലും പറഞ്ഞവസാനിച്ചപ്പോള്‍ എല്ലാവരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു. മകള്‍ ലക്ഷ്മിയെക്കുറിച്ചും അവള്‍ക്ക് അന്ത്യയാത്ര നല്‍കിയതിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മഞ്ഞനെന്നായിരുന്നു വിളിച്ചിരുന്നത്
ഉത്സവമേളം എന്ന ചിത്രത്തിൽ വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തിൽ മഞ്ഞയില്‍ നേർത്ത വരകളുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവർ 'മഞ്ഞന്‍' എന്നാണ് വിളിച്ചിരുന്നതെന്നും സുരേഷ് ഗോപി പറയുന്നു.

മഞ്ഞ ഷര്‍ട്ടിലാണ് കണ്ണുടക്കിയത്
ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ആ ഷർട്ട് ഇന്ദ്രൻസ് എനിക്ക് പൊതിഞ്ഞ് തന്നു. അത് ഇടക്കിടക്ക് ഇടുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മകളുടെ അപകടത്തിനിടയില്‍
1992 ജൂണ്‍ 6 ന് മകളെയും ഭാര്യയെയും അനിയനെ ഏല്‍പിച്ച് തിരിച്ചുപോകുമ്പോളാണ്. പിന്നെ മകളില്ല. അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. തിരിച്ചെത്തി, ഹോസ്പിറ്റലില്‍ എന്‍റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം.

ഇന്ദ്രന്‍സിനോട് സ്നേഹം
എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ, അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, ആ മഞ്ഞ ഷർട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ്, കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് സ്നേഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications