'ഇട്ടുമൂടാൻ സ്വത്തുണ്ടായിട്ടും സുരേഷ് ഗോപി മകളെ പൊന്നിൽ മുക്കിയില്ല'; ശ്രേയസിന്റെ നല്ലപാതിയായി ഭാഗ്യ!
കഴിഞ്ഞ ഒരാഴ്ചയായി നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ഒരാഴ്ച നീണ്ടുനിന്ന വിവാഹ ആഘോഷമായിരുന്നു ഭാഗ്യയുടേത്. സംഗീത്, മെഹന്ദി അടക്കമുള്ള ചടങ്ങുകളുടെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് ഭാഗ്യയുടെ വിവാഹം നടന്നത്.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മോഹൻലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം, ഖുശ്ബു, മേനക, ബിജു മേനോൻ, ചിപ്പി, സംയുക്ത വർമ തുടങ്ങിമലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്തു. വിവാഹച്ചടങ്ങിൽ ഉടനീളം പങ്കെടുത്ത പ്രധാനമന്ത്രി വധൂവരന്മാരെ ആശീർവദിച്ചു. ഭാഗ്യയ്ക്കും വരൻ ശ്രേയസിനും വരണമാല്യം എടുത്ത് നൽകിയതും പ്രധാനമന്ത്രിയായിരുന്നു. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരിയിൽ ചടങ്ങുകൾ നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ചടങ്ങ് നടന്നത്. ലളിതമായ ലുക്കിലാണ് ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസത്തിൽ ഭാഗ്യ അണിഞ്ഞൊരുങ്ങിയത്.
ഓറഞ്ച് നിറമുള്ള സാരിയാണ് വിവാഹദിനത്തിൽ താരപുത്രി ധരിച്ചത്. സാരിക്ക് ഇണങ്ങുന്ന ഒരു ചോക്കറും ജിമിക്കി കമ്മലും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ആഭരണമായി ഉപയോഗിച്ചത്. മലയാള സിനിമ അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ താരവിവാഹമാണ് സുരേഷ് ഗോപിയുടെ മകളുടേത്. ഭാഗ്യയുടെ വിവാഹദിവസത്തെ ചിത്രങ്ങൾ വൈറലായതോടെ ആരാധകരെ അത്ഭുതപ്പെടുത്തുന്നത് സുരേഷ് ഗോപിയുടെ കുടുംബത്തിന്റെ ലാളിത്യമാണ്.
ഇട്ടുമൂടാനുള്ളവ സമ്പാദ്യമായുള്ള താരമാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ താലികെട്ടിന് മകളെ പൊന്നിൽ മുക്കിയാകും സുരേഷ് ഗോപിയും ഭാര്യ രാധികയും കൊണ്ടുവരിക എന്നാണ് പ്രേക്ഷകർ കരുതിയത്. അതുപോലെ തന്നെ പെൺമക്കളെന്നാൽ ജീവൻ കളയുന്ന സുരേഷ് ഗോപി ഭാഗ്യയുടെ കയ്യും കഴുത്തും ആഭരണങ്ങൾ കൊണ്ട് നിറച്ചിട്ടുണ്ടാകുമെന്നും പ്രേക്ഷകർ കരുതിയിരുന്നു.
എന്നാൽ അത്തരത്തിൽ ഒന്നും ഉണ്ടായില്ല. താലികെട്ടിന് ഒരു ചോക്കറും ഓഡിറ്റോറിയത്തിൽ നടന്ന മറ്റ് ചടങ്ങുകളിൽ രണ്ട് മാലയും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ധരിച്ചിരുന്നത്. ഒരു താരപുത്രി ഇത്രയേറെ സിംപിൾ ലുക്കിൽ വിവാഹത്തിന് പ്രത്യക്ഷപ്പെടുന്നത് ഒരുപക്ഷെ ഇത് ആദ്യമാകും. അതുകൊണ്ട് തന്നെ ഭാഗ്യ ആരാധകർക്കും ഒരു അത്ഭുതമാണ്.

സെലിബ്രിറ്റി വിവാഹങ്ങളിലെ ആഢംബരം ആഭരണങ്ങളിലും ചടങ്ങുകൾ നടക്കുന്ന മണ്ഡപത്തിലും വസ്ത്രത്തിലുമാണ് പ്രതിഫലിച്ച് കാണുക. എന്നാൽ ഭാഗ്യയുടെ കല്യാണത്തിന് സുരേഷ് ഗോപിയും കുടുംബവും വളരെ സിംപിളായിരുന്നു. പൊതുവെ ആഢംബരത്തോടും ഫാഷനോടും ഭ്രമമില്ലാത്തയാളാണ് ഭാഗ്യ. അതുകൊണ്ട് കൂടിയാകാം എല്ലാത്തിലും മിതത്വം ഭാഗ്യ സ്വീകരിച്ചത്.
അടുത്തിടെ നടി രാധ മകൾ നടി കാർത്തികയുടെ വിവാഹത്തിന് എല്ലാവരെയും അത്ഭുതപ്പെടുത്തിയത് വധു അണിഞ്ഞ ആഭരണങ്ങളാണ്. കണ്ണ് മഞ്ഞളിക്കുന്ന തരത്തിലായിരുന്നു കാർത്തിക ആഭരണങ്ങൾ അണിഞ്ഞത്. മകൾ ഭാഗ്യയുടെ വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പെ ലൂർദ് മാതാ പള്ളിയിൽ സ്വർണക്കിരീടം സമർപ്പിച്ചിരുന്നു സുരേഷ് ഗോപി. അതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വർണത്തളിക താരം സമ്മാനിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു.
വിവാഹത്തിന് മുമ്പ് നടന്ന സംഗീത്, ഹൽദി ചടങ്ങുകളിലും നല്ല വസ്ത്രം ധരിച്ചു എന്നതൊഴിച്ചാൽ, ആഭരണത്തിന്റെ കാര്യത്തിൽ ഭാഗ്യ അത്ര ശ്രദ്ധ നൽകിയില്ല. വിവാഹത്തലേന്ന് ഭാര്യ രാധികയും ഭാര്യാ മാതാവും മകൾ ഭാഗ്യയും സുരേഷ് ഗോപിക്കൊപ്പം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഇതേസമയം തന്നെ മറ്റു താരങ്ങൾ പലരും എത്തിച്ചേരുകയും ക്ഷേത്ര ദർശനം നടത്തുകയുമുണ്ടായി. ഗുരുവായൂരിലെ സ്വകാര്യ കൺവെൻഷൻ സെന്ററിലാണ് വിവാഹസൽക്കാരം.


Click it and Unblock the Notifications