വിവാഹത്തിന് തിരക്ക് കൂട്ടിയത് ഞാൻ; ഇപ്പോൾ എങ്ങനെയുണ്ട്, അനുഭവിക്കെന്ന് പ്രേം; സ്വാസിക
സിനിമാ രംഗത്ത് തിരക്കേറിക്കൊണ്ടിരിക്കെയാണ് സ്വാസിക വിവാഹ ജീവിതത്തിലേക്ക് കടന്നത്. സീരിയൽ നടൻ പ്രേം ജേക്കബിനെയാണ് സ്വാസിക വിവാഹം ചെയ്തത്. മനം പോലെ മാംഗല്യം എന്ന സീരിയലിനിടെയാണ് ഇരുവരും പ്രണയത്തിലായത്. സ്വാസിക പിന്നീട് സിനിമാ രംഗത്ത് ശ്രദ്ധ നേടി. പ്രേമിന് മറ്റ് ഭാഷകളിലെ സീരിയലുകളിലും തിരക്കായി. ഇവർ പ്രണയത്തിലായിരുന്നെന്ന് ആരാധകർ അറിയുന്നത് വിവാഹ വാർത്ത വന്നപ്പോഴാണ്.
സിനിമാ, സീരിയൽ രംഗത്തെ നിരവധി പേർ സ്വാസിക-പ്രേം ജേക്കബ് വിവാഹ വിരുന്നുകളിൽ പങ്കെടുത്തു. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. പെട്ടെന്ന് വിവാഹം ചെയ്തതിൽ പലരെയും ക്ഷണിക്കാൻ പറ്റിയില്ലെന്ന് സ്വാസിക പറയുന്നു.

കല്യാണം കഴിക്കണമെന്ന പ്ലാനിംഗ് ഉണ്ടായിരുന്നില്ല. രണ്ട് വീട്ടുകാരുടെ ഭാഗത്ത് നിന്നും നല്ല രീതിയിലുള്ള സപ്പോർട്ട് കിട്ടിയപ്പോൾ അവരുടെ മനസ് മാറും മുമ്പ് വേഗം തന്നെ കല്യാണം കഴിച്ചേക്കാം എന്ന് കരുതി. എന്റെ അച്ഛൻ ലീവിന് വന്ന സമയമായിരുന്നു. അച്ഛന് ലീവുള്ള ആ നാല് മാസത്തിനുള്ളിൽ വേഗം വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നെന്ന് സ്വാസിക വ്യക്തമാക്കി. സേവ് ദ ഡേറ്റോ എൻഗേജ്മെന്റോ ഉണ്ടായിരുന്നില്ല. കല്യാണത്തിന് ഡ്രസ് എടുക്കാനോ മറ്റോ ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് പോയിട്ടില്ല.
ഒരാൾ ചെന്നെെയിലും ഒരാൾ കേരളത്തിലുമായിരുന്നു. ജനുവരി 24 നായിരുന്നു കല്യാണം. വേറെ ഒന്ന് രണ്ട് ഫംങ്ഷനും ഉണ്ടായിരുന്നു. 26ാം തിയതി എല്ലാ ഫംങ്ഷനും കഴിഞ്ഞു. അത് കഴിഞ്ഞ് 28 ന് തന്നെ ഞാൻ ഷൂട്ടിന് പോയി. പിന്നെ 22 ദിവസം കഴിഞ്ഞാണ് കണ്ടത്. എന്തിനാണ് പെട്ടെന്ന് കല്യാണം, നമുക്ക് നോക്കാം, ഫെബ്രുവരിയാകുമ്പോൾ മതി, നിന്റെ വർക്കുകൾക്ക് പ്രശ്നമായാൽ എന്ത് ചെയ്യുമെന്ന് പ്രേം എന്നോട് ചോദിച്ചിരുന്നു.

ജനുവരി സൂപ്പറായിരിക്കും, ഒരു വർക്കും ഇല്ല, അച്ഛന് ഫെബ്രുവരിയിൽ തിരിച്ച് പോകണം എന്ന് ഞാൻ. പ്രേം പറഞ്ഞിട്ടും ഞാൻ കേട്ടില്ല. ജനുവരി തന്നെ തീരുമാനിച്ചു. ഇപ്പോൾ എന്തായി എന്ന് പ്രേം ചോദിക്കും. ഓടിപ്പിടിച്ച് കല്യാണം കഴിച്ച് കാണാനും ഇരിക്കാനും സമയമില്ല, അനുഭവിച്ചോ എന്ന് പ്രേം പറഞ്ഞെന്നും സ്വാസിക ചൂണ്ടിക്കാട്ടി. 22 ദിവസം കഴിഞ്ഞ് പിന്നീട് മൂന്ന് ദിവസമാണ് ഞങ്ങൾ കണ്ടത്. അത് കഴിഞ്ഞ് വീണ്ടും ഷൂട്ടിന് പോയി.
മൂന്ന് ദിവസമാണ് ഹണിമൂണിന് പോയത്. കല്യാണം കഴിഞ്ഞിട്ട് എങ്ങനെയുണ്ടെന്ന് എല്ലാവരും ചോദിക്കും. പക്ഷെ അങ്ങനെ പറയാറായിട്ടില്ലെന്നും സ്വാസിക വ്യക്തമാക്കി. പണ്ട് കള്ളം പറഞ്ഞ് മീറ്റ് ചെയ്യണമായിരുന്നു. ഇപ്പോൾ എനിക്ക് രണ്ട് ദിവസം ഷൂട്ട് ഇല്ലെങ്കിൽ ചെന്നെയിൽ പോകണമെന്ന് അമ്മയോട് പറഞ്ഞ് പോകാം. പക്ഷെ മുമ്പ് അമ്മയോട് എന്ത് കള്ളം പറയണമെന്ന് ആലോചിക്കും. നേരിൽ കാണാനാണ് ഇപ്പോൾ ലൈസൻസ് കിട്ടിയത്. അല്ലാതെ തങ്ങൾ ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലാണെന്നും സ്വാസിക വ്യക്തമാക്കി.


Click it and Unblock the Notifications