അന്ന് മമ്മൂക്ക എന്നെയും കാത്തുനില്‍ക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി! എന്നാല്‍ അദ്ദേഹം പറഞ്ഞത്
സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് സുരേഷ് കൃഷ്ണ. മിനിസ്‌ക്രീന്‍ രംഗത്തും നിന്നും സിനിമയിലേക്ക് എത്തിയ നടന്‍ സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ പഴശ്ശിരാജ, കുട്ടിസ്രാങ്ക് പോലുളള സിനിമകളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. കഴിഞ്ഞ വര്‍ഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വനിലെ കഥാപാത്രവും നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മമ്മൂട്ടി ചിത്രത്തില്‍ ഹാസ്യവേഷത്തില്‍ എത്തിയ സുരേഷ് കൃഷ്ണയ്ക്ക് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരമാണ് സുരേഷ് കൃഷ്ണ. മെഗാസ്റ്റാറുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് നടനുളളത്. തന്റെ സിനിമാ കരിയറിലെ നിര്‍ണായക വഴിത്തിരിവുകളെല്ലാം മമ്മൂട്ടി സിനിമകളിലൂടെയായിരുന്നു എന്ന് സുരേഷ് കൃഷ്ണ തുറന്നുപറഞ്ഞിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തുനടന്ന ഞാന്‍ പഴശ്ശിരാജ, കുട്ടിസ്രാങ്ക് പോലുളള സിനിമകളില്‍ ആദ്യവസാനം ക്യാരക്ടര്‍ റോളുകളില്‍ നിറഞ്ഞുനിന്നു. പഴശ്ശിരാജയില്‍ കൈതേരി അമ്പു മരിക്കുന്ന സീനിലെ ശബ്ദക്രമീകരണം മമ്മൂക്ക കൃത്യമായി വിശദീകരിച്ച് തന്നിരുന്നു. അതിന് ശേഷം ഒരുപാട് ക്യാരക്ടര്‍ റോളുകള്‍ എന്നെ തേടിയെത്തിയിരുന്നു.

പോയവര്‍ഷം കോമഡി റോളുകളിലേക്കുളള എന്റെ രംഗപ്രവേശനം മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വ്വനിലൂടെ തന്നെയായത് കാലത്തിന്റെ മായാജാലമാകാം. സുരേഷ് കൃഷ്ണ പറയുന്നു. പഴശ്ശിരാജയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരനുഭവവും സുരേഷ് കൃഷ്ണ അഭിമുഖത്തില്‍ പറഞ്ഞു. പഴശ്ശിരാജ സമയത്ത് മമ്മൂക്ക പുതിയൊരു ബിഎംഎബ്യൂ വാങ്ങിയ കാര്യവും അതില്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാന്‍ ക്ഷണിച്ച കാര്യവും നടന്‍ പറയുന്നു.

കാര്‍ കൊച്ചിയിലെ വീട്ടിലെത്തിയെങ്കിലും ചിത്രീകരണ സമയമായതിനാല്‍ അദ്ദേഹം കണ്ടിരുന്നില്ല. ചിത്രീകരണത്തിന് കുറച്ചുദിവസത്തെ ഇടവേള വന്നപ്പോള്‍ ഞാനും മമ്മൂക്കയും ഒരുമിച്ച് കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിമാനം കയറി. പുതിയ കാര്‍ ഓടിക്കാനുളള ആവേശം എനിക്ക് അദ്ദേഹത്തില്‍ കാണാമായിരുന്നു.
Recommended Video

അന്ന് നമുക്ക് ഒരുമിച്ച് എന്റെ പുതിയ കാറില്‍ പോകാമെന്ന നിര്‍ദ്ദേശം വിമാനത്തില്‍വെച്ച് അദ്ദേഹം എന്റെ മുന്നില്‍വെച്ചു. എന്റെ കാര്‍ ഏയര്‍പോര്‍ട്ടില്‍ പാര്‍ക്കിങ് ഏരിയയില്‍ കിടക്കുകയാണെന്നും അതുകൊണ്ട് മമ്മൂക്കയ്‌ക്കൊപ്പം കാറില്‍ വരാന്‍ കഴിയില്ലെന്നും എന്റെ വിഷമം അറിയിച്ചു. അത് സാരമില്ലെന്നും സുരേഷിന്റെ കാര്‍ എന്റെ ഡ്രൈവര്‍ എടുത്ത് വന്നോട്ടെ എന്നും മമ്മൂക്ക പറഞ്ഞു. ഇത് കേട്ടപ്പോള്‍ എനിക്കും സന്തോഷം തോന്നി.

എന്നാല്‍ വിമാനമിറങ്ങിയപ്പോള്‍ എന്റെ ലഗേജുകള്‍ കിട്ടാന്‍ വൈകി. മമ്മൂക്ക എന്നെയും കാത്തുനില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. ഞാന്‍ പറഞ്ഞു. എന്നെ കാത്തുനിന്ന് മമ്മൂക്ക സമയം കളയണ്ട, ഞാന്‍ എത്തിക്കോളാം. അപ്പോള്‍ അതൊന്നും സാരമില്ല. ലഗേജ് ഇപ്പോള്‍ തന്നെ വരുമെന്ന് പറഞ്ഞ് അദ്ദേഹം അവിടെ തന്നെ ഇരുന്നു.

അതിനിടയ്ക്ക് ചെന്നൈ-കൊച്ചി വിമാനം വരുകയും കുറെ മലയാളി യാത്രക്കാര്‍ പുറത്തേക്ക് എത്തുകയും ചെയ്തു. മമ്മൂക്കയെ കണ്ട ഉടന്‍ അവര്‍ ഫോട്ടോ എടുക്കാനും പരിചയപ്പെടാനുമായി പൊതിഞ്ഞു. അപ്പോഴും ഒരു അസ്വാരസ്യവും പ്രകടിപ്പിക്കാതെ അദ്ദേഹം നിന്നു. അവസാനം എന്റെ ലഗേജുകള്‍ വന്നശേഷം എന്നെയും കൂട്ടി അദ്ദേഹത്തിന്റെ കാറില്‍ ഞങ്ങള്‍ വീട്ടിലേക്ക് പോയി. അദ്ദേഹത്തിനെ പോലൊരു സൂപ്പര്‍ താരത്തിന് എന്നെ കാത്തുനിന്ന് സമയം കളയേണ്ട ആവശ്യമില്ല. എന്നാല്‍ പറഞ്ഞ വാക്കിന് അദ്ദേഹം നല്‍കുന്ന വില വളരെ വലുതാണെന്നാണ് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ പറഞ്ഞു


Click it and Unblock the Notifications