അനിയൻ മാസങ്ങളോളം മിണ്ടാതായി, പണം ചോദിച്ചപ്പോൾ, വിവാഹത്തോടെ ഞാൻ മാറിയെന്ന് കരുതി: സ്വാസിക
പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും ഇഷ്ടപ്പെടുന്ന ആളാണ് നടി സ്വാസിക. വിവാഹ ജീവിതത്തിലും ഇത്തരം വിശ്വാസങ്ങൾ പിന്തുടരാൻ സ്വാസിക ആഗ്രഹിക്കുന്നു. നടൻ പ്രേം ജേക്കബാണ് സ്വാസികയുടെ ഭർത്താവ്. 2024 ലായിരുന്നു വിവാഹം. കരിയറിൽ സ്വാസികയ്ക്ക് പൂർണ പിന്തുണ നൽകിക്കൊണ്ട് പ്രേം ജേക്കബ് ഒപ്പമുണ്ട്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് സ്വാസികയും പ്രേം ജേക്കബും. ഒരുമിച്ച് സീരിയൽ ചെയ്യവെയാണ് ഇരുവരും പ്രണയത്തിലായത്.
പുതിയ അഭിമുഖത്തിൽ സ്വാസിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്വാസിക അഭിനയിച്ച മാമൻ എന്ന തമിഴ് സിനിമയെക്കുറിച്ച് സംസാരിക്കവെ സ്വന്തം അനുജനെക്കുറിച്ചും നടി പരാമർശിച്ചു. സിനിമയിലേത് പോലെ ചേച്ചി അനിയൻ ബന്ധമല്ല ഞങ്ങളുടേത്. സിനിമയിൽ ഫോൺ വിളിച്ച് നീ ഭക്ഷണം കഴിച്ചെന്ന് പറഞ്ഞാലേ ഞാൻ കഴിക്കൂ എന്ന് പറയുന്ന സീനുണ്ട്. റിയൽ ലെെഫിൽ ഞങ്ങൾ അങ്ങനെയല്ല. ഈ സീൻ കഴിഞ്ഞ് ഇമോഷണലായി ഞാൻ അനിയനെ വിളിച്ച് കഴിച്ചോ എന്ന് ചോദിച്ചു. അറ്റാച്ച്മെന്റ് മനസിൽ ഉണ്ടെങ്കിലും കാണിക്കുന്നില്ലല്ലോ എന്ന് തോന്നി. എന്റെ വിവാഹ ശേഷം അനിയൻ പണ്ടത്തേക്കാളും ഫോണിൽ സംസാരിക്കാതായി.

ഒട്ടും മെസേജ് ചെയ്യുന്നില്ല. ഈ സീനൊക്കെ എടുക്കുമ്പോൾ ശരിയാണല്ലോ ഇവനും കുറേ ആയല്ലോ വിളിച്ച് സംസാരിച്ചിട്ട് എന്ന് തോന്നി. എന്താണ് പ്രശ്നം എന്ന് ഞാനവനോട് ചോദിച്ചു. ഞാൻ ഒരു ആവശ്യം വന്നപ്പോൾ 2000 രൂപ അയക്കാൻ പറഞ്ഞിരുന്നു, നീ മെെൻഡ് ചെയ്തില്ലെന്ന് അവൻ പറഞ്ഞു. പക്ഷെ സത്യത്തിൽ ഞാൻ ആ തിരക്കിൽ മെസേജ് കണ്ടില്ല. കല്യാണത്തിന് മുമ്പ് 2000 രൂപ അയക്ക് എന്ന് അധികാരത്തോടെ ചോദിക്കുമായിരുന്നു. ചില സമയത്ത് ആ അധികാരം നമുക്കില്ലെന്ന് സ്വന്തമായി വിചാരിക്കും. കല്യാണം കഴിഞ്ഞതിനാൽ ഇനി പെെസയ്ക്ക് ചോദിക്കുമ്പോൾ ഹസ്ബന്റിനോട് ചോദിക്കേണ്ടി വരുമെന്ന് പറഞ്ഞു.
ഇത് മനസിൽ വെച്ചാണ് നാലഞ്ച് മാസം മിണ്ടാതായത്. ഞാൻ കണ്ടില്ല, നിനക്ക് പെെസ അയക്കാൻ എനിക്കാരോടും ചോദിക്കേണ്ടെന്ന് ഞാൻ പറഞ്ഞു. ചില സമയത്ത് ആൾക്കാർ അവർ മാറിപ്പോയെന്ന് വിചാരിക്കുകയാണ്. പക്ഷെ അവർ മാറിയിട്ടുണ്ടാകില്ല. എന്റെ അമ്മ എന്നോടൊപ്പം എപ്പോഴും ട്രാവൽ ചെയ്യുന്നതാണ്. ഞാൻ എന്റെ അമ്മയോട് ഐ ലവ് യു എന്നൊന്നും പറഞ്ഞിട്ടില്ല. അതൊക്കെ തെറ്റായിരുന്നു. അമ്മയല്ലേ പറയേണ്ടെന്ന് നമ്മൾ കരുതും. ചില സമയത്ത് അവരും അത് ആഗ്രഹിക്കുന്നുണ്ടാകും. ഇപ്പോൾ ഒറ്റയ്ക്ക് പോകുമ്പോഴാണ് അമ്മയുടെ സ്നേഹം മനസിലാകുന്നത്. പ്രേം എനിക്കെപ്പോഴും അവെയ്ലബിൾ അല്ല. ഇപ്പോഴും അമ്മയോട് ഐ ലവ് യു എന്ന് പറയാൻ മടിയാണെന്നും സ്വാസിക പറഞ്ഞു. ഹാപ്പി ഫ്രെയിംസിൽ സംസാരിക്കുകയായിരുന്നു നടി.

മലയാളത്തേക്കാൾ തമിഴകത്താണ് സ്വാസിക ഇന്ന് കൂടുതൽ സജീവം. തമിഴകത്ത് സ്വാസികയ്ക്ക് നാൾക്ക് നാൾ ജനപ്രീതി കൂടുകയാണ്. മാമൻ മികച്ച കലക്ഷൻ നേടി. ലബ്ബർ പന്തിന്റെ വിജയത്തിന് ശേഷമാണ് മാമനിലൂടെ നടി തമിഴ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മലയാളത്തിൽ നല്ല അവസരങ്ങൾ ലഭിക്കുന്നില്ലെന്നാണ് സ്വാസിക പറയാറുണ്ട്. തമിഴകത്ത് നിന്നും മികച്ച റോളുകൾ സ്വാസികയെ തേടി വരുന്നതിൽ ആരാധകരും സന്തോഷത്തിലാണ്. സൂര്യയുടെ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലും സ്വാസിക അഭിനയിക്കുന്നുണ്ട്. സീരിയൽ രംഗത്ത് വലിയ ജനപ്രീതി നേടിയ ശേഷമാണ് സ്വാസിക സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. പല ഭാഷകളിലായി സ്വാസികയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











