എന്റെ അക്കൗണ്ടിൽ പണമുണ്ടായിട്ടും ഞാൻ ചെയ്യുന്നത്, എന്റെ കുടുംബ ജീവിതമിങ്ങനെയാണ്: സ്വാസിക
മലയാളത്തിലേക്കാളും തമിഴ് സിനിമാ രംഗത്താണ് നടി സ്വാസിക വിജയ് ഇന്ന് സജീവം. ശ്രദ്ധേയ വേഷങ്ങൾ തമിഴിൽ നിന്നാണ് സ്വാസികയ്ക്ക് ലഭിക്കുന്നത്. സീരിയൽ രംഗത്ത് അറിയപ്പെടുന്ന നടിക്ക് സിനിമാ രംഗത്ത് തിളങ്ങാൻ കഴിയുന്നത് ഇന്ന് അപൂർവമാണ്. എന്നാൽ സ്വാസികയ്ക്ക് അതിന് സാധിച്ചു. നടൻ പ്രേം ജേക്കബ് ആണ് സ്വാസികയുടെ ഭർത്താവ്. വിവാഹ ജീവിതത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ സ്വാസിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഞാൻ വീട്ടിലുണ്ടെങ്കിൽ ഞാൻ തന്നെ പാചകം ചെയ്ത് ആ പ്ലേറ്റ് കഴുകി വെച്ച് അതിന് ശേഷം ഭക്ഷണം കഴിക്കുന്നതെല്ലാം എനിക്കിഷ്ടമാണ്. ഞാൻ വലിയൊരു കാര്യം ചെയ്യുന്നത് പോലെയല്ല അത്. എനിക്കെന്തെങ്കിലും വേണമെങ്കിൽ ബാങ്കിൽ ബാലൻസ് ഉണ്ട്. എന്നാൽ എന്റെ ഫോൺ ബിൽ നിങ്ങൾ അടയ്ക്കണമെന്നും പണം വേണ്ടപ്പോൾ അയക്കണമെന്നും ഭർത്താവിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ അക്കൗണ്ടിൽ ഉണ്ട്. പക്ഷെ ഒരു ആയിരം രൂപ അയക്കുമോ എന്ന് ഞാൻ ചുമ്മാ ചോദിക്കും. ഇതൊരുപക്ഷെ എന്റെ ഫാന്റസിയായിരിക്കാം. എല്ലാവരും അവരുടെ ജീവിതത്തിൽ ഇത് കൊണ്ട് വരണമെന്ന് ഞാൻ പറയില്ല.

ഇപ്പോഴത്തെ ജെൻ സി പ്രയോഗങ്ങളൊന്നും എനിക്കറിയില്ല. ഞാൻ എന്റെ കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. എനിക്കതിഷ്ടമാണ്. എല്ലാം എനിക്കുണ്ട്. 9ാം ക്ലാസ് മുതൽ ഞാൻ സമ്പാദിക്കുന്നുണ്ട്. 31 വയസിലാണ് വിവാഹം ചെയ്തത്. എല്ലാം ഒറ്റയ്ക്ക് ചെയ്ത് എനിക്ക് ബോറടിച്ചു. ഇപ്പോൾ എവിടെ പോയാലും ഭർത്താവാണ് കാർഡ് സ്വെെപ് ചെയ്യുക. കണക്ക് നോക്കുന്നതൊക്കെ എനിക്ക് ബോറടിച്ചു. ഇപ്പോൾ ഞാൻ ഒന്നുമറിയാത്തത് പോലെയാണ്. ഊബർ ബുക്ക് ചെയ്യാൻ അറിയാം. എന്നാൽ ഞാൻ ചെയ്യില്ല. എനിക്ക് ഇങ്ങനെ ആശ്രയിക്കുന്നത് ഇഷ്ടമാണ്. ഞങ്ങൾ രണ്ട് പേരും ജോലി ചെയ്യുന്നു. വല്ലപ്പോഴുമാണ് കാണുന്നത്. എന്തെങ്കിലും ഒരു കണക്ഷൻ ഉണ്ടാകാൻ ഇതെല്ലാം ഒരോ ചെറിയ കാരണങ്ങളാണെന്നും സ്വാസിക പറയുന്നു.


Click it and Unblock the Notifications
