എല്ലാവരും ഡിപ്രഷനിലായി, ഒരു വർഷം ഞങ്ങളെയത് ബാധിച്ചു; അനന്യ ഞങ്ങൾക്കൊപ്പമുണ്ടെന്ന് വിശ്വസിക്കുന്നു; സൂര്യ
ട്രാൻസ്ജെൻഡർ അനന്യയുടെ മരണം 2021 ലുണ്ടാക്കിയ വിവാദങ്ങൾ ചെറുതല്ല. ലിംഗ മാറ്റ ശസ്ത്രക്രിയ പരാജയമാവുകയും ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും ചെയ്തതിന്റെ മനോവിഷമത്തിൽ അനന്യ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ട്രാൻസ് സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ഈ മരണത്തിന് ശേഷം കേരളത്തിൽ വലിയ തോതിൽ ചർച്ചയായി. അതോടൊപ്പം ട്രാൻസ് കമ്മ്യൂണിറ്റിക്കിടയിലെ ചില അസ്വാരസ്യങ്ങളും അനന്യയുടെ മരണത്തിനിടെ ചർച്ചയായി.
ഇപ്പോഴിതാ അനന്യയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റുമായ സൂര്യ ഇഷാൻ. കൈരളി ടിവിയോടാണ് പ്രതികരണം. അനന്യയുടെ മരണം തനിക്ക് ആഘാതമായിരുന്നെന്ന് സൂര്യ ഇഷാൻ പറയുന്നു. മരിക്കുന്നതിന് മുമ്പത്തെ ദിവസങ്ങളിലാണ് എന്റെ വീടിന്റെ കുറച്ചപ്പുറത്തേക്ക് വീട് മാറുന്നത്. ഞാനും രഞ്ജുമയുമെല്ലാം അവിടെ രാവിലെ പാല് കാച്ചലിന് പോയി. വീട്ട് സാധനങ്ങൾ എത്തിക്കാനുള്ള ആളെ ഏർപ്പാടാക്കി.

ഒരു ട്രിപ്പ് സാധനങ്ങൾ കൊണ്ട് വന്ന് രണ്ടാമത്തെ ട്രിപ്പ് ആയപ്പോഴേക്കും ആൾ പോയി. മരണപ്പെട്ടു എന്നറിയിക്കുമ്പോൾ ഞാൻ പോയി. ആദ്യമായാണ് ഒരാൾ തൂങ്ങിയത് കാണുന്നത്. അതും എനിക്ക് വേണ്ടപ്പെട്ട ആൾ. അത് വലിയ ഷോക്കായിരുന്നു.
എനിക്ക് വിഷമമുണ്ട്. അതാരോടും പറയാൻ പറ്റുന്നില്ല. അതിനിടയിൽ സോഷ്യൽ മീഡിയ അറ്റാക്കും ഫാമിലിക്കുണ്ടാകുന്ന അറ്റാക്കും. ഇതൊന്നും മനസിലാക്കാതെ കുറേ ആൾക്കാരും. ആൾ മരിച്ചതിനെക്കുറിച്ചുള്ള സത്യം എന്താണെന്ന് പുറത്ത് വന്നോ എന്ന് ഇപ്പോഴും എനിക്കറിയില്ല. കൂടെയുണ്ടായിരുന്ന പങ്കാളിയും മരിക്കുന്നു. എന്റെ ഭർത്താവാണ് അനന്യ മരിച്ചപ്പോൾ കൊണ്ട് പോയത്. ആൾക്കതിന്റെ ട്രോമയും.

എല്ലാവർക്കും ഡിപ്രഷൻ. ഒരു വർഷം അതിന്റെ വിഷമമുണ്ടായി. ഇന്നും അവൾ ഞങ്ങളെ വിട്ട് പോയെന്ന് തോന്നുന്നില്ല. ഞങ്ങളുടെ ജീവിതത്തിലെ ശക്തയായ വ്യക്തിയാണ് വിട്ട് പോയത്. ജീവിതത്തിൽ നിന്ന് പോയെങ്കിലും എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ടെന്നാണ് കരുതുന്നതെന്നും സൂര്യ ഇഷാൻ പറയുന്നു. വളരെ നല്ല വ്യക്തിയായിരുന്നു അവൾ. നന്നായി സ്നേഹിക്കും.
പറയാനുള്ളത് മുഖത്ത് നോക്കി പറയും. ആ സമയത്തുള്ള ദേഷ്യമേ ഉള്ളൂ. പത്ത് മിനുട്ട് കഴിയുമ്പോൾ ഐസ് കട്ട പോലെ ആവും. പെട്ടെന്ന് സങ്കടം വരും. ഒരാളെ ഇഷ്‌ടപ്പെട്ടാൽ അയാളെ കെട്ടിപ്പിടിച്ചിരിക്കണം എന്നുള്ളയാളായിരുന്നു അനന്യയെന്നും സൂര്യ ഇഷാൻ പറഞ്ഞു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ അനന്യ രംഗത്ത് വന്നിരുന്നു.
സർജറി തനിക്ക് വലിയ ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കിയെന്നും ആശുപത്രിയുടെ ഭാഗത്ത് നിന്നും ഇതിൽ അനാസ്ഥയുണ്ടെന്നും അനന്യ ആരോപിച്ചു. അന്ന് പല മാധ്യമങ്ങളിൽ ഈ ആരോപണം ഉന്നയിച്ച് അനന്യ അഭിമുഖവും നൽകി. എന്നാൽ ഇവരുടെ മരണ ശേഷമാണ് ഇക്കാര്യം കൂടുതൽ ജനശ്രദ്ധയിലേക്ക് വന്നത്. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി ആയിരുന്നു അനന്യ. അനന്യയെക്കുറിച്ചുള്ള ഓർമകൾ ഇന്നും സുഹൃത്തുക്കൾ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications











