'എല്ലാവർക്കും ഞാൻ അയ്യപ്പനാണ്', അതിൽ സന്തോഷമേയുള്ളൂ, എന്നാൽ അതിൽ സങ്കടവുമുണ്ടെന്ന് കൗശിക്ക് ബാബു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് കൗശിക്ക് ബാബു. ഈ പേര് അത്ര പരിചിതമായിരിക്കില്ല പലർക്കും. സ്വാമി അയ്യപ്പൻ എന്ന് പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും. അത്രയ്ക്ക് സുപരിചിതമാണ് മലയാളി പ്രേക്ഷകർക്ക് കൗശിക് ബാബുവിന്റെ മുഖം. മലയാളത്തിൽ കൗശിക് ആദ്യമായി അഭിനയിച്ച സീരിയലിൽ സ്വാമി അയ്യപ്പനായി ആണ് എത്തിയത്. സ്വാമി അയ്യപ്പൻ പരമ്പര അവസാനിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മലയാളികളുടെ മനസ്സിൽ അയ്യപ്പന്റെ രൂപത്തിലാണ് ഇപ്പോഴും കൗശിക് ബാബു.
ഹൈദരാബാദിൽ ജനിച്ച കൗശിക് ബാബു കുച്ചിപ്പുടി നർത്തകൻ കൂടിയാണ്. ഫ്ലവേഴ്സിലെ ഒരു പരിപാടിക്കിടെയാണ് നടൻ അഭിനയജീവിതത്തെക്കുറിച്ച് മനസുതുറന്നത്. 'എന്നെ എല്ലാവരും അയ്യപ്പനെ പോലെയാണ് കാണുന്നത്. ഇന്നും അങ്ങനെ തന്നെ, അതിൽ സന്തോഷമേയുള്ളൂ, എന്നാൽ അങ്ങനെ മാത്രമായി കാണുന്നതിൽ ചെറിയ സങ്കടവും തോന്നിയിട്ടുണ്ട്. കാരണം ഞാൻ ഒരു ആർട്ടിസ്റ്റ് കൂടിയാണ്, മറ്റ് കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ കഴിയണം. മറ്റ് കഥാപാത്രങ്ങളിലൂടെയും എന്നെ അറിയപ്പെടണം എന്ന് ആഗ്രഹവുമുണ്ട്', കൗശിക് ബാബു പറയുന്നു.

അയ്യപ്പവേഷത്തിൽ അഭിനയിക്കുമ്പോഴുണ്ടായ രസകരമായ ഒരു അനുഭവവും കൗശിക് ഓർത്തെടുത്തു. അയ്യപ്പവേഷത്തിൽ ഷൂട്ടിങ് സെറ്റിൽ നിന്നും മാർക്കറ്റിൽ പോയ സംഭവത്തെക്കുറിച്ചുള്ള ഓർമ്മകളാണ് താരം പങ്കുവച്ചത്.
'ചെറുപ്പം മുതലെ കുറുമ്പുള്ള കുട്ടിയായിരുന്നു ഞാൻ, എപ്പോഴും ഓടി നടക്കും. തിരുവനന്തപുരത്തെ പാലസിൽ വെച്ച് അയ്യപ്പൻ്റെ ഷൂട്ടിങ്ങ് നടക്കുകയായിരുന്നു. പെട്ടെന്ന് ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നും പുറകെയുള്ള വഴിയിൽക്കൂടി ഓടി, കിഴക്കേക്കോട്ട മാർക്കറ്റിൽ എത്തി. അയ്യപ്പവേഷം ധരിച്ചാണ് അങ്ങോട്ടേക്ക് ചെന്നത്. ആ വേഷത്തിൽ എന്നെ കണ്ട് ജനങ്ങൾ ഒന്ന് അമ്പരന്നു'.
മലയാളം അറിയില്ലെങ്കിലും മലയാള ഡയലോഗ് പഠിച്ച് അവതരിപ്പിച്ചിട്ടുമുണ്ട്. പ്രോംപ്റ്റർ പോലുമില്ലാതെയാണ് ഞാൻ അന്ന് ഡയലോഗ് പറഞ്ഞത്, അതും ഒറ്റടേക്കിൽ ശരിയാവുകയും ചെയ്തു. 'ഞാൻ അറിയാൻ പാടില്ലാത്ത എന്താണമ്മേ ഈ ദേശരാജ്യത്തുള്ളത്', എന്ന ആദ്യ ഡയലോഗും പരിപാടിക്കിടെ കൗശിക്ക് ഓർത്തെടുത്തു.
പുരാണസീരിയലുകളിലെ ശിവൻ, മഹാവിഷ്ണു തുടങ്ങി നിരവധി ഇതിഹാസ വേഷങ്ങളും കൗശിക് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തിൽ നായകനായി ചലച്ചിത്രരംഗത്തും കൗശിക് തന്റെ വരവറിയിച്ചിട്ടുണ്ട്. തെലുങ്കിൽ ആദിശങ്കരനായും അഭിനയിച്ചിട്ടുണ്ട് കൗശിക്. ബികോം ബിരുദധാരിയായ കൗശിക് നൃത്തത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വിജയ്ബാബുവാണ് കൗശിക്കിന്റെ അച്ഛൻ. അമ്മ ശാരദ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയാണ്. സഹോദരിയും കലാരംഗത്ത് സജീവമാണ്.


Click it and Unblock the Notifications











