'ഞാൻ ചെല്ലും വരെ ആരും ആ വീടിന് സമീപത്ത് പോലും പോകാറില്ല, ആ കുഞ്ഞുങ്ങളെ എടുക്കാൻ പോലും കിട്ടിയില്ല'
കൊല്ലത്ത് ആദ്യമായി എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ അംഗങ്ങളായിരുന്ന ബെന്‍സണിനേയും സഹോദരി ബെൻസിയേയും മലയാളികൾ മറക്കാനിടയില്ല. എയ്ഡ്സ് ബാധിതരായ കുട്ടികളുമായി സമ്പർക്കം പുലർത്തിയാൽ തങ്ങളുടെ കുഞ്ഞുങ്ങൾക്കും എയ്ഡ്‌സ് പകരുമെന്ന് കരുതി ഒരു കൂട്ടം രക്ഷിതാക്കൾ പ്രതിഷേധിച്ചതും ഇതേ തുടർന്ന് ബെന്‍സണിന്റേയും ബെന്‍സിയുടേയും വിദ്യാഭ്യാസം പാതി വഴിയിൽ നിലച്ചതുമെല്ലാം രണ്ട് പതിറ്റാണ്ട് മുമ്പ് വലിയ വാർത്തയായിരുന്നു.
പിന്നീട് സുഷമ സ്വരാജ്, സുരേഷ് ഗോപി തുടങ്ങിയവർ ബെന്‍സണിനേയും ബെന്‍സിയേയും ചേർത്ത് പിടിച്ചതോടെയാണ് സമൂഹവും ആ കുട്ടികളോടും കുടുംബത്തോടുമുള്ള വിവേചനം അവസാനിപ്പിച്ചത്. ബെന്‍സണിനേയും ബെന്‍സിയേയും ചേർത്ത് പിടിച്ച് ഓമനിക്കുന്ന സുരേഷ് ഗോപിയുടെ ഫോട്ടോയും അന്ന് വൈറലായിരുന്നു. ഇന്ന് ആ കുഞ്ഞുങ്ങൾ ഈ ലോകത്ത് ഇല്ല.

ഇപ്പോഴിതാ പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ അന്നത്തെ ദിവസത്തെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. താൻ അവിടെ ചെല്ലും വരെ ആ വീടിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പോലും ആരും വരാറില്ലായിരുന്നുവെന്ന് നടൻ ഓർത്തെടുക്കുന്നു. മറ്റുള്ളവരെ സഹായിക്കാൻ ഒരു ഹൃദയമുണ്ടായാൽ മതി. എനിക്ക് മാത്രം കിട്ടിയ സൗഭാഗ്യമാണോയെന്ന് അറിയില്ല. ഇതിലൊക്കെ അറിവുള്ള ആളുകൾ ദൈവം പറഞ്ഞ് അയച്ചതുപോലെ വന്ന് എന്നെ വിളിച്ചുകൊണ്ടുപോയി എല്ലാത്തിലും എന്നേയും ഉൾപ്പെടുത്തി.
അവിടം മുതൽ ഞാൻ എല്ലാം പഠിക്കാനും അതിന് അനുസരിച്ച് പ്രവർത്തിക്കാനും തുടങ്ങി. ഞാൻ ചെയ്യുന്നതുപോലെ ഇറങ്ങി പ്രവർത്തിക്കാനുള്ള അവസരം മറ്റുള്ളവർക്ക് കിട്ടികാണില്ല. അല്ലെങ്കിൽ എന്നെ ഇതിലേക്ക് കൊണ്ടുവന്നവർ അവരേയും ഇതിലേക്ക് കൊണ്ടുവരണമായിരുന്നു. എനിക്ക് അമിതമായി കിട്ടി.
കേരളത്തിലെ ഹെൽത്ത് സെക്രട്ടറിയായിരുന്ന രാമമൂർത്തി അറിയിച്ചിട്ട് സുഷമ സ്വരാജ് ജി കേരളത്തിൽ വന്ന് എയ്ഡ്സ് ബാധിതരായ ബെൻസനേയും ബെൻസിയേയും കണ്ടിരുന്നു. അവർ കൊട്ടിയത്തുള്ള കുട്ടികളാണ്. സുഷമ സ്വരാജ് ജി ആ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം പത്രത്തിൽ വന്നിരുന്നു. അത് കണ്ട് ഞാൻ ഇംപ്രസ്ഡായി.
എയ്ഡ്സ് ബാധിതരായ കുഞ്ഞുങ്ങളെ അമ്മയെപ്പോലെ ചേർത്ത് പിടിച്ചിരിക്കുകയാണല്ലോ കേന്ദ്രത്തിൽ നിന്നും വന്ന മന്ത്രി. അത് ആ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ തന്നെ വലിയൊരു മാറ്റം സൃഷ്ടിച്ചു. ഇത്തരം രോഗാവസ്ഥയിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് മുന്നോട്ട് ജീവിക്കാനുള്ള പ്രചോദനവുമായി മാറി സുഷമ സ്വരാജ് ജിയുടെ പ്രവർത്തി. സുഷമ സ്വരാജ് ജി വന്ന് പോയി കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞ് രാമമൂർത്തി സാറിന്റെ കോൾ എനിക്ക് വന്നു.

സീനിയർ ഐഎഎസ് ഓഫീസറുമാണ് അദ്ദേഹം. ആ കുഞ്ഞുങ്ങളേയും കൂട്ടി അദ്ദേഹം സൈക്കിൾ യാത്രകളൊക്കെ നടത്തിയിരുന്നു. പക്ഷെ അതിനൊന്നും വലിയ സ്വീകാര്യത കിട്ടിയില്ല. ജനങ്ങളുടെ ഭയവും മാറിയില്ല. അതിന് മാറ്റം വരുത്താൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചു. ഞാൻ വന്ന് കുട്ടികളുമായി ഇടപഴകുകയും സൈക്കിൾ കയറ്റി യാത്ര ചെയ്യുകയും ചെയ്യട്ടേയെന്ന് ചോദിച്ചു. അങ്ങനെ ഞാൻ അവിടെ ചെന്നു. ജനസാഗരമായിരുന്നു അന്ന് അവിടെ.
എനിക്ക് ആ കുട്ടികളുടെ വീട്ടിലേക്ക് എത്താൻ പോലും ബുദ്ധിമുട്ടായിരുന്നു. അതിന്റെ ഒരു ദിവസം മുമ്പ് വരെ ആ വീടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പോലും ആളുകൾ വരില്ലായിരുന്നു. പോലീസും അധികൃതരും എല്ലാവരും ചേർന്ന് ജനങ്ങളെ നിയന്ത്രിച്ചശേഷമാണ് ഞാൻ ആ വീട്ടിലെത്തിയത്. ആ കുഞ്ഞുങ്ങളും അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. എനിക്ക് അവർ ചായ കൊണ്ടുവന്ന് തന്നപ്പോൾ അവിടെ ചായ കുടിക്കാൻ ആളുകളുടെ തിക്കും തിരക്കുമായി.
ഞാൻ മാത്രമല്ല എല്ലാവരും ആ കുടുംബം തന്ന ചായയും പലഹാരങ്ങളും കഴിച്ചു. അന്ന് അവിടെ അതുവരെയുണ്ടായിരുന്ന ഒരു കോട്ടയാണ് തകർന്നത്. എന്റെ കയ്യിൽ നിന്നും ആളുകൾ കുഞ്ഞുങ്ങളെ തട്ടിപ്പറിച്ച് എടുക്കുന്നതും ഓമനിക്കുന്നതുമെല്ലാം ഞാൻ കണ്ടു എന്നും സുരേഷ് ഗോപി പറഞ്ഞു.


Click it and Unblock the Notifications