സൂര്യ മടങ്ങിവരും, പക്ഷെ സൂപ്പർതാര പദവി ഇനിയുണ്ടോ? റെട്രോ നായകന് സംഭവിച്ചത്
തമിഴ് സിനിമയുടെ ചരിത്രത്തിൽ, തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഉയർച്ച-താഴ്ച്ചകൾ കണ്ടിട്ടുള്ള നടന്മാരിൽ ഒരാളാണ് സൂര്യ. അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ, പ്രശസ്ത നടൻ ശിവകുമാറിന്റെ മൂത്ത മകനായിരുന്നിട്ടു കൂടി, ശരവണൻ എന്ന ആ ചെറുപ്പക്കാരനെ കാത്തിരുന്നത് കടുത്ത പരീക്ഷണങ്ങളാണ്. ബോഡി ഷെയിമിങ്ങും, അഭിനയശൈലിയുടെയും, നൃത്തത്തിലുള്ള പരിചയക്കുറവിന്റെയും പേരിലുള്ള പരിഹാസങ്ങളും, തുടക്കകാലത്ത് അയാൾ നേരിട്ടു. എന്നാൽ നന്ദ, കാക്ക കാക്ക എന്നീ ചിത്രങ്ങളുടെ തന്നിലെ നടനെ അടയാളപ്പെടുത്തിയ സൂര്യ, ഗജിനി, സിംഗം തുടങ്ങിയ വലിയ ചിത്രങ്ങളിലൂടെ സൂപ്പർതാര നിരയിലേക്കെത്തി.
എന്നാൽ പിന്നീട് തമിഴ് സിനിമാലോകവും, ആരാധകരും കണ്ടത് ഒരിക്കൽ കമൽ ഹാസന്റെ പിൻഗാമി എന്നറിയപ്പെട്ട സൂര്യയുടെ വലിയ പതനമാണ്. തുടർച്ചയായി പരാജയചിത്രങ്ങളുടെ ഭാഗമായ നടന്റെ തിരഞ്ഞെടുപ്പുകൾ പാളുന്നു എന്ന് ആരാധകർ പോലും വിധിയെഴുതി. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ തന്നെ അടയാളപ്പെടുത്താൻ ശ്രമിക്കാതെ, വിജയ്, അജിത് തുടങ്ങിയ താരങ്ങളുടെ കണ്ടുമടുത്ത ശൈലിയിലേക്ക് സൂര്യ മാറുന്നതിൽ സിനിമ പ്രേമികൾ അസ്വസ്ഥരായി. ഇന്നും, കൈവിട്ട താര സിംഹാസനം തിരിച്ചു പിടിക്കാനാവാതെ കരിയറിന്റെ മറ്റൊരു അസുഖകരമായ അവസ്ഥയിൽ എത്തി നിൽക്കുകയാണ് നടൻ.
സൂര്യയുടെ കരിയറിൽ സംഭവിച്ചതെന്ത്?

മുൻപൊരിക്കൽ, സൂര്യയുടെ സിനിമ തിരഞ്ഞെടുപ്പിൽ അതൃപ്തനായ ഒരു നിരൂപകൻ, കമൽ ഹാസന് പകരക്കാരൻ ആവാൻ കഴിവുണ്ടായിട്ടും, ഇയാൾ എന്തിനാണ് രജനികാന്ത് ആവാൻ ശ്രമിക്കുന്നത്? എന്ന് ഒരു ടെലിവിഷൻ പരിപാടിയിൽ ചോദിച്ചിരുന്നു. സത്യത്തിൽ സൂര്യയുടെ കരിയറിൽ സംഭവിച്ച വലിയ പതനത്തെ ഏറ്റവും നന്നായി വിവരിച്ച വരികളാണത്. ഒരു നടനെന്ന നിലയിൽ തനിക്ക് വെല്ലുവിളി ഉയർത്തുന്ന പ്രൊജെക്ടുകൾ കുറച്ച്, ഒരു സൂപ്പർ താരമാവാൻ കഷ്ടപ്പെടുന്ന സൂര്യയെയാണ് 2010 മുതൽ, പിന്നീട് ഒരു 10 വർഷത്തേക്ക് കാണാൻ കഴിഞ്ഞത്. എങ്കിലും, തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം, 2020ൽ ഒ.ടി.ടി. റിലീസ് ആയി എത്തിയ സുധ കൊങ്കരയുടെ സൂററൈ പോട്രു എന്ന ചിത്രത്തിലൂടെ തന്നിലെ നടൻ കൈമോശം വന്നിട്ടില്ല എന്ന് സൂര്യ തെളിയിച്ചു.
പിന്നീട് വന്ന ടി.ജെ.ജ്ഞാനവേൽ ചിത്രം ജയ് ഭീം ആവട്ടെ, ഒരു നടൻ എന്നതിൽ ഉപരി ഒരു നിർമ്മാതാവ് എന്ന നിലയിൽ സൂര്യ വലിയ പ്രശംസ നേടി. സാമൂഹിക പ്രസക്തമായ ചിത്രത്തിൽ, തന്റെ താര പരിവേഷം അഴിച്ചു വച്ച് നല്ലൊരു വേഷം ചെയ്യാൻ നടൻ കാണിച്ച ഉത്സാഹം, അദ്ദേഹത്തിന് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ സ്നേഹവും ആദരവും നേടിക്കൊടുത്തു. അതിനിടെ ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത് കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ പ്രധാനവേഷത്തിൽ എത്തിയ വിക്രം എന്ന ചിത്രത്തിലെ കാമിയോ റോളിലൂടെ സിനിമ പ്രേമികളെ ഞെട്ടിച്ചു സൂര്യ.

റോളക്സ് എന്ന കൊടും ക്രൂരനായ വില്ലന് വെറും 5 മിനിറ്റ് മതിയായിരുന്നു, പ്രേക്ഷക മനസ്സിൽ ഇടം പിടിക്കാൻ. അധികം വൈകാതെ തന്നെ റോളക്സ് 'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്' എന്ന പരമ്പരയിലെ ഭാഗമാണെന്നും, ആ കഥാപാത്രത്തിനായി ഒരു സ്റ്റാൻഡ്-എലോൺ ചിത്രം ഒരുക്കുന്നതായും സംവിധായകൻ ലോകേഷ് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ മറ്റ് ചിത്രങ്ങളുടെ തിരക്കുകളുമായി മുന്നോട്ട് നീങ്ങിയ സൂര്യ ഇന്നും റോളക്സ് ആയി തിരികെ എത്തിയിട്ടില്ല. ഇത് സൂര്യയുടെ കരിയറിന്റെ പുതിയൊരു ഘട്ടമാണെന്ന് ധരിച്ച ആരാധകർ നിരാശരാവുകയാണ് ഉണ്ടായത്.
അവസാനിച്ച ബന്ധങ്ങളും, പാൻ-ഇന്ത്യ മോഹവും
ഇന്ന് സോഷ്യൽ മീഡിയയിൽ സൂര്യ ആരാധകരും, സിനിമ പ്രേമികളും ഒരുപോലെ ചർച്ച ചെയ്യുന്ന ഒന്നാണ്, നടന് തന്റെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകരോടുള്ള അകൽച്ച. തന്റെ കരിയറിലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആയ കാക്ക കാക്ക, ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് കാഴ്ച വച്ച വാരണം ആയിരം, തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച ഗൗതം വാസുദേവ് മേനോൻ ഇന്ന് സൂര്യ തനിക്ക് എത്തിപ്പിടിക്കാൻ പറ്റുന്ന ദൂരത്തിലല്ല എന്ന് തുറന്ന് പറഞ്ഞിരുന്നു. പിന്നീട് നവരസ എന്ന നെറ്റ്ഫ്ലിക്സ് സീരിസിന് വേണ്ടി ഇരുവരും ഒന്നിച്ചെങ്കിലും, ഇനിയൊരു തീയറ്റർ ചിത്രം സൂര്യ-ഗൗതം കൂട്ടുകെട്ടിൽ പിറക്കുമോ എന്ന് വ്യക്തമല്ല.

ഇതിന് സമാനമായി, ഗജിനി സംവിധാനം ചെയ്ത എ.ആർ. മുരുഗദോസ് മുതൽ, സൂററൈ പോട്രു സംവിധാനം ചെയ്ത സുധ കൊങ്കര വരെ, സൂര്യക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടും തുടർന്ന് ആ കൂട്ടുകെട്ട് നിലനിർത്താൻ കഴിയാതെ വന്ന സംവിധായകർ അനവധിയാണ്. സുധ സംവിധാനം ചെയ്യുന്ന പുറനാനൂറ് എന്ന ചിത്രത്തിനായി സൂര്യയും ദുൽഖർ സൽമാനും ഒന്നിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ചിത്രത്തിന്റ പ്രീ-പ്രൊഡക്ഷൻ സമയത്ത് നടൻ അതിൽ നിന്ന് പിന്മാറുകയായിരുന്നു. പകരം, പരാശക്തി എന്ന് പേര് മാറ്റിയെത്തുന്ന ചിത്രത്തിൽ നായകനാവുന്നത് ശിവകർത്തികേയനാണ്. കങ്കുവയുടെ ഷൂട്ടിംഗ് നീണ്ടതിനാലാണ് സൂര്യ സുധ കൊങ്കര ചിത്രത്തിൽ നിന്ന് പിന്മാറിയത് എന്നാണ് റിപോർട്ടുകൾ.
പാൻ ഇന്ത്യൻ സിനിമ ട്രെൻഡിനെ പിന്തുടർന്ന് സൂര്യ അഭിനയിച്ച കങ്കുവ, നടന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറി. ശിവ സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി, ദേശീയ അവാർഡ് ജേതാവ് വെട്രിമാരന്റെ സ്വപ്ന ചിത്രമായ വാടിവാസൽ വരെ നടൻ തഴഞ്ഞു എന്നാണ് അഭ്യൂഹം. ഇടക്ക് മറ്റൊരു നടനെ വച്ച് വാടിവാസൽ സിനിമയാക്കാൻ സംവിധായകൻ ആലോചിച്ചുവെങ്കിലും, സൂര്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നിർമ്മാതാവ് കലൈപുലി എസ് താണു, നടൻ ഇല്ലാതെ ആ പ്രൊജക്റ്റ് ഇല്ല എന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. ഇന്നും സൂര്യയുടെ ഗ്രീൻ സിഗ്നൽ ലഭിക്കാനായി കാത്തു നിൽക്കുകയാണ് വാടിവാസൽ ടീം.
സൂര്യയുടെ വരാനിരിക്കുന്ന സിനിമകൾ
അതിനിടെ, ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൈതി 2ൽ സൂര്യ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. തന്റെ സഹോദരൻ കാർത്തി നായകനാവുന്ന ചിത്രത്തിൽ, റോളക്സ് ആയി നടൻ തിരികെയെത്തുമെന്നാണ് സൂചന. അത് സത്യമാണെങ്കിൽ, വളരെ കാലത്തിന് ശേഷം സൂര്യയെ കാണാനായി പ്രേക്ഷകർ ഏറ്റവും ആവേശം കൊള്ളുക, അദ്ദേഹം എൽ.സി.യുവിലെ സ്റ്റൈലിഷ് വില്ലനായി ആയി മടങ്ങിയെത്തുമ്പോഴാവും. പിന്നീട് കമൽ ഹാസനൊപ്പം ലോകേഷ് ഒരുക്കുന്ന വിക്രം 2 എന്ന ചിത്രത്തിലും, സൂര്യ റോളക്സ് ആയി മടങ്ങിയെത്തിയേക്കാം. എന്നാൽ സംവിധായകന്റെ ഫാന്റസി ചിത്രമായ ഇരുമ്പു കൈ മായാവിയിൽ നിന്ന് സൂര്യ പിന്മാറിയെന്നാണ് വിവരം.
നടനും സംവിധായകനുമായ ആർ.ജെ ബാലാജി ഒരുക്കുന്ന കോമഡി ത്രില്ലർ ചിത്രത്തിലാണ് സൂര്യ ഇനി അടുത്തതായി പ്രത്യക്ഷപ്പെടുക. പുതിയ റിപോർട്ടുകൾ അനുസരിച്ച് ലക്കി ഭാസ്കർ സംവിധായകൻ വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന തമിഴ്-തെലുങ്ക് ബഹുഭാഷാ ചിത്രത്തിലും നടൻ നായകനായി എത്തിയേക്കും. അതിനിടെ എല്ലാം ഒത്തുവരികയാണെങ്കിൽ, സൂര്യ വെട്രിമാരനൊപ്പം ചെയ്യാനിരുന്ന വാടിവാസലിന്റെ ഷൂട്ടിംഗ് 2025 മധ്യത്തോടെ ആരംഭിക്കുമെന്നും അറിയുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, മലയാള സിനിമയിലെ അമൽ നീരദ് ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകരുമായും ഒന്നിക്കാനുള്ള ശ്രമങ്ങളിലാണ് സൂര്യ.


Click it and Unblock the Notifications











