മമ്മൂട്ടിക്ക് സുറുമിയുടെ സര്‍പ്രൈസ്! പിറന്നാളുകാരന് അമൂല്യ സമ്മാനം കൊടുത്ത് ആരാധകരും!
69 ലേക്ക് കടന്ന മമ്മൂട്ടിക്ക് ആശംസ നേര്‍ന്നായിരുന്നു താരങ്ങളും ആരാധകരുമെല്ലാം എത്തിയത്. വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്ക് എത്തിയത്. നല്ലപാതിയായ സുല്‍ഫിത്താവട്ടെ ആ ആഗ്രഹത്തിന് ശക്തമായ പിന്തുണയാണ് നല്‍കിയതും. തുടക്കത്തില്‍ തിക്താനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ സമയമായി മാറുകയായിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി ഗംഭീര സിനിമകളുമായെത്തുകയായിരുന്നു അദ്ദേഹം.
നീല ഷര്‍ട്ടണിഞ്ഞ് കേക്ക് മുറിക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. മനോഹരമായ കേക്കായിരുന്നു മെഗാസ്റ്റാര്‍ മുറിച്ചത്. കേക്കിനെക്കുറിച്ച് ചോദിച്ചും ആരാധകരെത്തിയിരുന്നു. മനോഹരമായ ആ കേക്ക് ഒരുക്കിയത് മകളായ സുറുമിയാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അഭിനേത്രിയല്ലെങ്കിലും മനോഹരമായ ചിത്രങ്ങളുമായി താരപുത്രി എത്തിയിരുന്നു. ഇടയ്ക്ക് എക്‌സിബിഷനും നടത്തിയിരുന്നു.
കേക്കിന് പിന്നിലെ കഥകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പ്രകൃതി സ്‌നേഹിയായ വാപ്പച്ചിക്കായി കേക്കില്‍ കാടും മരങ്ങളും കിളികളും പഴങ്ങളുമൊക്കെ ചെയ്യിപ്പിച്ചത് സുറുമിയായിരുന്നു. സ്‌ട്രോബറിയും ഓറഞ്ചുമുള്‍പ്പടെയുള്ള ഫ്രൂട്ട്‌സും കേക്കിലുണ്ടായിരുന്നു. ലോക് ഡൗണ്‍ സമയമായതിനാല്‍ മമ്മൂട്ടിയും ദുല്‍ഖറും വീട്ടിലുണ്ട്. ഇവര്‍ക്കൊപ്പം മകളും എത്തിയതോടെ കുടുംബത്തിലെല്ലാവരും സന്തോഷത്തിലാണ്.

വാപ്പച്ചിക്ക് പിറന്നാളാശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും അച്ചടക്കമുള്ളയാളുമാണ് വാപ്പച്ചിയാണ് എന്നായിരുന്നു താരപുത്രന്‍ കുറിച്ചത്. വാപ്പച്ചിയെ ഉമ്മ വെക്കുന്ന മകന്‍റെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇരുവരും എന്നാണ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത് എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ച അമൂല്യ സമ്മാനത്തെക്കുറിച്ച് പറഞ്ഞ് മമ്മൂട്ടി എത്തിയിരുന്നു. സ്റ്റാറ്റസിലൂടെയായിരുന്നു ഇതേക്കുറിച്ച് താരം വ്യക്തമാക്കിയത്. തനിക്ക് ലഭിച്ച സമ്മാനം വിശദമായി നോക്കുന്ന താരത്തിന്‍റെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications