വിവാഹിതയാണെന്ന് അറിഞ്ഞപ്പോൾ ജോ മാമിന്റെ ചോദ്യം; ഇതുവരെ കുഴപ്പമില്ലെന്ന് ഞങ്ങൾ: സ്വാസിക
തമിഴകത്ത് നടി സ്വാസികയ്ക്ക് നാൾക്ക് നാൾ ജനപ്രീതി കൂടുകയാണ്. പുതിയ ചിത്രം മാമൻ മികച്ച കലക്ഷൻ നേടി മുന്നേറുന്നു. ലബ്ബർ പന്തിന്റെ വിജയത്തിന് ശേഷമാണ് മാമനിലൂടെ നടി തമിഴ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മലയാളത്തിൽ നല്ല അവസരങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി സ്വാസികയ്ക്കുണ്ട്. തമിഴകത്ത് നിന്നും മികച്ച റോളുകൾ സ്വാസികയെ തേടി വരുന്നതിൽ ആരാധകരും സന്തോഷത്തിലാണ്. അർഹമായ അവസരങ്ങൾ സ്വാസികയ്ക്ക് ഇപ്പോഴാണ് ലഭിക്കുന്നതെന്ന് ആരാധകർ പറയുന്നു.
സൂര്യയുടെ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലും സ്വാസിക ഒരു വേഷം ചെയ്യുന്നുണ്ട്. സൂര്യയോടും ജ്യോതികയോടും സംസാരിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സ്വാസികയിപ്പോൾ. ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ലബ്ബർ പന്തിലും മാമനിലും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് സൂര്യ 45 ൽ. എന്റെ ലുക്ക് സിനിമയിൽ വ്യത്യസ്തമാണ്. സൂര്യ സാറോട് സംസാരിച്ചപ്പോൾ ആദ്യം തന്നെ ലബ്ബർ പന്തിലെ പ്രകടനത്തിന് അഭിനന്ദിച്ചു. ഭയങ്കരമായ പെർഫോമൻസ് ചെയ്തു എന്നൊക്കെ സൂര്യ സർ പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. ജോ മാമും വന്നിരുന്നു. എല്ലാവരും ചേർന്ന് ഒരു ഗെറ്റ് ടുഗെദർ പോലെ അവർ പ്ലാൻ ചെയ്തിരുന്നു. അവിടെ വെച്ചാണ് ഞങ്ങൾ ഒരുപാട് സംസാരിച്ചത്.


ഞാനും ശിവദയും വിവാഹിതരാണ്, ശിവദയ്ക്ക് കുഞ്ഞുണ്ട് എന്നറിഞ്ഞപ്പോൾ ജോ മാമിന് കൗതുകമായി. എങ്ങനെ ഇതെല്ലാം മാനേജ് ചെയ്യുന്നു എന്ന് ചോദിച്ചു. എങ്ങനെയോ മാനേജ് ചെയ്യുന്നു മാം, ഇതുവരെ പ്രശ്നമില്ല, നിങ്ങളെ പോലെ അത്രയും തിരക്കില്ല എന്ന് ഞങ്ങൾ പറഞ്ഞു. കുടുംബത്തിലുള്ള ആൾ വിശേഷങ്ങൾ ചോദിക്കില്ലേ, ഫാമിലിയെക്കുറിച്ചും ഫുഡിനെക്കുറിച്ചും ഡയറ്റിനെക്കുറിച്ചുമെല്ലാം. അതാണ് ഞങ്ങൾ ലേഡീസ് ഗ്യാങ് പോലെ ഇരുന്ന് സംസാരിച്ചത്. സൂര്യ സർ സിനിമകളെക്കുറിച്ച് ഒരുപാട് സംസാരിച്ചെന്നും സ്വാസിക ഓർത്തു. ആർജെ ബാലാജിയാണ് സൂര്യ 45 സംവിധാനം ചെയ്യുന്നത്. തൃഷയാണ് നായിക.
വർഷങ്ങൾക്ക് മുമ്പ് തമിഴ് സിനിമകളിൽ അഭിനയിച്ചപ്പോഴുള്ള ഓർമകളും സ്വാസിക പങ്കുവെച്ചു. വെെഗേയി എന്ന സിനിമ ചെയ്യുമ്പോൾ തമിഴിലെ നായികയായതിൽ വലിയ സ്വപ്നങ്ങളായിരുന്നു. ആ സമയത്താണ് മെെന എന്ന സിനിമ റിലീസ് ചെയ്തത്. അമല പോൾ കേരളത്തിൽ നിന്നാണ്. അവരെ പോലെ അടുത്തത് വിജയ് ചിത്രം, സൂര്യ ചിത്രം എന്നിങ്ങനെ ഞാനും പോകുമെന്ന് ഞാൻ കരുതി. എന്നാൽ ആ സിനിമ വർക്കായില്ല. വെെകിയാണെങ്കിലും നല്ലത് വരും എന്ന് കരുതി കാത്തിരുന്നു. എന്നാൽ ആ സമയത്ത് വെറുതെ ഇരിക്കാൻ തോന്നിയില്ല. അങ്ങനെയാണ് സീരിയലുകളും ആങ്കറിംഗും ചെയ്യുന്നത്.

ലബ്ബർ പന്ത് ചെയ്യുമ്പോൾ എന്ത് ക്യാരക്ടറും സീനും തന്നാലും എനിക്ക് ചെയ്യാൻ പറ്റുമെന്ന വിശ്വാസമുണ്ടായിരുന്നു. വെറുതെ ഇരിക്കുന്നതിനേക്കാൾ എന്തെങ്കിലും ചെയ്യുന്നതാണ് നല്ലതെന്ന് തോന്നി. പ്ലസ് ടു വരെയും ഞാൻ ചെന്നെെയിലുണ്ടായിരുന്നു. അവസരങ്ങൾ വരുമോയെന്ന് നോക്കി. ഒരുപാട് ഓഡിഷനുകൾക്ക് പോയി. ചില ഓഫറുകൾ വെറുതെ കബളിപ്പിക്കാനായിരുന്നു. അവസരങ്ങൾ വരാതായതോടെ താനും അമ്മയും തിരിച്ച് പോകുകയായിരുന്നെന്നും സ്വാസിക പറയുന്നു.
ചെറിയ വേഷങ്ങൾ ചെയ്ത് സിനിമാ രംഗത്ത് പിടിച്ച് നിന്ന സ്വാസിക ഇന്ന് നായികയായും സഹനായികയായും തിളങ്ങുന്നു. പല സ്റ്റീരിയോടെെപ്പുകളും ഇല്ലാതാക്കാൻ സ്വാസികയ്ക്ക് കഴിഞ്ഞു. സീരിയലുകളിൽ അഭിനയിച്ചതിനാൽ സിനിമകളിൽ സ്വാസികയ്ക്ക് അവസരങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് സിനിമാ ലോകത്ത് അറിയപ്പെടുന്ന നടിയായി സ്വാസിക മാറി.


Click it and Unblock the Notifications











