'ആരും വന്നില്ല... ചേട്ടൻ മാത്രമെ വന്നുള്ളൂവെന്ന് കല്യാണ മണ്ഡപത്തിൽ വെച്ച് മണി നിറകണ്ണുകളോടെ പറഞ്ഞു'
ഇന്നും തീരത്ത വേദനയാണ് മലയാളികൾക്ക് കലാഭവൻ മണിയുടെ അകാലത്തിലുള്ള വേർപാട്. കലയുടെയും കാരുണ്യത്തിന്റെയും അരങ്ങിൽ നിന്നാണ് മണി മരണത്തിനൊപ്പം നടന്നുപോയത്. കലാഭവൻ മണി എന്ന വ്യക്തി മലയാളികൾക്ക് നടൻ എന്നതിലുപരി ഒരു വികാരമാണ്. അതുകൊണ്ട് തന്നെയാണ് മരണശേഷവും അദ്ദേഹം ഏറ്റവും കൂടുതൽ ഓർമിക്കപ്പെടുന്നതും. ജീവിതം കൊണ്ടും ജീവിത ശൈലി കൊണ്ടും താനെപ്പോഴും ഒരു സാധാരണക്കാരണെന്ന് തോന്നിപ്പിക്കാൻ കലാഭവൻ മണി ശ്രദ്ധിച്ചിരുന്നു.
1995ൽ അക്ഷരം എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് ആദ്യാക്ഷരം കുറിച്ച കലാഭവൻ മണി പിന്നീട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. ഒരു താരമായി വളർന്നപ്പോഴും താൻ വന്ന വഴിയും അനുഭവിച്ച ദുരിതങ്ങളും അദ്ദേഹം മറന്നിരുന്നില്ല. സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടി കലാരംഗത്ത് അരങ്ങേറ്റം കുറിച്ച മണി പിന്നീട് കലാഭവനിൽ എത്തിയ അദ്ദേഹം വളരെ വേഗം തന്നെ തന്റേതായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്തു.

അക്ഷരത്തിലൂടെ സിനിമയിൽ ആരംഭം കുറിച്ച മണിയെ പിന്നീട് മലയാളികൾ കാണുന്നത് ലോഹിതദാസ് ചിത്രമായ സല്ലാപത്തിൽ മഞ്ജു വാര്യരെ ശല്യം ചെയ്യുന്ന ഗായകനായ ചെത്തുകാരൻ പൂവാലനായായിരുന്നു. പിന്നീട് അങ്ങോട്ട് ഹാസ്യ കഥാപാത്രങ്ങൾ ആ കൈകളിൽ ഭദ്രമായിരുന്നു. കുറഞ്ഞ സമയം കൊണ്ട് തന്നെ ചാലക്കുടിക്കാരൻ മണി മലയാള സിനിമയുടെയും മലയാളികളുടെയും മണിമുത്തായി മാറി.
വാസന്തിയും ലക്ഷ്മിയും ഞാനും എന്ന വിനയൻ ചിത്രത്തിൽ നായക വേഷം ചെയ്തത് മണിയുടെ കരിയറിൽ വഴിത്തിരിവായി മാറി. ആ വർഷത്തെ ദേശീയ അവാർഡിൽ ജൂറി പരാമർശവും സംസ്ഥാന അവാർഡിൽ മികച്ച നടനുള്ള അവാർഡുമുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ വാസന്തിയും ലക്ഷ്മിയും ഞാനും സിനിമ മണിക്ക് നൽകി.
കരുമാടിക്കുട്ടൻ, വാൽക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളിലൂടെ കലാഭവൻ മണിയിലെ നടൻ കൂടുതൽ വെളിച്ചത്തിലേയ്ക്ക് വന്നപ്പോൾ ഹാസ്യ താരമായി മാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ മലയാളത്തിന്റെ മുൻനിര താരങ്ങളിൽ ഒരാളായി മണി ഉയർന്നുവന്നു. ഇന്നും ഓരോ ദിവസവും മണിയെ മലയാളികൾ മിസ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കലാഭവൻ മണിയെ കുറിച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
കലാഭവൻ മണിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ രണ്ടുപേരും പരസ്പരം കെട്ടിപിടിച്ച് ആർത്ത് ചിരിക്കുന്ന ഒരു ഫോട്ടോ ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അതിന് പിന്നിലെ കഥ എന്താണെന്നാണ് അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ജനനായകൻ എന്ന പരിപാടിയിൽ വെച്ച് സുരേഷ് ഗോപി വെളിപ്പെടുത്തിയത്.

ആ വീഡിയോയാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 'മണിയുടെ കല്യാണത്തിന് ഞാൻ എത്തുമ്പോൾ... എന്നെ ചിക്കു സന്തോഷാണ് കൊണ്ടുപോയത്. ഞാൻ അവിടെ ചെന്നപ്പോൾ മണി കണ്ണ് നിറഞ്ഞിട്ട് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ആരും വന്നില്ല ചേട്ടാ... ആരും വന്നില്ല... ചേട്ടൻ മാത്രമെ വന്നുള്ളൂവെന്ന്. എന്നിട്ട് കെട്ടിപിടിച്ചിട്ട് ആ കണ്ണുനീര് തുടച്ചിട്ട് ഒരു ചിരി ചിരിച്ചു.'
'മണിയുടെ വൈഫ് തൊട്ടപ്പുറത്ത് നിൽപ്പുണ്ട്. ആ സ്റ്റിൽ ഇപ്പോഴും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആ ചിത്രം എന്റെ മനസിൽ പതിഞ്ഞതാണ്. അതിനുശേഷമുള്ള മണിയുടെ ഒരു ചിത്രവും എന്റെ മനസിൽ ഞാൻ പതിപ്പിച്ചിട്ടില്ലെന്നാണ്', സുരേഷ് ഗോപി പറഞ്ഞത്. 1999ലായിരുന്നു മണിയും നിമ്മിയും തമ്മിലുള്ള വിവാഹം. അന്ന് മണി സിനിമയിൽ പച്ചപിടിച്ച് തുടങ്ങിയിട്ടേയുള്ളു.
സുരേഷ് ഗോപിയുടെ വാക്കുകൾ വൈറലായതോടെ മണിയെ ഓർത്തും ഇരുവരുടെയും സൗഹൃദത്തെ പ്രശംസിച്ചും നിരവധി പേർ കമന്റുകൾ കുറിച്ചിട്ടുണ്ട്. മണിക്ക് ശ്രീലക്ഷ്മി എന്നൊരു മകൾ മാത്രമാണുള്ളത്. വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി ഇപ്പോൾ. മണിയുടെ മരണശേഷം വളരെ വിരളമായി മാത്രമെ ഭാര്യയും മകളും മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.


Click it and Unblock the Notifications