അയ്യപ്പനെ ഓർക്കുമ്പോൾ മനസിൽ തെളിയുന്ന രൂപം, കൗശിക്ക് ഇന്ന് നല്ലൊരു അച്ഛനും ഭർത്താവും, നടന്റെ വിശേഷങ്ങൾ!
നവാക്ഷരി മന്ത്രത്തിന്റെ ചൈതന്യം നിറഞ്ഞ് നിൽക്കുന്ന പുണ്യ ദിനങ്ങളാണ് ഓരോ മണ്ഡല കാലവും. നാൽപ്പത്തിയൊന്ന് ദിവസത്തെ വ്രതവും അതിനോട് അനുബന്ധിച്ച് നടത്തുന്ന ആചാര അനുഷ്ഠാനങ്ങളും മണ്ഡലകാലത്തിന്റെ മാത്രം പ്രത്യേകതയാണ്. കലിയുഗ രക്ഷകനായി അവതരിച്ച അയ്യപ്പ സ്വാമിയെ ഒരു നോക്ക് കാണാനായി ശരണ ഘോഷം മുഴങ്ങി ലക്ഷക്കണക്കിന് ആളുകളാണ് മണ്ഡല കാലത്ത് കഠിന വ്രതമെടുത്ത് ശബരി മല കയറുന്നത്.
മലയാളികൾക്ക് സ്വാമി അയ്യപ്പനെന്ന് ഉരുവിടുമ്പോൾ തന്നെ മനസിലേക്ക് തെളിയുന്ന രൂപം നടൻ കൗശിക് ബാബുവിന്റേതാണ്. കാരണം ഒരു കാലത്ത് മലയാളത്തിൽ സംപ്രേഷണം ചെയ്തിട്ടുള്ള ഭക്തി സീരിയലുകളിൽ സ്വാമി അയ്യപ്പനായി സ്ഥിരം അഭിനയിച്ചിരുന്നത് കൗശിക് ബാബുവാണ്. അയ്യപ്പനെ പ്രാർത്ഥിക്കുമ്പോൾ ഇന്നും മലയാളികളുടെ മനസിൽ തെളിയുന്ന രൂപം കൗശിക്കിന്റേതാണ്.

സ്വാമി അയ്യപ്പനിൽ അഭിനയിച്ചശേഷം അമ്മമാരും കുട്ടികളുമെല്ലാം കൗശിക്കിന്റെ ആരാധകരായി. പലരും അയ്യപ്പനായി കണ്ട് തന്നെ കൗശിക്കിനോട് സംസാരിക്കാൻ ചെല്ലുന്ന സാഹചര്യം വരെയുണ്ടായിട്ടുണ്ട്. അയ്യപ്പനായി അഭിനയിക്കാൻ ഇതിലും മനോഹരമായ, ചേർച്ചയുള്ള ഒരു മുഖം വേറെയില്ലെന്നാണ് സ്വാമി അയ്യപ്പൻ സീരിയലുകളുടെ ആരാധകർ പറയാറുള്ളത്.
സ്വാമി അയ്യപ്പൻ പരമ്പര ഏഷ്യാനെറ്റിൽ ഏറ്റവും റേറ്റിങിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയാണ്. ഈ പരമ്പര നാല് സീസണുകൾ സംപ്രേക്ഷണം ചെയ്തു. സ്വാമി അയ്യപ്പൻ, സ്വാമി അയ്യപ്പൻ ശരണം, ശബരിമല ശ്രീ ധർമ്മശാസ്താ, ശബരിമല സ്വാമി അയ്യപ്പൻ എന്നിങ്ങനെയായിരുന്നു അത്. യഥാർത്ഥ സംപ്രേക്ഷണം കഴിഞ്ഞ് പതിമൂന്ന് വർഷത്തിനുശേഷം പരമ്പരയുടെ നാലാമത്തെ സീസൺ 2019 ജനുവരി 14ന് സംപ്രേക്ഷണം ചെയ്തു.
പുതിയ അഭിനേതാക്കളും കൂടുതൽ ആധുനിക ഗ്രാഫിക്സും ഉപയോഗിച്ച് യഥാർത്ഥ ഷോയുടെ ആദ്യ സീസൺ റീബൂട്ട് ചെയ്തു. റീബൂട്ടിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം കൗശിക് ബാബു മലയാളം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുക കൂടിയായിരുന്നു. മലയാളത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും അഭിനയം, സംവിധാനം എന്നിവയുമായി കൗശിക്ക് ഇപ്പോഴും ലൈം ലൈറ്റിലുണ്ട്.
സിജിഐയിലും പരിജ്ഞാനമുള്ള കൗശിക്ക് സോഷ്യൽമീഡിയയിലും സജീവമാണ്. ഇപ്പോഴിതാ കൗശിക്ക് രണ്ട് വർഷം മുമ്പ് ഫ്ലവേഴ്സ് ചാനലിലെ ഒരു ഷോയിൽ അതിഥിയായി എത്തിയപ്പോൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
എല്ലാവരും തന്നെ അയ്യപ്പനായാണ് കാണുന്നതെന്നും എന്നാല്‍ അങ്ങനെ മാത്രമായി കാണുന്നതില്‍ ചെറിയ സങ്കടവും തോന്നിയിട്ടുണ്ടെന്നാണ് കൗശിക് പറഞ്ഞത്. എന്നെ എല്ലാവരും അയ്യപ്പനെ പോലെയാണ് കാണുന്നത്. ഇന്നും അങ്ങനെ തന്നെ. അതില്‍ സന്തോഷമേയുള്ളൂ.

എന്നാല്‍ അങ്ങനെ മാത്രമായി കാണുന്നതില്‍ ചെറിയ സങ്കടവും തോന്നിയിട്ടുണ്ട്. കാരണം ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് കൂടിയാണ്. മറ്റ് കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ കഴിയണം. മറ്റ് കഥാപാത്രങ്ങളിലൂടെയും എന്നെ അറിയപ്പെടണമെന്ന് ആഗ്രഹവുമുണ്ടെന്നുമാണ് കൗശിക് പറഞ്ഞത്. മലയാളം അറിയില്ലെങ്കിലും മലയാള ഡയലോഗ് പഠിച്ചാണ് കൗശിക് സീരിയലിൽ അവതരിപ്പിച്ചിരുന്നത്.
പ്രോംപ്റ്റര്‍ പോലുമില്ലാതെയാണ് താരം അന്ന് ഡയലോഗ് പറഞ്ഞത്. കുട്ടി കൗശിക് വളർന്ന് ഇന്നൊരു ഭർത്താവും അച്ഛനുമാണ്. 2019 ലായിരുന്നു കൗശിക്കും ഭവ്യയും തമ്മിലുള്ള വിവാഹം. ചെന്നൈ സ്വദേശിനിയാണ് ഭവ്യ. ഇരുവർക്കും ദ്യുതി എന്നൊരു മകൾ കൂടിയുണ്ട്. മകളുടേയും കുടുംബത്തിന്റേയും വിശേഷങ്ങളെല്ലാം കൗശിക് സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്.
2015ല്‍ പുറത്തിറങ്ങിയ വൈറ്റ് ബോയ്‌സ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരുന്നു കൗശിക്. പിന്നീട് ചില സിനിമകൽ നടൻ അഭിനയിച്ചിരുന്നുവെങ്കിലും ഒന്നും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അഭിനേതാവെന്നതിലുപരി നല്ലൊരു നർത്തകനുമാണ് കൗശിക്.


Click it and Unblock the Notifications











