മമ്മൂക്കയുടെ പേര് മിണ്ടരുത്, മോഹൻലാലിന് പോലും അങ്ങനെ പറ്റില്ല: സുരേഷ് ഗോപി പറയുന്നു
മലയാളം സിനിമയിൽ ഒരുകാലത്ത് ഏറ്റവും വലിയ മത്സരം നടന്നിരുന്നത് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും തമ്മിലാണ്. എന്നാൽ, സൂപ്പർസ്റ്റാർ മൂവർ സംഘം ഇന്ന് നിലവിലുണ്ടോ എന്ന് സംശയമാണ്. മമ്മൂട്ടി ധീരമായ പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാവുമ്പോൾ, മോഹൻലാൽ എതിരില്ലാതെ ബോക്സ് ഓഫീസിൽ കിരീടം ചൂടി നിൽക്കുകയാണ്. വല്ലപ്പോഴും മാത്രം വെള്ളിത്തിരയിൽ എത്തുന്ന, മുഴുവൻ നേരെ രാഷ്ട്രീയക്കാരനാണ് സുരേഷ് ഗോപി ഇപ്പോൾ. എന്നാൽ മൂവരും തമ്മിലുള്ള അടുപ്പത്തിനും സ്നേഹബന്ധത്തിനും ഇന്നും മാറ്റമൊന്നുമില്ല.
കുറച്ചു കാലം മുൻപ്, മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, തന്റെ ഭക്ഷണ രീതികളെ കുറിച്ചും സുരേഷ് ഗോപി ഡയറ്റിനെ കുറിച്ചും മനസ്സ് തുറന്നിരുന്നു. അന്ന് ആ സംസാരത്തിനിടയിൽ, തന്നെ എന്നും അത്ഭുതപ്പെടുത്തിയ മമ്മൂട്ടിയുടെ അപാരമായ കൺട്രോളിനെ കുറിച്ച് കമ്മീഷണർ താരം വെളിപ്പെടുത്തി. ഏറ്റവും നല്ല നടനായി താൻ കരുതുന്ന മോഹൻലാലിന് പോലും ഈ കാര്യത്തിൽ മെഗാസ്റ്റാറിനെ മറികടക്കാൻ ആവില്ലെന്നാണ് ആക്ഷൻ സൂപ്പർതാരം പറഞ്ഞത്.

ഇപ്പോൾ കേന്ദ്ര മന്ത്രി കൂടിയായ താരത്തോട്, ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കാറുണ്ടോ, ഡയറ്റ് നോക്കാറുണ്ടോ എന്നൊക്കെ അവതാരക ചോദിച്ചപ്പോൾ, "ഒന്നുമില്ല... ഡയറ്റ് ഒട്ടും നോക്കാത്ത ഏക ജീവി ഞാനാണ് ഈ ലോകത്ത്," എന്നാണ് മറുപടി വന്നത്. ഒരു നടന് ശരീരമാണ് ഏറ്റവും വലിയ ആയുധം എന്ന് മമ്മൂട്ടി പറയാറുണ്ടല്ലോ, അപ്പോൾ അത് അനുസരിച്ച് ഫിറ്റ്നസ് നോക്കാൻ എന്തെങ്കിലും ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന്, "ഭക്ഷണ കാര്യം പറയുമ്പോൾ മമ്മൂക്ക എന്ന് പറയുന്ന മനുഷ്യന്റെ പേര് ഇവിടെ ഉച്ചരിക്കരുത്. പോളണ്ടിന്റെ പേര് ഇവിടെ മിണ്ടരുത് (സന്ദേശം സിനിമയിലെ ശ്രീനിവാസന്റെ സ്റ്റൈലിൽ)," സുരേഷ് ഗോപി പറഞ്ഞു.

"മമ്മൂട്ടി ഒരു അപൂർവ്വ ജന്മമാണ്. അങ്ങനെയൊന്നും ലോകത്ത് ആർക്കും പറ്റില്ല. വലിയ നടനാണ് മോഹൻലാൽ. പക്ഷെ മോഹൻലാലിനും അത് പോലെ (ഭക്ഷണം നിയന്ത്രിക്കാൻ) പറ്റില്ല. അത് പോലെയാവാൻ ആർക്കും പറ്റില്ല," പ്രശസ്ത നടൻ കൂട്ടി ചേർത്തു. "മമ്മൂട്ടി അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം വർഷങ്ങളായി കഴിക്കാത്തത് പോലെ, ഒരു നല്ല റോളിനായി വണ്ണം കുറക്കണം എന്ന് ആരെങ്കിലും ഉപദേശിച്ചാൽ സുരേഷ് ഗോപിയ്ക്ക് ഇഷ്ട ഭക്ഷണം ഒഴിവാക്കാകുമോ??" എന്ന് അവതാരക മീര അനിൽ ചോദിച്ചപ്പോൾ, "എനിക്ക് പറ്റില്ല. ഞാൻ ആ ഉപദേശം വേണ്ടെന്ന് വയ്ക്കും," എന്നായിരുന്നു ലേലം താരത്തിന്റെ മറുപടി.
മുൻപൊരിക്കൽ, സുരേഷ് ഗോപിയുടെ ഭക്ഷണ രീതികൾ കണ്ട് അസ്വസ്ഥനായ നടൻ ദിലീപ്, സൂപ്പർതാരത്തെ നന്നാക്കിയെടുക്കാൻ ശ്രമിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കളിയാട്ടം നടന്റെ തൈര് പ്രിയം കാരണമാണ് അദ്ദേഹത്തിന്റെ വയർ കൂടുന്നത് എന്ന് അന്ധമായി വിശ്വസിച്ചിരുന്ന മീശ മാധവൻ താരം, "ഇനി മേലാൽ അത് കഴിക്കരുത്" എന്ന് അദ്ദേഹത്തോട് ഭീഷണി സ്വരത്തിൽ പറയുക വരെ ചെയ്തിരുന്നു. സുരേഷ് ഗോപി അത് അനുസരിക്കാതെ വന്നപ്പോൾ, അദ്ധേഹത്തിന്റെ ഭാര്യ രാധികയെ വിളിച്ച് "സുരേഷേട്ടന് തൈര് കൊടുക്കരുത്," എന്ന് പറയുകയും ചെയ്‌തെന്ന് അദ്ദേഹം വെളിപ്പെടുത്തി.


Click it and Unblock the Notifications











